ലോകകപ്പ് മൽസരം ആരംഭിച്ച് ദിവസങ്ങള്‍ക്കകം സോഷ്യൽ മീഡിയയില്‍ ജനപ്രിയനായി മാറി ഐസ്‌ലന്‍ഡ് മിഡ്ഫീല്‍ഡര്‍ റൂരിക് ഗിസ്ലാസണ്‍. ഡിഫൻസ് ഫുട്ബാളിന്റെ മാസ്‌മരികത നിറഞ്ഞ ഐസ്‌ലൻഡ് ടീമിന്റെ മുന്നില്‍ അര്‍ജന്റീന പകച്ച ആദ്യ മൽസരത്തില്‍ രണ്ടാം പാതിയില്‍ പകരക്കാരനായാണ് ഗിസ്ലാസണ്‍ എത്തിയത്. പിന്നിലേക്ക് കെട്ടിവച്ച നീണ്ട മുടിയുളള താരം അര്‍ജന്റീനയ്ക്കെതിരെ ഓരോ ഫ്രെയിമിലും നിറഞ്ഞ് കളിച്ച് ആരാധകഹൃദയങ്ങള്‍ കീഴടക്കി.

സാക്ഷാൽ ലയണൽ മെസിയുടെ പെനാൽറ്റി വരെ പാഴായിപ്പോയ മൽസരത്തിന് മുമ്പ് 30,000 ഫോളോവേഴ്സ് ആണ് ഗിസ്ലാസണിന് ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ശനിയാഴ്‌ചത്തെ മൽസരത്തിന് പിന്നാലെ 2,50,000 പേരാണ് അദ്ദേഹത്തെ ഫോളോ ചെയ്‌തത്. ചൊവ്വാഴ്‌ചയോടെ ഫോളോവേഴ്സ് 5 ലക്ഷം കവിഞ്ഞു. അതായത് ഐസ്‌ലന്‍ഡിന്റെ ആകെ ജനസംഖ്യയായ 3,30,000വും കടന്ന് താരത്തിന്റെ ജനപ്രീതി.

‘ഇത്രയും ക്യൂട്ട് ആയിരിക്കാന്‍ എങ്ങനെ കഴിയുന്നു’ എന്നാണ് ബ്രസീലിയന്‍ നടിയായ ഗബ്രിയേല ലോപസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ‘സെക്‌സി രൂറിക്’ എന്ന ഹാഷ്‌ടാഗ് ആണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡായി മാറിയിരിക്കുന്നത്. നോര്‍ഡിക് ദ്വീപിലേക്കുളള യാത്ര വാഗ്‌ദാനം ചെയ്‌ത് ഒരു അര്‍ജന്റീനിയന്‍ ടൂറിസം കമ്പനി പോസ്റ്റ് ചെയ്‌തതും ഇദ്ദേഹത്തിന്റെ ചിത്രമാണ്. ‘പെണ്‍കുട്ടികളെ, ആരാണിതെന്ന് നോക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ‌്‌തത്.

ശനിയാഴ്‌ചയാണ് ഐസ്‌ലന്‍ഡ് അര്‍ജന്റീനയോട് സമനില പിടിച്ചത്. 19-ാം മിനിറ്റിൽ സെർജിയോ അഗ്യൂറോയുടെ ഗോളിലൂടെ മുന്നിൽക്കയറിയ അർജന്റീനയെ ഞെട്ടിച്ച് നാലു മിനിറ്റിനുള്ളിൽ ഐസ്‍ലൻഡ് തിരിച്ചടിക്കുകയായിരുന്നു, ബോക്‌സിന്റെ ഇടതു ഭാഗത്തുനിന്ന് സിഗുഡ്സൻ പോസ്റ്റിന് സമാന്തരമായി നീട്ടിനിൽകിയ പാസിൽ 11-ാം നമ്പർ താരം ഫിൻബോഗൻസന്റെ പിഴക്കാത്ത ഫിനിഷിങ്. നേരത്തെ റോജോയിൽനിന്ന് ലഭിച്ച പാസിനെ കരുത്തുറ്റ ഷോട്ടിലൂടെ ഐസ്‍ലൻഡ് വലയിൽ നിറച്ചാണ് അഗ്യൂറോ തന്റെ ലോകകപ്പ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. ആദ്യ പകുതി പിന്നിടുമ്പോൾ സ്കോർ 1 -1.

രണ്ടാം പകുതിയുടെ 64-ാം മിനിറ്റിൽ അർജന്റീനയ്‌ക്ക് അനുകൂലമായി ലഭിച്ച പെനൽറ്റി സൂപ്പർതാരം ലയണൽ മെസി അവിശ്വസനീയമാം വിധം പാഴാക്കി. ബോക്‌സിനുള്ളിൽ മെസിയെ ഐസ്‍ലൻഡ് പ്രതിരോധം വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. മെസിയെടുത്ത പെനാൽറ്റി കിക്ക് ഐസ്‍ലൻഡ് ഗോൾകീപ്പർ ഹാൽഡേഴ്സൻ തടുത്തിട്ടു. ഒരു നിമിഷം നേരത്തേക്ക് സ്റ്റേഡിയം നിശബ്‌ദമായി, നിരാശയോടെ മടങ്ങുന്ന മെസി ആരാധകർക്ക് നൊമ്പരമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ