കപ്പിനും ചുണ്ടിനും ഇടയില്‍ ഒരു മത്സരം മാത്രം ബാക്കി നില്‍ക്കെയാണ് ക്രൊയേഷ്യയോട് തോറ്റ് ഇംഗ്ലണ്ട് ലോകകപ്പ് ഫുട്ബോളില്‍ നിന്നും പുറത്തേക്ക് പോകുന്നത്. ഫ്രീകിക്കിലൂടെ ട്രിപ്പിയറാണ് ഇംഗ്ലണ്ടിനെ ആദ്യം മുമ്പിലെത്തിച്ചത്. അനായാസേന വിജയം കാണുമെന്ന ശരീരഭാഷയോടെ ആദ്യ പകുതി കൈയ്യടക്കിയ ഇംഗ്ലീഷ് നിരയ്ക്ക് എന്നാല്‍ രണ്ടാം പകുതി ഒരു ദുഃസ്വപ്നമായിരുന്നു. നിരന്തര ആക്രമണവുമായി ഇംഗ്ലണ്ട് ഗോള്‍ മുഖത്ത് ക്രൊയേഷ്യയുടെ സുവര്‍ണ തലമുറ അപകടം വിതച്ചു. ഒടുവില്‍ 68-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിന്റെ മനോഹരമായ ഗോളിലൂടെ ക്രൊയേഷ്യ തിരിച്ചടിച്ചു.
ഇതോടെ ആത്മവിശ്വസം വര്‍ധിച്ച ക്രൊയേഷ്യ വീണ്ടും നിരന്തര ആക്രണം നടത്തി. എന്നാല്‍ കളി നിശ്ചിത സമയം പിന്നിട്ടപ്പോഴും ഗോള്‍ നില സമാസമമായതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു.
എകസ്ട്രാ ടൈമില്‍ 98-ാം മിനിറ്റില്‍ ലഭിച്ച കോർണർ ഗോളാക്കി മാറ്റാന്‍ ഇംഗ്ലണ്ട് ശ്രമിച്ചെങ്കിലും പെനാല്‍റ്റി ബോക്സിന് തൊട്ട് മുന്നില്‍ വച്ച് സാല്‍ക്കോ അതിസാഹസികമായൊരു സേവിലൂടെ ക്രൊയേഷ്യയെ രക്ഷിക്കുകയായിരുന്നു. എന്നാല്‍ എക്സ്ട്രാ ടൈമിന്‍റെ രണ്ടാം പകുതിയില്‍ ആ പിഴവ് മാന്‍സുകിച്ച് നികത്തി. പെരിസിച്ചിന്‍റെ ഹെഡ്ഡറിനെ ഇംഗ്ലണ്ടിന്‍റെ ഗോള്‍ വലയിലേക്ക് തിരിച്ചു വിട്ട് മാന്‍സുകിച്ച് ക്രൊയേഷ്യയെ മുന്നിലെത്തിക്കുകയായിരുന്നു. കളിയിലെ താരവും പെരിസിച്ചായിരുന്നു.
1. വലിയ വില കൊടുക്കേണ്ടി വന്ന ആദ്യപകുതിയിലെ പിഴവ്:
ആദ്യ പകുതിയില്‍ ക്രൊയോഷ്യയെ കാഴ്ചക്കാരാക്കി വിജയിക്കും എന്ന പോലെയായിരുന്നു ഇംഗ്ലണ്ട് മുന്നേറ്റങ്ങള്‍. ജെസി ലിംഗാര്‍ഡിന്റെ ചടുലനീക്കങ്ങള്‍ ക്രൊയേഷ്യന്‍ പ്രതിരോധത്തെ ഭയപ്പെടുത്തിയ നിമിഷങ്ങള്‍. റഹീം സ്റ്റെര്‍ലിങ് ഓരോ നൂല്‍പഴുതുകളിലൂടേയും കുതിക്കുന്ന കാഴ്ച. ട്രൈപ്പര്‍ ഗോളടിച്ച് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചതിന് പിന്നാലെ സൂപ്പർ താരം ഹാരി കെയ്ന്‍ ഗോളെന്നുറച്ച സുവർണാവസരം നഷ്ടമാക്കിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.
ലിങ്കാര്‍ഡ് നല്‍കിയ പന്ത് ബോക്സിനകത്ത് അടക്കം ചെയ്യാനാകാതെ ഹാരി കൈന്‍ പരാജയപ്പെടുകയായിരുന്നു. രണ്ട് തവണയാണ് മികച്ച ചാന്‍സുകള്‍ ഹാരി കെയ്ന്‍ നഷ്ടമാക്കിയത്. ഇതിന് പിന്നാലെ ലിങ്കാര്‍ഡും മറ്റൊരു അവസരം തുലച്ചു കളഞ്ഞു.
They can't believe Harry Kane missed.#ENGCRO pic.twitter.com/OUL0YaWWWx
— ESPN FC (@ESPNFC) July 11, 2018
ഡെലെ അല്ലിയുടെ മികവുറ്റ നീക്കം മൂന്ന് ക്രൊയേഷ്യന്‍ പ്രതിരോധക്കാരുടെ ശ്രദ്ധ പിടിച്ചു മാറ്റിയപ്പോഴാണ് വലതു ഭാഗത്ത് ലിങ്കാര്‍ഡ് ഒറ്റപ്പെട്ടത്. ഒറ്റ ഷോട്ടിന് ലിങ്കാര്‍ഡിന് അല്ലി പന്ത് കൈമാറിയെങ്കിലും പോസ്റ്റിന് പകരം പരസ്യ ബോർഡുകള്‍ക്ക് നേരെയായിരുന്നു ലിങ്കാര്‍ഡ് പന്ത് തൊടുത്തുവിട്ടത്. ഈ അവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ സെമി ഫൈനലിലെ അവസാന ചിരി ഇംഗ്ലീഷ് നിരയുടേത് ആകുമായിരുന്നു.
2. അയഞ്ഞു പോയ പ്രതിരോധം:
സ്റ്റോണ്‍സ്, വാക്കര്‍, ഹാരി മഗ്വൈര്‍ എന്നിവര്‍ കോട്ട കെട്ടിയ മികച്ച പ്രതിരോധമായിരുന്നു ഇംഗ്ലണ്ടിനെങ്കിലും ആക്രമത്തിലൂന്നി കളിച്ച ക്രൊയോഷ്യയെ മെരുക്കാന്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടു. ആദ്യ പകുതിയില്‍ ക്രൊയേഷ്യയെ വരിഞ്ഞുമുറുക്കിയ പ്രതിരോധനിര രണ്ടാം പകുതി ആയപ്പോഴേക്കും അയഞ്ഞു പോയി. ക്രൊയേഷ്യ ഒരു ഗോള്‍ തിരിച്ചടിച്ച് സ്കോര്‍ തുല്യമാക്കിയപ്പോള്‍ ഇംഗ്ലണ്ട് പ്രതിരോധം പരിഭ്രാന്തരായി. പന്തുകള്‍ ക്ലിയര്‍ ചെയ്യുക മാത്രമാണ് പിന്നീട് ഹാരി മാഗ്വൈര്‍ ചെയ്തത്. വാക്കറിന്റെ ബാക് പാസുകള്‍ക്ക് ബലം കുറഞ്ഞും പോയി. പിക്ക്ഫോര്‍ഡുമായുളള ആശയവിനിമയത്തില്‍ സ്റ്റോണ്‍സും പരാജയപ്പെട്ടു. എന്നാല്‍ അടിച്ച രണ്ട് ഗോളുകളുടെ മികവ് ക്രൊയേഷ്യയുടെ പോക്കറ്റില്‍ തന്നെയാണ്. അത്രയ്ക്ക് ചടുലമായിരുന്നു ക്രൊയേഷ്യന്‍ നീക്കങ്ങള്‍.
3. എക്സ്ട്രാ ടൈമിലെ വീഴ്ചകള്‍:
ലോകകപ്പിലെ മറ്റേതൊരു ടീമിനേക്കാളാും 90 മിനിറ്റ് കൂടുതല്‍ കളിച്ചവരാണ് ക്രൊയേഷ്യക്കാര്‍. അതായത് മറ്റേതൊരു ടീമിനേക്കാളും എക്സ്ട്രാ ടൈം അനുഭവപാഠം ലഭിച്ചത് ഇവര്‍ക്കാണ്. ഡെന്‍മാര്‍ക്കിനും റഷ്യയ്ക്കും ഇതിരെ 120 മിനിറ്റാണ് ക്രൊയേഷ്യ കളിച്ചിരുന്നത്. ഈ രണ്ട് മത്സരങ്ങളില്‍ അല്ലാതെ എക്സ്ട്രാ ടൈം വരെ ഒരു പകരക്കാരനെ ടീം കളിക്കിടെ ഇറക്കിയിട്ടില്ല. അതായത് തങ്ങളുടെ എതിരാളിയേക്കാളും നന്നായി എങ്ങനെ അവസാനനിമിഷം കളിക്കണമെന്ന പരിശീലനം ലഭിച്ചവരാണ് ക്രൊയോഷ്യന്‍ ടീം.
അവരത് നന്നായി ഉപയോഗിക്കുകയും ചെയ്തു. സ്ട്രിനിച്ചിന് പകരക്കാരനായി എത്തിയ പിവറിച്ച് ഇംഗ്ലീഷുകാരുടെ കൈയ്യില്‍ പന്തെത്തിക്കാതെ മികച്ച രീതിയില്‍ അവസാനനിമിഷം കളിച്ചു. ഇംഗ്ലണ്ടിനും മികച്ച രീതിയില്‍ 3 പകരക്കാരെ ഇറക്കി കളി കൈക്കലാക്കാനുളള സാധ്യത ഉണ്ടായിരുന്നു. എന്നാല്‍ ഒരു ഗോളിന് പിന്നോക്കം നിന്നപ്പോള്‍ മാത്രമാണ് ജാമി വാര്‍ദിയെ ഇറക്കി കളിപ്പിച്ചത്. എക്സ്ട്രാ ടൈമും കടന്ന് വിസില്‍ മുഴങ്ങുമ്പോഴും പന്ത് ക്രൊയേഷ്യയുടെ കൈകളില്‍. യുദ്ധം പോലെ നീണ്ട പോരാട്ടത്തിനൊടുവില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ചരിത്രത്തിലാധ്യമായി ക്രൊയേഷ്യ ലോകകപ്പ് ഫൈനലിലെത്തി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook