കൊല്‍ക്കത്ത: 2018 ലോകകപ്പില്‍ നിന്നും അര്‍ജന്റീന പുറത്തായതില്‍ മനംനൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്‌തു. പശ്ചിമ ബംഗാളിലെ മാള്‍ ഡ ജില്ലയില്‍ നിന്നുളള മോന്തോഷ് ഹാല്‍ദെര്‍ എന്ന 20കാരനാണ് ആത്മഹത്യ ചെയ്‌തത്. പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് 4-3 എന്ന സ്കോറിന് പുറത്തായതിന് പിന്നാലെയായിരുന്നു യുവാവ് തൂങ്ങി മരിച്ചതെന്ന് ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മെസിയുടെ കടുത്ത ആരാധകനായ ഹെല്‍ദര്‍ അര്‍ജന്റീനയുടെ തോല്‍വിക്ക് പിന്നാലെ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. രാത്രി അത്താഴം കഴിക്കാതെ മുറിയിലേക്ക് പോയ അദ്ദേഹം വാതില്‍ അകത്ത് നിന്നും കുറ്റിയിട്ടു. ഞായറാഴ്‌ച രാവിലെ വീട്ടുകാര്‍ തട്ടിവിളിച്ചിട്ടും അദ്ദേഹം എഴുന്നേറ്റില്ല. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി വാതില്‍ വെട്ടിപ്പൊളിച്ചപ്പോഴാണ് സീലിങ്ങില്‍ തൂങ്ങി മരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
‘എന്റെ മകന് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. അവനൊരു അര്‍ജന്റീന ആരാധകനായിരുന്നു. ലോകകപ്പ് തുടങ്ങിയത് മുതല്‍ ടിവിക്ക് മുമ്പില്‍ തന്നെയായിരുന്നു. ഫ്രാന്‍സിനോട് അര്‍ജന്റീന തോറ്റപ്പോള്‍ അവന്‍ ആകെ ദുഃഖിതനായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് ഞങ്ങള്‍ കരുതിയില്ല’, ഹാല്‍ദെറിന്റെ പിതാവ് പറഞ്ഞു. സംഭവത്തില്‍ മാല്‍ഡ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നേരത്തേ അര്‍ജന്റീന തോറ്റതില്‍ മനം നൊന്ത് പുഴയില്‍ ചാടി ഒരു മലയാളി യുവാവ് ആത്മഹത്യ ചെയ്‌തിരുന്നു. ക്രെയേഷ്യക്കെതിരായ മൽസരത്തിൽ അർജന്റീന പരാജയപ്പെട്ടതിൽ മനംനൊന്ത് മീനച്ചിലാറ്റിൽ ചാടിയ ദിനു അലക്‌സ് ആയിരുന്നു മരിച്ചത്.
ക്രെയേഷ്യക്കെതിരായ മൽസരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന പരാജയപ്പെട്ടത്. രാത്രി വൈകുന്നത് വരെ കളി കണ്ടിരുന്ന ബിനു, പിന്നീട് ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം വീടിന് സമീപത്തെ ആറ്റുവക്കിലേക്ക് പോയെന്നാണ് നിഗമനം. ബിനുവിനെ കാണാതായതിനെ തുടർന്ന് വീട്ടിലെത്തിയ പൊലീസ് നായ മണം പിടിച്ച് ആറ്റുവക്കിലേക്ക് പോയിരുന്നു. നീന്തലറിയാത്ത ബിനു ആറ്റിൽ ചാടി ആത്മഹത്യ ചെയ്‌തിരിക്കാമെന്ന നിഗമനം ഇതേ തുടർന്നാണ് ഉയർന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് മീനച്ചിലാറ്റില്‍ നിന്നും ദിനുവിന്റെ മൃതദേഹം കണ്ടെത്തിയത്.
“എനിക്ക് ഇനി ലോകത്തിൽ കാണാൻ ഒന്നുമില്ല, മരണത്തിന്റെ ആഴങ്ങളിലേക്ക് പോകുന്നു. എന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ല,” എന്നാണ് ദിനു ആത്മഹത്യകുറിപ്പിൽ എഴുതിയിരുന്നത്.