മോസ്‌കോ: ഒരു മാസം മുമ്പ് ലുഷ്നിക്കിയില്‍ തട്ടിത്തുടങ്ങിയ പന്ത് ലുഷ്നിക്കിയില്‍ തന്നെ വന്നു നില്‍ക്കുന്നു. ഫുട്ബോളിലെ ലോകരാജാവ് ആരാണെന്ന് ഇന്നറിയാം. റഷ്യയുടെ ചുവന്ന മണ്ണില്‍ ഫ്രഞ്ചു വിപ്ലവമോ ക്രൊയേഷ്യന്‍ പടയോട്ടമോ. ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രാത്രി 8:30-നാണ് ഫ്രാന്‍സും ക്രൊയേഷ്യയും തമ്മിലുള്ള 2018 ഫുട്‌ബോള്‍ ലോകകപ്പിന്റെ കലാശപ്പോരാട്ടം.
1998ല്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് രണ്ടാം കിരീടം ലക്ഷ്യം വയ്‌ക്കുമ്പോള്‍ അതേ ലോകകപ്പില്‍ മൂന്നാം സ്‌ഥാനം നേടിയ ക്രൊയേഷ്യ ലക്ഷ്യം വയ്‌ക്കുന്നത് കന്നി ലോകകപ്പാണ്. ഇരുടീമും തോല്‍വി അറിയാതെയാണ് കലാശപ്പോരിന് എത്തിയിരിക്കുന്നത്.
ഫ്രാന്‍സ് സെമിയില്‍ ബെല്‍ജിയത്തെ ഏകപക്ഷീയമായ ഒരുഗോളിന് വീഴ്‌ത്തിയാണ് കലാശപ്പോരിന് യോഗ്യത നേടിയത്. ക്രൊയേഷ്യ എക്‌സ്ട്രാടൈംവരെ നീണ്ട സെമിയില്‍ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ഫൈനലിലെത്തിയത്.
ഫുട്ബോള്‍ വിദഗ്ധരുടെ പ്രവചനങ്ങളധികവും സിദാന്റെ പിന്മുറക്കാര്‍ക്കൊപ്പമാണ്. പക്ഷെ, കടലാസിലെയും കണക്കിലെയും കരുത്തിലല്ല കാര്യമെന്ന് തെളിയിച്ചവരാണ് ക്രൊയേഷ്യ. ഈ ലോകകപ്പില്‍ കളിച്ച് തന്നെ ഫൈനലിലെത്തിയവരാണ് ക്രൊയേഷ്യ. കാലുകൊണ്ട് മാത്രമല്ല, ഹൃദയം കൊണ്ടും പന്തുതട്ടിയവര്‍. ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചവര്‍.
അവസാന അങ്കത്തിനൊടുവില്‍ ലുഷ്നിക്കിയുടെ പച്ചപ്പുല്ലില്‍ ഈ രണ്ട് കളി സംഘങ്ങളുടെയും കണ്ണീര്‍ വീഴും. ജേതാക്കളുടെ സന്തോഷ കണ്ണീര്‍. പരാജിതരുടെ ചുടുകണ്ണീര്‍. ആ നിമിഷത്തിലേക്ക് ഒരു പകല്‍ ദൂരം മാത്രം. ഒരു പകല്‍ദൂരത്തിന് അപ്പുറം ലോകഫുട്‌ബോളിന് പുതിയ ചക്രവര്‍ത്തി. മധുരമനോഹര റഷ്യയുടെ തലസ്‌ഥാനമായ മോസ്‌കോയിലെ ലുസ്‌നിക്കി സ്‌റ്റേഡിയത്തില്‍ ഇന്നു രാത്രി റഫറിയുടെ ലോംഗ് വിസില്‍ മുഴങ്ങുമ്പോള്‍ പട്ടാഭിഷേകം നടക്കും.