മോസ്കോ: റഷ്യയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിനിടെ മത്സരങ്ങൾ പ്രക്ഷേപണം ചെയ്യുന്ന ചാനലുകൾക്ക് ഫിഫയുടെ കർശന താക്കീത്. ക്യാമറാമാന്മാരോട് കാണികൾക്കിടയിൽ നിന്നും സ്ത്രീകളെ തിരഞ്ഞുപിടിച്ച് സൂം ചെയ്യുന്നത് കുറയ്ക്കണമെന്നാണ് ഫിഫയുടെ നിർദ്ദേശം. ലോകകപ്പിനിടയിൽ ലൈംഗിക അതിക്രമങ്ങൾ പരമാവധി കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് നടപടി.

റഷ്യൻ ലോകകപ്പിൽ ലൈംഗിക അതിക്രമങ്ങളാണ് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ചതെന്നാണ് ഫിഫയുടെ വിവേചന വിരുദ്ധ സമിതിയുടെ വിലയിരുത്തൽ. ഇതുവരെ ഇത്തരത്തിൽ 30 ഓളം കേസുകളാണ് ഫിഫ സമിതി റജിസ്റ്റർ ചെയ്തിരിക്കുന്നത്.

ലോകകപ്പിന് മുൻപ് സ്വവർഗാനുരാഗവും വംശീയതയും കൂടുതൽ തലവേദന സൃഷ്ടിക്കുമെന്നാണ് ഫിഫ കരുതിയത്. എന്നാൽ റഷ്യയിൽ ചിത്രം മറ്റൊന്നായിരുന്നു. റഷ്യയിൽ പൊതുനിരത്തിൽ പോലും റഷ്യക്കാരായ സ്ത്രീകളെ കണി കാണാനെത്തിയ വിദേശികൾ വഴിയിൽ തടഞ്ഞുനിർത്തി ശാരീരികമായി ആക്രമിക്കുക കൂടി ചെയ്തതായാണ് ഫിഫ കണ്ടെത്തിയിരിക്കുന്നത്.

റജിസ്റ്റർ ചെയ്ത കേസുകളേക്കാൾ പത്ത് മടങ്ങ് അധികമാണ് റഷ്യയിൽ ലോകകപ്പിന്റെ മറവിൽ നടന്ന ലൈംഗിക അതിക്രമങ്ങളെന്നാണ് ഫിഫയുടെ വിലയിരുത്തൽ. വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ വനിത റിപ്പോർട്ടർമാരെ ശാരീരികമായി ശല്യം ചെയ്യുകയും ഉമ്മ വയ്ക്കുകയും ചെയ്ത നിരവധി കേസുകളുണ്ടെന്നും ഫിഫ സമിതി കണ്ടെത്തിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ടാണ് റഷ്യയിൽ നിന്നും മത്സരം പ്രദർശിപ്പിക്കുന്ന ചാനലുകൾക്കും ഫിഫ നിർദ്ദേശം നൽകിയത്. സത്രീകളെ തിരഞ്ഞ് പിടിച്ച്, അവരെ സൂം ചെയ്ത് മത്സരത്തിനിടെ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ  റഷ്യൻ പൊലീസുമായും പ്രാദേശിക ഏജൻസികളുമായും സഹകരിച്ച് കുറ്റക്കാരെ കണ്ടെത്താൻ ഫിഫ ശ്രമിച്ചു. ഇവരിൽ പലർക്കും ലോകകപ്പിനെത്തുന്ന കാണികൾ കരുതേണ്ട ഫാൻ ഐഡികൾ ഇല്ലായിരുന്നു. ഇവരെയെല്ലാം സ്വന്തം നാട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു.

ഫിഫ ലോകകപ്പിനിടെ ഗെറ്റി ഇമേജസ് തങ്ങളുടെ വെബ്സൈറ്റിൽ കാണികൾക്കിടയിൽ നിന്ന് പകർത്തിയ സ്ത്രീകളുടെ ചിത്രങ്ങൾ മാത്രം ഉൾപ്പെടുത്തിയ ചിത്രശേഖരം പ്രസിദ്ധീകരിച്ചിരുന്നു. ഫിഫയുടെ നിർദ്ദേശത്തെ തുടർന്ന് ഇത് പിന്നീട് പിൻവലിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Fifa news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ