FIFA World Cup 2018: ഫിഫ ലോകകപ്പില്‍ തിങ്കളാഴ്‌ച ഇറാനെതിരെ നടന്ന മൽസരം സമനിലയിലായെങ്കിലും പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നുകൂടിയിട്ടുണ്ട്. കളിയുടെ 82-ാം മിനിറ്റില്‍ ഇറാന്‍ താരത്തെ റൊണാള്‍ഡോ ഫൗള്‍ ചെയ്‌തതാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. വിഎആര്‍ സിസ്റ്റത്തിന്റെ സഹായത്തോടെയായിരുന്നു റൊണാള്‍ഡോ ഫൗള്‍ ചെയ്‌തതായി റഫറി വിധിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന് മഞ്ഞ കാര്‍ഡാണ് റഫറി നല്‍കിയത്. മോര്‍ട്ടേസ പൗരാലിഗഞ്ചിനെ കൈമുട്ട് കൊണ്ടാണ് റൊണാള്‍ഡോ ഇടിച്ചത്. ബി ഗ്രൂപ്പില്‍ ജീവന്മരണ പോരാട്ടമായിരുന്നു ഇറാന് പോര്‍ച്ചുഗലിനെതിരെ. എന്നാല്‍ സമിനിലയില്‍ അവസാനിച്ചതോടെ ടീം പുറത്തായി. റൊണാള്‍ഡോയ്‌ക്ക് ചുവപ്പ് കാര്‍ഡ് കൊടുക്കാതിരുന്ന റഫറിയുടെ തീരുമാനത്തെ പരിശീലകനായ കാര്‍ലോസ് ക്വൈറോസ് വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്‌തു.

‘മൽസരശേഷം ഒരു വിജയി മാത്രമേ ഉണ്ടാവുകയുളളൂ, അത് ഇറാന്‍ ആവുമായിരുന്നു. ഞങ്ങള്‍ വിജയിക്കാന്‍ അര്‍ഹതയുളളവരായിരുന്നു. ഞാനൊരു പരാജിതനാണ്. ടീമിന്റെ പ്രകടനത്തില്‍ അഭിമാനം ഉണ്ടെങ്കിലും ഞാന്‍ നിരാശനാണ്’ കാര്‍ലോസ് പറഞ്ഞു. റൊണാള്‍ഡോയ്‌ക്ക് പ്രത്യേക പരിഗണനയാണ് റഫറി കൊടുത്തതെന്നും അദ്ദേഹം സൂചിപ്പിച്ചു. ‘കൈമുട്ട് കൊണ്ട് കളിച്ചാല്‍ അത് ചുവപ്പ് കാര്‍ഡിന് അര്‍ഹമാണ്. മെസിക്കോ റൊണാള്‍ഡോയ്ക്കോ പ്രത്യേക നിയമം ഒന്നുമില്ല. അത് ചുവപ്പ് കാര്‍ഡ് തന്നെയാണ്. തീരുമാനങ്ങള്‍ എന്നും വ്യക്തമുളളതായിരിക്കണം’, കാര്‍ലോസ് കൂട്ടിച്ചേര്‍ത്തു.

‘നിങ്ങള്‍ കാണുന്നത് പോലെ ഞാന്‍ നല്ല മൂഡിലല്ല. പോര്‍ച്ചുഗലിനെതിരെ ഞങ്ങള്‍ക്ക് ഒരു പെനാല്‍റ്റി കൂടി ലഭിക്കുമായിരുന്നു. മുകളിലിരുന്ന അഞ്ച് പേരും കൈമുട്ട് കൊണ്ടുളള അക്രമം കണ്ടില്ലെന്നാണോ പറയുന്നത്’, അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ മൽസരത്തില്‍ നിന്ന് കാര്യമായ മാറ്റമൊന്നും ഇല്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. പോര്‍ച്ചുഗലുകാരനായ മാനേജര്‍ കാര്‍ലോസ് ക്വീയ്റോസ് പരിശീലിപ്പിക്കുന്ന ഇറാനെതിരായ മൽസരം തുടക്കം മുതല്‍ പറങ്കികള്‍ക്ക് അനുകൂലമായിരുന്നു. പോര്‍ച്ചുഗീസ് മുന്നേറ്റത്തിന് മുന്നില്‍ ഏഷ്യന്‍ രാജ്യത്തിന്റെ പ്രതിരോധം പതറുന്നുണ്ടായിരുന്നു. കഴിഞ്ഞ മൽസരങ്ങളിൽ നിന്നും വ്യത്യസ്‌തമായി മുന്നേറ്റത്തിനൊപ്പം പന്തിന്മേലുള്ള പൊസഷനിലും മുന്നിട്ടുനിന്ന പോര്‍ച്ചുഗല്‍ ഇറാനെ നല്ലപോലെ സമ്മര്‍ദത്തിലാഴ്ത്തി.

ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ പോര്‍ച്ചുഗലിനുവേണ്ടി റിക്കാര്‍ഡോ ക്വരെസ്‌മ ആദ്യ ഗോള്‍ നേടി. ഇടത് വിങ്ങില്‍ നിന്ന് ശരവേഗത്തില്‍ മുന്നേറിയ ബെസിക്റ്റാസിന്റെ താരം ഗോള്‍കീപ്പര്‍ ബീരന്‍വന്ദിന് യാതൊരു അവസരവും നല്‍കാതെ പന്ത് ഇടത് കോര്‍ണറിലേക്ക് പായിക്കുകയായിരുന്നു.

ക്വരെസ്‌മയുടെ ഗോളില്‍ ആദ്യ പകുതി മുന്നിട്ട് നിന്ന പറങ്കികള്‍ രണ്ടാം പകുതിയിലും തുടക്കം മുതല്‍ തങ്ങളുടെ ആധിപത്യം പുറത്തെടുത്തു. 50-ാം മിനിറ്റിൽ ഇറാന്‍ ബോക്‌സിനുള്ളില്‍ വച്ച് പോര്‍ച്ചുഗീസ് നായകന്‍ ഫൗള്‍ ചെയ്യപ്പെടുന്നു. വീഡിയോ റഫറിങ്ങിന് ശേഷം പെനാല്‍റ്റി കിക്ക്. റൊണാള്‍ഡോ എടുത്ത പെനാല്‍റ്റി കിക്ക് ഇറാന്‍ ഗോളി അതുഗ്രമായി സേവ് ചെയ്യുന്നു.

രണ്ടാം പകുതിയില്‍ പറങ്കികളുടെ പടയോട്ടത്തെ ഒരു പരിധിവരെ തടുക്കാന്‍ ഏഷ്യന്‍ കരുത്തര്‍ക്ക് സാധിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ എടുത്ത ഷോട്ടുകള്‍ എല്ലാം ഇറാന്റെ പ്രതിരോധറ്റത്തിലോ ഗോള്‍കീപ്പര്‍ ബീരന്‍വന്ദിന്റെ കൈയ്യിലോ ഒതുങ്ങുകയായിരുന്നു. 90 മിനിറ്റ് കഴിഞ്ഞ് മൂന്ന് മിനിറ്റ് അധികസമയം പിന്നിട്ടപ്പോള്‍ നാടകീയമായ വീഡിയോ വിവ്യൂവില്‍ ഇറാന് പെനാല്‍റ്റി കിക്ക്. കരീം എടുത്ത കിക്ക് പോര്‍ച്ചുഗീസ് ഗോളിയെ ഭേദിച്ച് പോസ്റ്റിലേക്ക്.

രണ്ടാം ഗോള്‍ കണ്ടെത്തി പോര്‍ച്ചുഗലിനെ മറികടന്ന് പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം കണ്ടെത്തുക എന്നായിരുന്നു പിന്നീടുള്ള ഇറാന്റെ ശ്രമം. ഇറാന്റെ മറ്റൊരു ശ്രമം പോര്‍ച്ചുഗലിന്റെ സൈഡ്നെറ്റ് വരെയെത്തി. ഒടുവില്‍ സമനിലയുമായി പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലേക്ക്.

നാല് പോയിന്റ് നേടിയ പോര്‍ച്ചുഗലിന് തൊട്ടുപിന്നിലായി മൂന്ന് പോയിന്‍റോടെ ഇറാന്റെ റഷ്യന്‍ സ്വപ്‌നങ്ങള്‍ അവസാനിച്ചു. സ്‌പെയിനും പോര്‍ച്ചുഗലും ഒരേ പോയിന്റ് ആണ് നേടിയതെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ സ്‌പെയിന്‍ ഗ്രൂപ്പ് ചാംമ്പ്യന്മാരാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook