സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ലോകമെങ്ങും തിരുപ്പിറവിയുടെ നന്മ മനസില്‍ നിറച്ച് ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. വിശ്വാസ ദീപ്തിയില്‍ വിണ്ണിലും മണ്ണിലും നക്ഷത്രവെളിച്ചം നിറച്ച് വിശ്വാസികള്‍ പുണ്യരാവിനെ എതിരേറ്റു. തിരുപ്പിറവി ശുശ്രൂഷകള്‍ക്കായി ആയിരക്കണക്കിന് വിശ്വാസികള്‍ ദേവാലയങ്ങളില്‍ ഒത്തുചേര്‍ന്നു.
ജീവിതത്തിലെ ചെറിയ പിഴവുകളിൽ പോലും മനസ്സിന്റെ സത്യസന്ധത കാത്തുസൂക്ഷിക്കാൻ ശ്രമിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. പള്ളികളിലെ ക്രിസ്മസ് ശുശ്രൂഷകളും പ്രാര്‍ത്ഥനകളും പുലർച്ചെ വരെ നീണ്ടു. വിവിധ ക്രൈസ്തവ സഭാ തലവന്‍മാര്‍ വിശ്വാസികള്‍ക്ക് ക്രിസ്‌മസ് സന്ദേശം നല്‍കി.
മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്‍റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്മസ് ഏവര്‍ക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്. പാശ്ചാത്യ ക്രൈസ്തവ സഭയുടെ ആരാധനക്രമ വർഷം അനുസരിച്ച് ആഗമനകാലം കഴിഞ്ഞാൽ തുടർന്ന് വരുന്ന കാലമാണ് ക്രിസ്മസ് കാലം. യേശുവിന്റെ ജനനത്തിന് മുൻപുള്ള ദിവസം വൈകുന്നേരം ചൊല്ലുന്ന സായാഹ്നപ്രാർത്ഥനയോട് കൂടിയാണ് ക്രിസ്മസ് കാലം ആരംഭിക്കുന്നത്.
ഉണ്ണിയേശു പിറന്ന ബെത്‌ലഹേമിൽ വിദേശികളുള്‍പ്പെടെ നിരവധി പേര്‍ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ക്കായി ഒത്തുകൂടിയ പതിനായിരങ്ങളെ മാർപാപ്പ അഭിവാദ്യം ചെയ്തു. ഏതു കാലത്തേക്കാളും അധികം സമാധാനവും സ്‌നേഹവും ലോകം ആവശ്യപ്പെടുന്ന സമയമാണിതെന്ന് ബ്രിട്ടനിലെ ക്വീൻ എലിസബത്ത് ക്രിസ്‌മസ് സന്ദേശത്തിൽ പറഞ്ഞു