FIFA World Cup 2018: മോസ്കോ: ഫുട്ബോള്‍ മൈതാനത്ത് താരങ്ങള്‍ തങ്ങളുടെ എതിര് ടീമിലുള്ളവരോടുള്ള ബഹുമാനം കാണിക്കാന്‍ പതിവായി ചെയ്യുന്ന രീതിയാണ് ജഴ്സി കൈമാറുക എന്നത്. ഫുട്ബോളിലെ സ്പോര്‍ട്സ്മാന്‍ഷിപ്പിനും പരസ്പര ബഹുമാനത്തിനും ഇതിനേക്കാള്‍ വലിയ ഉദാഹരണമില്ല. അത്തരത്തിലൊരു കാഴ്ച്ച റഷ്യന്‍ ലോകകപ്പിന്റെ രണ്ടാം ദിവസമുണ്ടായി.
ഈജിപ്തും ഉറുഗ്വായും തമ്മിലുള്ള മത്സരത്തിന് ശേഷം ഈജിപ്തിന്റെ സൂപ്പര്‍താരം മുഹമ്മദ് സലാഹിന്റെ ജഴ്സി ചോദിച്ച് വാങ്ങിയത് ഉറുഗ്വായ് താരം കവാനിയായിരുന്നു. പരിക്കില്‍ നിന്നും മോചിതനാകാത്തതിനാല്‍ സലാഹ് കളിച്ചിരുന്നില്ല. അതിനാല്‍ മത്സരശേഷം സലാഹിന് അരികിലെത്തിയാണ് കവാനി അദ്ദേഹത്തിന്റെ ജേഴ്സി ചോദിച്ച് വാങ്ങിയത്.
ഫുട്ബോള്‍ ലോകത്തിന്റെ കയ്യടി നേടിയ സംഭവത്തിന്റെ കാരണം വെളിപ്പെടുത്തി ഉറുഗ്വേ സ്ട്രൈക്കര്‍ കവാനി രംഗത്തെത്തിയിരിക്കുകയാണ്. ജേഴ്സി വാങ്ങിയത് തന്റെ മക്കള്‍ക്ക് വേണ്ടിയാണെന്ന് കവാനി പറയുന്നു. തന്റെ മക്കള്‍ക്ക് സലാഹിനെ അത്രയ്ക്ക് ഇഷ്ടമാണെന്നും സലാഹിനെ വലിയ ആരാധനയോടെയാണ് തന്റെ മക്കള്‍ നോക്കി കാണുന്നതെന്നും പിഎസ്ജിയുടെ ഗോള്വേട്ടക്കാരന് കവാനി പറഞ്ഞു.
28 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പില്‍ മടങ്ങിയെത്തിയ ഈജിപ്തിനെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഉറുഗ്വായ് തോല്‍പ്പിച്ചത്. സലാഹില്ലാതെ ഇറങ്ങിയിട്ടും ഈജിപ്ത് പുറത്തെടുത്ത പ്രകടനം കളിയാരാധകരുടെ മനസ് നിറച്ചു. ഈജിപ്തിന്റെ പ്രതിരോധത്തെ മറികടക്കാന്‍ സുവാരസിനും കവാനിയ്ക്ക് പലപ്പോഴും സാധിച്ചില്ല. അവസാന നിമിഷമായിരുന്നു അവര്‍ ലക്ഷ്യം കണ്ടത്.
അതേസമയം, പരുക്കില്‍ നിന്നും സലാഹ് പൂര്‍ണ്ണമായും മുക്തനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. താരം അടുത്ത കളിയ്ക്ക് ഇറങ്ങുമോ ഇല്ലയോ എന്ന ആശങ്കയിലാണ് ആരാധകര്‍. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിനാല്‍ ഫറവോമാര്‍ക്ക് രണ്ടാമത്തെ മത്സരം ജയിക്കുക വളരെ അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ സലാഹ് ഇറങ്ങുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.