രണ്ട് ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്യുക മാത്രമല്ല, ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു ലൂക്കാ മോഡ്രിച്ചെന്ന 32കാരന്‍. റഷ്യന്‍ ലോകകപ്പ് മടങ്ങുമ്പോള്‍ ആരാധകരുടെ മനസ് നിറയെ മോഡ്രിച്ചെന്ന കോലന്‍ മുടിക്കാരനാകുമെന്ന് നിസ്സംശയം പറയം. ഹൃദയം ജയിച്ചു തന്നെയാണ് ക്രൊയേഷ്യ മടങ്ങുന്നത്.
ലോകഫുട്ബോള്‍ ആരാധകരുടെ ഹൃദയം കീഴടക്കിയ മോഡ്രിച്ച് മത്സര ശേഷം പറഞ്ഞത് ലോകം കീഴടക്കിയാണ് ഞങ്ങള്‍ മടങ്ങുന്നത് എന്നാണ്. ഫ്രാന്‍സിന് അഭിനന്ദനങ്ങള്‍ അറിയിക്കാനും അദ്ദേഹം മറന്നില്ല. ‘ലോകം കീഴടക്കിയാണ് ഞങ്ങള്‍ മടങ്ങുന്നത്. ഇത് വരാനുള്ള തലമുറയ്ക്ക് പ്രചോദനമാകും. ഫ്രാന്‍സിന് അഭിനന്ദനങ്ങള്‍’ ഒരു രാജ്യത്തിന്റെ മൊത്തം പ്രതീക്ഷയും ചുമലിലേറ്റി മൈതാനത്ത് ഫുട്ബോള്‍ കൊണ്ട് കവിത വിരിയിച്ച ലൂക്ക മത്സര ശേഷം പറഞ്ഞു.
അവസാന നിമിഷം വരെ തങ്ങള്‍ പൊരുതിയെന്നും ടീമില്‍ തനിക്ക് അഭിമാനമുണ്ടെന്നും പറഞ്ഞ മോഡ്രിച്ച് ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ഈ നേട്ടം തങ്ങള്‍ ആഘോഷിക്കുക തന്നെ ചെയ്യുമെന്നും പറഞ്ഞു. അതേസമയം ഫ്രാന്‍സ് വിജയം അർഹിച്ചിരുന്നുവെന്നും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കപ്പിനും ചുണ്ടിനുമിടയില്‍ വിജയം തട്ടിയുടഞ്ഞപ്പോള്‍ ലൂക്ക മോഡ്രിച്ച് തലയ്ക്ക് കൈകൊടുത്തിരുന്നു പോയെങ്കിലും സമനില വീണ്ടെടുത്ത് ഫ്രഞ്ച് താരങ്ങളെ അഭിനന്ദിക്കാനെത്തുകയായിരുന്നു. അവര്‍ മോഡ്രിച്ചിനെ ആശ്വസിപ്പിക്കുകയും ചെയ്തു. ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ നേടിയത് മോഡ്രിച്ചായിരുന്നു.
രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫൈനലില്‍ ഫ്രാന്‍സ് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്. തങ്ങളുടെ ആദ്യ ലോകകപ്പ് ഫൈനല്‍ കളിച്ച ക്രോട്ടുകളെ തകര്‍ത്ത് തങ്ങളുടെ രണ്ടാമത്തെ ലോകകപ്പാണ് ഫ്രാന്‍സ് നേടിയത്. ഫ്രാന്‍സിന്റെ തന്നെ കിലിയന്‍ എംബാപ്പെയാണ് ലോകകപ്പിലെ മികച്ച യുവതാരം. അതേസമയം ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ ഗോള്‍ഡന്‍ ബൂട്ടും നേടി.