scorecardresearch
Latest News

മറ്റുള്ളവര്‍ നിന്ന് നനയുമ്പോള്‍ കുടയ്‌ക്കുള്ളില്‍ നനയാതെ പുടിന്‍; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

മഴയിലും നിറഞ്ഞ് ചിരിച്ച് കൊളിന്റ, കുടക്കുളളില്‍ അധികാരത്തിന്റെ അകലം പാലിച്ച് പുടിന്‍

മറ്റുള്ളവര്‍ നിന്ന് നനയുമ്പോള്‍ കുടയ്‌ക്കുള്ളില്‍ നനയാതെ പുടിന്‍; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

ഈ ലോകകപ്പിലെ ഏറ്റവും മനോഹരമായ കാഴ്‌ചകളിലൊന്നായിരുന്നു ഇന്നലെ പൊരുതി തോറ്റ തന്റെ ടീമിനെ ചിരിച്ചു കൊണ്ട് ആശ്ലേഷിക്കുന്ന ക്രൊയേഷ്യന്‍ പ്രസിഡന്റ്. സ്വന്തം താരങ്ങളെ കെട്ടിപ്പിടിച്ചു കൊണ്ട് സ്വീകരിച്ച അവര്‍ എതിരാളികളായ ഫ്രാന്‍സ് പ്രസിഡന്റിനെ സുഹൃത്തിനോടെന്ന പോലെയാണ് അഭിനന്ദിച്ചത്. സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ പര്യായമായി മാറുകയായിരുന്നു മൈതാനത്ത് ഇറങ്ങാതെ തന്നെ കൊളിന്റ എന്ന വനിത. എന്നാല്‍ അതേസമയം, മറുവശത്ത് വേറൊരു കാഴ്‌ചയുണ്ടായിരുന്നു.

ഫ്രാന്‍സിന്റെ പ്രസിഡന്റ് മാക്രോണും ക്രൊയേഷ്യന്‍ പ്രസിഡന്റ് കൊളിന്റയും താരങ്ങളെ മഴ നനഞ്ഞു കൊണ്ടു തന്നെ അഭിനന്ദിക്കുമ്പോള്‍ കുടയ്ക്ക് കീഴില്‍ അധികാരത്തിന്റെ അകലം പാലിച്ചു നില്‍ക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. മറ്റെല്ലാവരും മഴ നനഞ്ഞു നില്‍ക്കുമ്പോള്‍ പുടിന്‍ മാത്രം കുടയ്ക്ക് കീഴില്‍ നില്‍ക്കുകയായിരുന്നു. എല്ലാവരും വിജയികളേയും പൊരുതി തോറ്റവരേയും കെട്ടിപ്പിടിച്ച് സ്വീകരിച്ചപ്പോള്‍ പുടിന്‍ കൈ കൊടുക്കലില്‍ മാത്രം ഒതുക്കി അഭിനന്ദനം.

മറ്റുള്ളവരെയെല്ലാം അവഗണിച്ച് പുടിന് മാത്രം കുട നല്‍കിയതിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്. ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയെ അടക്കം മഴയത്ത് നിര്‍ത്തിയായിരുന്നു പുടിന് കുട നല്‍കിയത്.

അതേസമയം, രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫൈനലില്‍ ഫ്രാന്‍സ് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്. തങ്ങളുടെ ആദ്യ ലോകകപ്പ് ഫൈനല്‍ കളിച്ച ക്രോട്ടുകളെ തകര്‍ത്ത് തങ്ങളുടെ രണ്ടാമത്തെ ലോകകപ്പാണ് ഫ്രാന്‍സ് നേടിയത്. ഫ്രാന്‍സിന്റെ തന്നെ കിലിയന്‍ എംബാപ്പെയാണ് ലോകകപ്പിലെ മികച്ച യുവതാരം. അതേസമയം ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ ഗോള്‍ഡന്‍ ബൂട്ടും നേടി.

Stay updated with the latest news headlines and all the latest Fifa news download Indian Express Malayalam App.

Web Title: Vladimir putin has umbrella while awarding france trophy while other leaders next to him get soaked