പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെതിരെ ഇരട്ടഗോളുമായി കളം നിറഞ്ഞ ശേഷമാണ് എഡിന്‍സന്‍ കവാനി പരുക്കേറ്റ് പിന്മാറിയത്. നിഷ്‌നി നോവ്‌ഗൊരോഡ് സ്റ്റേഡിയത്തില്‍ ജൂലൈ ആറിന് വെള്ളിയാഴ്‌ച അര്‍ജന്റീനയെ തോല്‍പ്പിച്ചെത്തിയ ഫ്രാന്‍സും പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചെത്തിയ ഉറുഗ്വയും തമ്മില്‍ ക്വാര്‍ട്ടര്‍ മത്സരം നടക്കുമ്പോള്‍ കവാനിയെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. താരത്തിന് കളിക്കാനാവുമോ എന്ന് യുറുഗ്വെ താരങ്ങള്‍ക്ക് പോലും ഉറപ്പില്ല.

എന്നാല്‍ കവാനിയുടെ പരുക്ക് ഗുരുതരമാണെന്നാണ് ഫ്രഞ്ച് താരം ആദില്‍ റമി പറയുന്നത്. വെള്ളിയാഴ്‌ചത്തെ മത്സരത്തില്‍ കളിക്കണമെങ്കില്‍ കവാനി ‘വൈദ്യശാസ്ത്രത്തെ തോല്‍പ്പിക്കണം’ എന്ന് ആദില്‍ റമി പറഞ്ഞു. മത്സരത്തിന് മുമ്പ് പരിശീലനത്തിന് പോലും ഇറങ്ങാന്‍ കഴിയാതിരുന്ന കവാനിയുടെ പരുക്ക് ഗുരുതരമാണെന്നാണ് അദ്ദേഹം പറയുന്നത്. നേരത്തേ ആദില്‍ റമിക്ക് പറ്റിയതും സമാനമായ പരുക്കായിരുന്നു.

‘ഞങ്ങള്‍ കവാനിയെ കുറിച്ച് സംസാരിക്കുകയായിരുന്നു. അദ്ദേഹം ലോകത്തെ തന്നെ മികച്ച കളിക്കാരില്‍ ഒരാളാണ്. ഈ ടൂര്‍ണമെന്റില്‍ നല്ല ഫോമില്‍ തുടരുന്ന അദ്ദേഹത്തിന് പരുക്കേറ്റത് ഞങ്ങളെ മോശമായി ബാധിക്കില്ല. എനിക്കും സമാനമായ പരുക്കാണ് പറ്റിയത്. വൈദ്യശാസ്ത്രത്തിനെതിരെ പോരാടാന്‍ ഞാന്‍ ശ്രമിച്ചു, പക്ഷെ അത് അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കെതിരെ കളിക്കണമെങ്കില്‍ അദ്ദേഹം വൈദ്യശാസ്ത്രത്തെ തോല്‍പ്പിക്കണം. അതുകൊണ്ട് അദ്ദേഹം ഞങ്ങള്‍ക്കെതിരെ കളിക്കുമെന്ന് വിശ്വസിക്കുന്നില്ല’, ആദില്‍ റമി പറഞ്ഞു.

ലോകകപ്പില്‍ നിലവില്‍ മൂന്ന് ഗോളുകള്‍ നേടി മികച്ച പ്രകടനമാണ് കവാനി കാഴ്‌ച വയ്‌ക്കുന്നത്. എന്നാല്‍ കവാനി കളിച്ചില്ലെങ്കിലും ലൂയിസ് സുവാരസ് പരീക്ഷ ഫ്രാന്‍സ് നേരിടേണ്ടി വരും. അദ്ദേഹം മികവുറ്റ പ്രകടനമാണ് ഇപ്പോള്‍ കാഴ്‌ച വയ്‌ക്കുന്നത്. എന്നാൽ കവാനിക്ക് പിന്നാലെ ഇപ്പോള്‍ സുവാരസും പരുക്കിന്റെ പിടിയിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇരുവരും ഒരുമിച്ച് കളിക്കാതിരുന്നാല്‍ ഫ്രാന്‍സിനെതിരെ ഉറുഗ്വോയുടെ മുന്നേറ്റത്തെ ഇത് കാര്യമായി ബാധിക്കും. നിഷ്‌നി സ്റ്റേഡിയത്തില്‍ നടന്ന പരിശീലനത്തിനിടെ സുവാരസിന്റെ വലതു കാലിന് പരുക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് മുടന്തിയാണ് സുവാരസ് സൈഡ് ലൈനിലേക്ക് മാറിയത്.

കവാനിയുടെ ഇരട്ട ഗോളിന്റെ മികവിലാണ് ഉറുഗ്വേ പോർച്ചുഗലിനെ മറികടന്ന് റഷ്യൻ ലോകകപ്പിന്റെ ക്വാർട്ടറിൽ കടന്നത്. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ എഡിസൺ കവാനി ഗോൾ നേടി കൊണ്ട് പറങ്കിപ്പടയെ ഞെട്ടിച്ചു. ലാറ്റിനമേരിക്കൻ ഫുട്ബോൾ സൗന്ദര്യം ഒരു മിത്തല്ലെന്നു തെളിയിക്കുന്ന മനോഹര ഗോൾ, ഇടതുവിങ്ങിൽനിന്നും ലൂയി സ്വാരസ് ഉയർത്തി നൽകിയ പന്തിൽ കവാനിയുടെ ബുള്ളറ്റ് ഹെഡർ. പന്ത് വലയിൽ. ആദ്യ മിനിറ്റ് മുതൽ ഗോളിന് വേണ്ടി സമ്മർദം ചെലുത്തിയത് പോർച്ചുഗൽ ആണെങ്കിൽ ലീഡ് നേടിയത് ഉറുഗ്വേ, സ്കോർ 1-0. പന്തു കൈവശം വയ്‌ക്കുന്നതിലും ആക്രമണങ്ങളിലും പോർച്ചുഗൽ ആധിപത്യം തുടർന്നെങ്കിലും ഉറുഗ്വേ പ്രതിരോധം ഉറച്ചു നിന്നു.

കളിയുടെ 55-ാം മിനിറ്റിൽ സമനില ഗോൾ എത്തി, കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡ്ഡറിലൂടെയായിരുന്നു പെപ്പെയുടെ ഈ ലോകകപ്പിലെ ആദ്യ ഗോള്‍. എന്നാൽ പറങ്കികളുടെ ആശ്വാസത്തിന് ആയുസ്സ് തീരെ കുറവായിരുന്നു. മിനിറ്റുകൾക്കുള്ളിൽ വീണ്ടും കവാനിയുടെ ബൂട്ടിൽ നിന്നു ഗോൾ പിറന്നു. ബോക്‌സിന്റെ ഇടതു ഭാഗത്ത് നിന്നുള്ള കവാനിയുടെ ഷോട്ട് പോസ്റ്റിന്റെ ഇടതു മൂലയില്‍ തന്നെ ചെന്നു പതിച്ചു. ഉയര്‍ന്നു ചാടിയ പോര്‍ച്ചുഗീസ് ഗോളി പട്രീഷ്യോയെ മറി കടന്നു പന്ത് വലയിൽ. സ്കോർ ഉറുഗ്വേ 2 പോർച്ചുഗൽ 1.ഇതിന് പിന്നാലെയാണ് കവാനി പുറത്തേക്ക് പോയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Fifa news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ