FIFA World Cup 2018:  വിജയിച്ച് കയറിവരെ പോലെ തന്നെ ലോകകപ്പിന്റെ മരിക്കാത്ത ഓര്‍മ്മകളാണ് പാതി വഴിയില്‍ വീണു പോയവരും. പലപ്പോഴും തോറ്റു മടങ്ങുന്നവരുടെ ചിത്രങ്ങള്‍ കാല്‍പ്പന്ത് ആരാധകരുടെ കണ്ണ് നനയിക്കും. എന്നാല്‍ ഈ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായ ഓസ്‌ട്രേലിയന്‍ താരത്തിന്റെ ചിത്രം കണ്ണീരിനൊപ്പം സന്തോഷവും നല്‍കും.

ഫ്രാന്‍സിനോടും ഡെന്മാര്‍ക്കിനോടും പെറുവിനോടും പരാജയപ്പെട്ട് ലോകകപ്പില്‍ നിന്നും മടങ്ങുന്ന ഓസ്‌ട്രേലിയന്‍ ടീമിലെ മാര്‍ക്ക് മില്ലിഗണിന്റെ ചിത്രമാണ് ആരാധകരുടെ മനസ് നിറയ്‌ക്കുന്നത്. തോല്‍വിയുടെ വേദനയില്‍ മൈതാനത്തിരുന്ന് കരയുന്ന മില്ലിഗണിനെ അദ്ദേഹത്തിന്റെ മൂന്ന് പെണ്‍മക്കള്‍ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രമാണിത്.

ഡാഡി എന്നെഴുതിയിരിക്കുന്ന മില്ലിഗണിന്റെ ജഴ്‌സി നമ്പറായ അഞ്ചാം നമ്പര്‍ ജഴ്‌സിയുമണിഞ്ഞാണ് കുഞ്ഞു മക്കള്‍ അച്‌ഛനെ ആശ്വസിപ്പിക്കുന്നത്. അച്‌ഛന്റെ കണ്ണ് തുടച്ചും കെട്ടിപ്പിടിച്ചുമെല്ലാം അവര്‍ ലോകത്തിന്റെ കണ്ണുനീരും തുടച്ചുമാറ്റുകയാണ്.

അനിശ്ചിതത്വം നിറഞ്ഞ ഫുട്‌ബോളിന്റെ വേദനയുടെ സൗന്ദര്യമായി മാറുകയാണ് ഈ ചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook