FIFA World Cup 2018: തങ്ങളുടെ ആദ്യ കളിയ്‌ക്ക് ഉറുഗ്വായ് ഇറങ്ങുമ്പോള്‍ സൂപ്പര്‍ താരം ലൂയി സുവാരസിന് നാല് വര്‍ഷം മുമ്പ് വീണ ചീത്തപ്പേര് മാറ്റേണ്ടതു കൂടിയുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ ഇറ്റലി താരം ജോര്‍ജിയോ ചില്ലെനിയെ കടിച്ചതിന് പുറത്തായ ശേഷം സുവാരസ് കളിക്കുന്ന ആദ്യ ലോകകപ്പ് മൽസരമാണിത്. ചില്ലെനിയെ കടിച്ചതിന് നാല് മാസത്തേക്കായിരുന്നു സുവാരസിനെ വിലക്കിയിരുന്നത്. പിന്നാലെ നടന്ന കോപ്പയിലും താരത്തിന് മൽസരങ്ങള്‍ നഷ്‌ടപ്പെട്ടിരുന്നു.
ആ വിവാദ സംഭവത്തെ ഓര്‍ത്തെടുക്കുകയാണ് ഉറുഗ്വായ് നായകന്‍ ഡീഗോ ഗോഡിന്‍. സുവാരസ് ചെയ്‌തത് തെറ്റാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ സുവാരസിനെതിരായ നടപടി കടുത്തു പോയെന്നാണ് ഗോഡിന്റെ അഭിപ്രായം.
”അദ്ദേഹം തെറ്റ് ചെയ്‌തിട്ടില്ലെന്ന് ഞാന്‍ പറയുന്നില്ല. അത് അദ്ദേഹം തന്നെ സമ്മതിച്ചതാണ്. പക്ഷെ ആ സംഭവം നടന്നില്ലായിരുന്നുവെങ്കില്‍ ചരിത്രം മറ്റൊന്നായിരുന്നേനെ. ഞങ്ങള്‍ക്ക് ഞങ്ങളുടെ ഏറ്റവും മികച്ച താരത്തെയായിരുന്നു നഷ്‌ടമായത്. അത് സുവാരസിനേയും ഞങ്ങളേയും നന്നായി ബാധിച്ചിരുന്നു. ദുഃഖിതനായ, കരയുന്ന സുവാരസിനെ കാണുന്നത് വേദനിപ്പിക്കുന്നതായിരുന്നു. രാജ്യത്താകെ അത് പ്രതിഫലിച്ചിരുന്നു. കൊളംബിയോടുള്ള കളിവരെ അതിനെ കുറിച്ച് മാത്രമായിരുന്നു ചര്‍ച്ച ചെയ്‌തിരുന്നത്,” ഗോഡിന്‍ പറയുന്നു.
എന്നാല്‍ സുവാരസിനെതിരായ നടപടി അനീതിയായിരുന്നുവെന്നും ഭൂരിപക്ഷം ഉറുഗ്വായ്‌ക്കാരുടേയും അഭിപ്രായവും അതുതന്നെയാണെന്നും ഗോഡിന്‍ പറയുന്നു. ”നാല് കളിയില്‍ നിന്നും വിലക്കുന്നതാണ് രീതി. സുവാരസിനെ അവര്‍ പട്ടിയെ പോലെ ചവിട്ടി പുറത്താക്കുകയായിരുന്നു. കോപ്പയിലും കളിക്കാന്‍ അനുവദിച്ചില്ല. അത് അനിതീയാണ്. ആ ദേഷ്യം ഒരിക്കലും പോകില്ല,” ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ചില കാര്യങ്ങള്‍ നടക്കുന്നത് മൈതാനത്തിന് പുറത്താണെന്നും ആരാധകര്‍ക്ക് ഒരുപക്ഷെ അത് മനസിലാകില്ലെന്നും പറയുന്ന ഗോഡിന്‍ പൊളിറ്റിക്‌സാണ് സുവാരസിനെ പുറത്താക്കിയതെന്നും ഉറപ്പിച്ചു പറയുന്നു. തന്റെ മൂന്നാമത്തെ ലോകകപ്പാണിതെന്നും അതുകൊണ്ട് തന്നെ ഒരുപാട് പ്രതീക്ഷയും ആകാംക്ഷയുമുണ്ടെന്നും താരം പറയുന്നു. ഉറുഗ്വായ് വെറുതെ മടങ്ങില്ലെന്ന് നായകന്‍ ഉറപ്പു പറയുന്നു. ആദ്യ കളിയില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഗോഡിന്‍ ആഗ്രഹിക്കുന്നുമില്ല. ഈജിപ്‌തിനെതിരെയാണ് ഉറുഗ്വായുടെ ആദ്യ മൽസരം.