FIFA World Cup 2018: കൊലപാതകങ്ങളുടെ തലസ്ഥാനം എന്ന ചീത്തപ്പേരില്‍ നിന്നും ലോകത്തെ ഏറ്റവും സുരക്ഷിതമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായുള്ള കൊളംബിയയുടെ മാറ്റം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അവരുടെ ജീവിത ശൈലിയ്ക്ക് തന്നെ വന്ന മാറ്റമാണ്. മയക്കുമരുന്ന് മാഫിയകള്‍ രാജാക്കന്മാരെ പോലെ ജീവിച്ചിരുന്നു ഒരിക്കല്‍ കൊളംബിയന്‍ തെരുവുകളില്‍. പൊലീസുകാര്‍ കൊല്ലപ്പെടുന്നത് നിത്യ സംഭവമായിരുന്നു.
കൊളംബിയയുടെ ഫുട്ബോള്‍ ഒരു രീതിയില്‍ ആ നാട്ടിലെ മയക്കുമരുന്ന് മാഫിയയോട് കടപ്പെട്ടിട്ടുണ്ട്. അധോലോക സംഘങ്ങളെല്ലാം അവരുടെ പണം നിക്ഷേപിച്ചിരുന്നത് ഫുട്ബോള്‍ ക്ലബ്ബുകളിലായിരുന്നു. കാല്‍പ്പന്തിനോടുള്ള സ്നേഹവും അതിന് വഴിയൊരുക്കി. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാബ്ലോ എസ്കോബാറും ആന്ദ്രേ എസ്കോബാറും. ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ കറുത്ത ഏടാണ് കൊളംബിയയിലെ ഒരു നിശാക്ലബ്ബിന് മുന്നില്‍ വെടിയേറ്റ് വീണ എസ്കോബാര്‍. ഓരോ ലോകകപ്പ് എത്തുമ്പോഴും, ഓരോ സെല്‍ഫ് ഗോള്‍ പിറക്കുമ്പോഴും ലോകം വര്‍ഷങ്ങള്‍ പിന്നോട്ട് സഞ്ചരിച്ച് ആന്ദ്രേ എസ്കോബാറിലെത്തും.
ലോകം കണ്ട ഏറ്റവും അപകടകാരിയായ അധോലോക നേതാവെന്നാണ് പാബ്ലോ എസ്കോബാര്‍ അറിയപ്പെടുന്നത്. അയാളുടെ ക്ലബ്ബായിരുന്ന അത്ലറ്റിക്കോ നാഷണലിന്റെ താരമായിരുന്നു ആന്ദ്രേ എസ്കോബര്‍. പേരിലെ സാമ്യത പോലെ തന്നെ ഇരുവരും തമ്മില്‍ സൗഹൃദവുമുണ്ടായിരുന്നു. കളിക്കളത്തിന് അകത്തും പുറത്തും ജെന്റില്മാനായിരുന്ന ആന്ദ്രേയെ പാബ്ലോയ്ക്ക് ഏറെ ഇഷ്ടമായിരുന്നു. രണ്ട് എസ്കോബാറും ഇന്നില്ല. എല്ലാം ചരിത്രമായിരിക്കുന്നു. കൊളംബിയന്‍ ഫുട്ബോളും ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു.
ഇന്ന് കൊളംബിയന്‍ ഫുട്ബോളിന്റെ മുഖം ഹേമസ് റോഡ്രിഗ്വസ് എന്ന 26 കാരനാണ്. കഴിഞ്ഞ ലോകകപ്പിലെ പ്രകടനമാണ് റോഡ്രിഗ്വസിനെ ലോക ഫുട്ബോളിന്റെ കേന്ദ്രത്തിലേക്ക് എത്തിക്കുന്നത്. ഈ ലോകകപ്പിലെ നൊമ്പരമായി റോഡ്രിഗ്വസ് മാറിയെന്നത് കാല്‍പ്പന്ത് കളിയിലെ അണ്പ്രെഡിക്റ്റബിലിറ്റിയാണ്. തന്റെ കരിയറിന് റോഡ്രിഗ്വസ് കടപ്പെട്ടിരിക്കുന്നത് ഗുസ്താവോ ഉപേഗായ് എന്ന മനുഷ്യനോടാണ്. ആ വ്യക്തിയുടെ വേരുകള്‍ തേടിയിറങ്ങിയാല് ചെന്നെത്തുക കൊളംബിയന്‍ ഫുട്ബോളും അധോലോകവും തമ്മിലുള്ള കെട്ടുപിടഞ്ഞു കിടക്കുന്ന ബന്ധത്തിലേക്കാവും, വീണ്ടും പാബ്ലോ എസ്കോബാറിലേക്ക് അത് കടന്നു ചെല്ലും.
പാബ്ലോ എസ്കോബാറിന്റെ വിശ്വസ്തരില്‍ ഒരാളായിരുന്നു ഗുസ്താവോ. എസ്കോബാറും ഗുസ്താവോയും തമ്മിലുള്ള ബന്ധം മാധ്യമങ്ങളിലും മറ്റും കാര്യമായി ചര്‍ച്ചയായിരുന്നില്ല എന്നിരിക്കെ തന്നെ എല്ലാവര്ക്കും അതിനെ കുറിച്ച് അറിയാമായിരുന്നു. വളരെ വൈകാരികമായ ബന്ധമായിരുന്നു തനിക്ക് എസ്കോബാറുമായിട്ടുണ്ടായിരുന്നത് എന്ന് ഗുസ്താവോ തന്നെ പറഞ്ഞിട്ടുണ്ട്.
”60 കളിലാണ് എന്റെ കുടുംബം ലാ പാസിലേക്ക് താമസം മാറ്റുന്നത്. അന്ന് ഞങ്ങളുടെ അയല്‍ക്കാരായിരുന്നു എസ്കോബാര്‍ കുടുംബം. ഞങ്ങള്‍ ഒരുമിച്ച് സൈക്കിള്‍ ഓടിക്കുന്നതും ഫുട്ബോള്‍ കളിക്കുന്നതുമൊക്കെ പതിവായിരുന്നു. 1971 ൽ എന്റെ കുടുംബം അവിടെ നിന്നും മാറിയതോടെ 1980 വരെ ഞാന്‍ എസ്കോബാറിനെ കണ്ടിട്ടില്ല. പിന്നീടാണ് സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ ഒരുമിക്കുന്നത്. അവിടേയും സ്പോര്‍ട്സിന് വലിയ റോളുണ്ടായിരുന്നു.”

എസ്കോബാര്‍ ജയിലിലായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ബിസിനസുകള്‍ കൈകാര്യം ചെയ്തിരുന്നത് ഗുസ്താവോയായിരുന്നു. പാബ്ലോയെ പോലെ തന്നെ ഗുസ്താവോയ്ക്കും ഫുട്ബോളില്‍ താല്പര്യമുണ്ടായിരുന്നു. ആ സ്നേഹം മൂത്ത് അയാള്‍ ഒരു പ്രാദേശിക ക്ലബ്ബിനെ വിലയ്ക്കു വാങ്ങി. എന്‍വിഗാഡോ എഫ്സി. പാബ്ലോയുടെ മരണത്തിന് നാല് കൊല്ലം മുമ്പായിരുന്നു അത്. യുവ താരങ്ങളെ കണ്ടെത്തുന്നതിലും വളര്‍ത്തുന്നതിലും കൊളംബിയന്‍ ഫുട്ബോളിനെ എന്വിഗാഡോയോളം സഹായിച്ച മറ്റൊരു ക്ലബ്ബില്ലായിരുന്നു. രാജ്യത്തിന്റെ വിവധ കോണുകളിലുള്ള മികച്ച താരങ്ങള്‍ തന്റെ ടീമില്‍ വേണമെന്ന് ഗുസ്താവോയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
അതിനായി യുവതാരങ്ങളുടെ പ്രകടനത്തിന്റെ പേരില്‍ പേരുകേട്ട ടൂര്‍ണമെന്റായ പോണിഫുട്ബോള് കപ്പ് മത്സരങ്ങള്‍ കാണാനായി ഒരിക്കല്‍ ഗുസ്താവോ എത്തി. അവിടെ വച്ചാണ് ഒരു 11 കാരന് പയ്യന് ഗുസ്താവോയുടെ ശ്രദ്ധയില്‍ പെടുന്നത്. കോര്‍ണറില്‍ നിന്നുമാത്രമായി രണ്ട് ഗോളുകള്‍ നേടിയ ആ പയ്യന് പെട്ടെന്നു തന്നെ ഗുസ്താവോയുടെ ഹൃദയം കീഴടക്കി. ആ പയ്യനായിരുന്നു റോഡ്രിഗ്വസ്. അന്ന് അക്കാദമിയാ ടോളിമെന്സെയുടെ താരമായിരുന്നു റോഡ്രിഗ്വസ്. കൂടുതലൊന്നും ആലോചിക്കാതെ ഗുസ്താവോ അവനെ സ്വന്തം ടീമിലേക്ക് എത്തിച്ചു.
റോഡ്രിഗ്വസിന്റെ കരിയറിലെ ആദ്യത്തെ ബ്രേക്കും ഗുസ്താവോയുടെ നിര്‍ബന്ധത്തില്‍ നിന്നുമായിരുന്നു. 14 വയസുണ്ടായിരുന്ന റോഡ്രിഗ്വസിന് 10-ാം നമ്പര്‍ ജഴ്സി നല്കി കൊണ്ടു തന്നെ ഹേമസിനെ സീനിയര്‍ ടീമില്‍ ഇറക്കാന്‍ എന്‍വിഗാഡോ മാനേജറോട് ഗുസ്താവോ ആവശ്യപ്പെടുകയായിരുന്നു. പക്ഷെ ഹേമസിന്റെ അരങ്ങേറ്റം കഴിഞ്ഞ് ഒരുമാസം ആകുമ്പോഴേക്കും ഗുസ്താവോ കൊല്ലപ്പെട്ടു. രണ്ട് വര്‍ഷം ക്ലബ്ബില്‍ തുടര്‍ന്ന റോഡ്രിഗ്വസ് ടീമിനെ ഫസ്റ്റ് ഡിവിഷനിലേക്ക് എത്തിക്കുകയും ചെയ്തു.
പിന്നീട് അര്‍ജന്റീനന്‍ ക്ലബ്ബായ ബാന്ഫീല്ഡിലേക്ക് ചേക്കേറിയ റോഡ്രിഗ്വസ് രണ്ടര വര്‍ഷം അവിടെ കളിച്ചു. പിന്നീട് പോര്‍ട്ടോയിലേക്ക്. ബാക്കി ചരിത്രമാണ്.