ലോകകപ്പില്‍ ഇന്ത്യ കളിക്കുന്നില്ലെങ്കിലും ലോകകപ്പിന്റെ ഓരോ നിമിഷവും ഇന്ത്യയിലും ആഘോഷിക്കപ്പെടുകയാണ്. ബ്രസീലിനൊപ്പം താളം ചവിട്ടിയും ജര്‍മ്മനിയ്‌ക്കൊപ്പം പൊട്ടിക്കരഞ്ഞും അര്‍ജന്റീനയ്‌ക്കൊപ്പം നെടുവീര്‍പ്പെട്ടുമെല്ലാം ഇന്ത്യയും ലോകകപ്പിന്റെ ഭാഗമാവുകയാണ്. ലോകകപ്പ് വേദിയിലും ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ഡെന്മാര്‍ക്ക്-ഫ്രാന്‍സ് മൽസരത്തിനിടെയുമുണ്ടായി ഒരു ഇന്ത്യന്‍ സാന്നിധ്യം. കളിക്കിടെ ഗ്യാലറിയില്‍ ഇന്ത്യന്‍ പതാകയുമായി ഒരാള്‍. ഇതാരാണാവോ എന്നായി പിന്നെ സോഷ്യല്‍ മീഡിയയുടെ ചിന്ത. ആ അന്വേഷണം വന്നെത്തി നിന്നതാകട്ടെ കേരളത്തിലും.
മലയാളിയായ ക്ലിഫിന്‍ ഫ്രാന്‍സിസായിരുന്നു ഇന്ത്യന്‍ പതാകയുമായി ഡെന്മാര്‍ക്ക്-ഫ്രാന്‍സ് കളി കാണാനെത്തിയത്. ക്ലീഫിന്റെ റഷ്യ യാത്രയ്‌ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഫ്രീ ലാന്‍സ് മാത്ത്റ്റ്‌സ് ടീച്ചറായ ക്ലിഫിന് റഷ്യയിലേക്ക് പറക്കാന്‍ വേണ്ട കാശുണ്ടായിരുന്നില്ല. അതുകൊണ്ട് ക്ലിഫിന്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗം സൈക്കിളായിരുന്നു.
ബിബിസിയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ചിലവു കുറഞ്ഞ മാര്‍ഗ്ഗം എന്ന നിലയില്‍ സൈക്കിള്‍ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ക്ലിഫിന്‍ പറഞ്ഞത്. യാത്രാമധ്യേ മലകളും കാടുകളുമെല്ലാം ക്ലിഫിന് സ്വീകരണമൊരുക്കുകയും യാത്ര അയപ്പ് നല്‍കുകയും ചെയ്‌തു. മെസിയെ കാണുക എന്ന ആഗ്രഹവുമായാണ് ക്ലിഫിന്‍ പുറപ്പെട്ടതെങ്കിലും അത് മാത്രം സാധിച്ചില്ല.