FIFA World Cup 2018: ‘ഇതിലും വലുത് എന്തു വേണം’; ബെല്‍ജിയത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് പിന്നിലെ ‘തിയറി’

FIFA World Cup 2018: മിഷി ബാത്ഷുവായ് തന്റെ ട്വിറ്ററില്‍ ഒരിക്കല്‍ ഹെൻറിയെ കുറിച്ച് എഴുതിയത് തന്റെ മാതാപിതാക്കളെ പോലും ഇതുപോലെ ശ്രദ്ധയോടെ കേട്ടിട്ടില്ലെന്നായിരുന്നു

FIFA World Cup 2018: വമ്പന്മാര്‍ക്കൊക്കെ അടി തെറ്റിയ ലോകകപ്പില്‍ ആരാധകരെ നിരാശപ്പെടുത്താതെ തുടങ്ങിയത് ബെല്‍ജിയവും ഇംഗ്ലണ്ടും മാത്രമാണ്. പനാമയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തായിരുന്നു ബെല്‍ജിയം തങ്ങള്‍ കറുത്ത കുതിരകളല്ല കിരീട ഫേവറേറ്റുകളാണെന്ന് വിളിച്ചു പറഞ്ഞത്.

സൂപ്പര്‍ താരം റെമേലു ലുകാക്കുവിന്റെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു ബെല്‍ജിയത്തിന്റെ വിജയം. പന്തടക്കത്തിലും ചടുലനീക്കങ്ങളിലും ഡ്രിബ്ലിങ്ങിലുമെല്ലാം ബെല്‍ജിയം മൈതാനത്ത് സുന്ദരമായൊരു കാഴ്‌ചയായി. മനോഹരമായ ഫുട്‌ബോള്‍ കളിക്കുമ്പോള്‍ തന്നെ എതിരാളികളുടെ വല നിറയ്‌ക്കാനും കഴിയുന്നു എന്നതാണ് ബെല്‍ജിയത്തിന്റെ കരുത്ത്.

ലോക ഫുട്‌ബോളില്‍ പറയത്തക്ക പാരമ്പര്യമില്ലെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബെല്‍ജിയം ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്. ഇത്തവണ ലോകകപ്പിനെത്തിയിരിക്കുന്ന ടീമുകളില്‍ ഏറ്റവും മികച്ച മുന്നേറ്റ നിരയേതെന്ന ചോദ്യത്തിന് ഉത്തരം ബെല്‍ജിയമാണെന്ന് നിസ്സംശയം പറയാം. ഇന്നലെ പനാമയുടെ ഗോള്‍ മുഖത്ത് ബെല്‍ജിയം താരങ്ങള്‍ നടത്തിയ മുന്നേറ്റങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി എത്രമാത്രം ക്രിയാത്മകമാണ് അവരുടെ ഫുട്‌ബോളെന്ന്.


ബെല്‍ജിയത്തിന്റെ ആ പ്രകടനത്തിന്റെ പിന്നോട്ട് ചെന്ന് നോക്കിയാല്‍ എത്തി നില്‍ക്കുക ഒരു മുന്‍ താരത്തിലാണ്. തിയറി ഹെൻറി. ഫ്രാന്‍സിന്റേയും ആഴ്‌സണലിന്റേയും എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ തിയറി ഹെൻറി. എതിര്‍ ഗോള്‍ മുഖത്തെ ഒഴിഞ്ഞ ഇടങ്ങള്‍ കണ്ടെത്തി എങ്ങനെ ആക്രമിക്കാം എന്ന തിയറിയാണ് ഹസാര്‍ഡിനും ലുകാക്കുവിനും ഡിബ്രയാനുമെല്ലാം പറഞ്ഞു കൊടുക്കുന്നത്.

ഇതിഹാസ താരത്തിന്റെ സാന്നിധ്യത്തെ കുറിച്ച് ലുകാക്കു സ്‌പോര്‍ട്‌സ് ട്രിബ്യൂണലില്‍ എഴുതിയ അനുഭവക്കുറിപ്പില്‍ പറയുന്നുണ്ട്.

‘ഞങ്ങള്‍ കുട്ടികളായിരുന്ന കാലത്ത് തിയറി ഹെൻറിയുടെ കളി കാണാന്‍ പോലും സാധിച്ചിരുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ എന്നും അദ്ദേഹത്തോടൊപ്പമാണ് കളിക്കുന്നത്. ഒരു ഇതിഹാസത്തോടൊപ്പമാണ് ഞാന്‍ നില്‍ക്കുന്നത്. അദ്ദേഹമാണ് എനിക്ക് കളി പറഞ്ഞ് തരുന്നത്. ഇതിലും വലുത് എന്തു വേണം,”

ബെല്‍ജിയത്തിന്റെ മറ്റൊരു സൂപ്പര്‍താരമായ മിഷി ബാത്ഷുവായ് തന്റെ ട്വിറ്ററില്‍ ഒരിക്കല്‍ ഹെൻറിയെ കുറിച്ച് എഴുതിയത് തന്റെ മാതാപിതാക്കളെ പോലും ഇതുപോലെ ശ്രദ്ധയോടെ കേട്ടിട്ടില്ലെന്നായിരുന്നു. 2016 ല്‍ ബെല്‍ജിയത്തിന്റെ അസിസ്റ്റന്റ് കോച്ചായി ഇതിഹാസ താരം എത്തിയതിന് പിന്നാലെയായിരുന്നു മിഷി ഇങ്ങനെ കുറിച്ചത്.

ഫുട്‌ബോളില്‍ നിന്നും വിരമിച്ചതിന് പിന്നാലെ കുറേനാളുകള്‍ എല്ലാത്തില്‍ നിന്നും അകലം പാലിച്ച ശേഷമായിരുന്നു അദ്ദേഹം ബെല്‍ജിയത്തിന്റെ പരിശീലക സംഘത്തിലേക്ക് എത്തുന്നത്. എന്തായാലും ലോകത്തെ ഏറ്റവും മികച്ച ആക്രമണ നിരയ്‌ക്ക് ബുദ്ധി ഉപദ്ദേശിക്കുന്നത് ഹെൻറി ആകുമ്പോള്‍ പിന്നെ മൈതാനത്ത് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം.

Get the latest Malayalam news and Fifa news here. You can also read all the Fifa news by following us on Twitter, Facebook and Telegram.

Web Title: The man behind belgiums attacks is the legendry theory henry

Next Story
FIFA World Cup 2018: ഇന്ത്യയ്‌ക്കെത്താന്‍ കഴിയാത്ത ലോകകപ്പില്‍ രാജ്യത്തിന്റെ അഭിമാനമായി ഈ പത്ത് വയസുകാരന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com