FIFA World Cup 2018;കൊല്‍ക്കത്തയിലെ ഒരുപാട് അര്‍ജന്റീന ആരാധകരില്‍ ഒരാള്‍ മാത്രമാണ് ശിബ് ശങ്കര്‍ പാത്ര. എന്നാല്‍ മറ്റ് അര്‍ജന്റീനന്‍ ആരാധകരില്‍ നിന്നെല്ലാം ശിബ് ശങ്കറിനെ വ്യത്യസ്തനാക്കുന്ന ഒന്നുണ്ട്.

തന്റെ കൊച്ചു ചായക്കടയില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം ചേര്‍ത്ത് വച്ച് റഷ്യയിലേക്ക് ലോകകപ്പ് കാണാന്‍ പോവുക എന്നതായിരുന്നു ശങ്കറിന്റെ മോഹം. എന്നാല്‍ തന്റെ സമ്പാദ്യമായ 60000 രൂപ മതിയാകില്ല ആ മോഹം സത്യമാക്കാന്‍ എന്ന് ട്രാവല്‍ ഏജന്റ് അറിയിച്ചതോടെ ശങ്കറിന്റെ സ്വപ്‌നവും തകര്‍ന്നു. പക്ഷെ ആ 53 കാരന്‍ തളര്‍ന്നില്ല. റഷ്യയില്‍ പോയില്ലെങ്കിലെന്താ, ലോകകപ്പ് ആരവം ഇവിടെ സ്വന്തം വീട്ടില്‍ കൊണ്ടു വരുമെന്നായി ശങ്കര്‍.

1.5 ലക്ഷം രൂപയായിരുന്നു ലോകകപ്പ് കാണാന്‍ പോകാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ കയ്യിലുള്ളതാകട്ടെ 60000 രൂപയും. ആ തുക കൊണ്ട് തന്റെ മൂന്ന് നില വീടിനെ അര്‍ജന്റീനയുടെ ആകാശ നീലയും വെള്ളയും നിറങ്ങള്‍ ചാര്‍ത്തി ശങ്കര്‍.

‘ഞാന്‍ പുകവലിക്കുകയോ മദ്യപിക്കുകയോ ഇല്ല. എനിക്ക് ഒരു ലഹരി മാത്രമാണുള്ളത്. അര്‍ജന്റീനയും, മെസിയും. കാര്യമായൊന്നും സമ്പാദിക്കുന്നില്ലെങ്കിലും സമ്പാദ്യത്തിന്റെ മുഖ്യപങ്കും ലോകകപ്പിനായി മാറ്റുവെക്കുകയായിരുന്നു,’ നവാബ്ഗഞ്ചിന് സമീപം നോര്‍ത്ത് 24 പാര്‍ഗനാസിലെ ചായക്കട ഉടമയായ ശങ്കര്‍ പറയുന്നു.

ഇച്ഛാപോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ശങ്കറിന്റെ വീട് എവിടെയാണെന്ന് കണ്ടു പിടിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. യോ യോ പിള്ളേരു മുതല്‍ തലനരച്ച മുത്തശ്ശന്മാരോട് വരെ ചോദിച്ചാല്‍ പറഞ്ഞു തരും അര്‍ജന്റീന ചായക്കട എവിടെയാണെന്ന്. അത്രയ്ക്ക് ഫെയ്മസാണ് ശങ്കറും വീടും.

അര്‍ജന്റീനയുടെ കൊടികള്‍ കൊണ്ട് അലങ്കരിച്ച തെരുവിലാണ് ശങ്കറിന്റെ വീടും ചായക്കടയുമൊക്കെ ആയ കെട്ടിടം. റോഡിന് കുറുകെ കെട്ടിയിരിക്കുന്ന അര്‍ജന്റീനന്‍ കൊടികളേക്കാള്‍ ഉയരത്തിലും പ്രൗഢിയിലും , ആകാശ നീലയും വെള്ളയും നിറങ്ങളില്‍ മുങ്ങിയ, തലയെടുപ്പോടെ നില്‍ക്കുന്ന ആ വീട് നമ്മേ സ്വാഗതം ചെയ്യും.

കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ശങ്കറിന്റെ ചായക്കട. ലോകകപ്പ് ആകുമ്പോള്‍ തന്റെ സമ്പാദ്യത്തില്‍ നിന്നും മാറ്റി വച്ച തുകയുപയോഗിച്ച് ബില്‍ഡിംഗ് മൊത്തം അദ്ദേഹം പെയ്ന്റടിക്കും. പുറമെ കാണുന്നതിനേക്കാള്‍ ആഴത്തിലുള്ളതാണ് ശങ്കറിന്റെ ആരാധന എന്നു വ്യക്തമാക്കുന്നതാണ് ആ വീടിന്റെ ഉള്ളിലെ കാഴ്ച്ച.

എല്ലാ മുറിയുടെ ചുമരുകള്‍ക്കും നീലയും വെളളയുമാണ് നിറം നല്‍കിയിരിക്കുന്നത്. എന്തിന് ഏറെ പൂജാ മുറിവരെ അര്‍ജന്റീനന്‍ കൊടിയുടെ നിറത്തിലാണ്. എല്ലാ റൂമിലും മെസിയുടെ വലിയ പോസ്റ്ററുകളുമുണ്ട്. ശങ്കറിനെ പോലെ തന്നെ കടുത്ത മെസി ആരാധകരാണ് ഭാര്യ സ്വപ്‌നയും മകള്‍ നേഹയും മകന്‍ ശുഭമും.

”എന്റെ മക്കള്‍ക്ക് മെസിയെ കുറിച്ച് എല്ലാം അറിയാം. അദ്ദേഹത്തിന്റെ ഇഷ്ട ഭക്ഷണം, കാര്‍, അങ്ങനെ എല്ലാം,” അദ്ദേഹം പറയുന്നു.”മെസിയുടെ ഒരു കളിപോലും അവര്‍ വിടാറില്ല. പരീക്ഷയുള്ള സമയത്ത് പോലും വിടാറില്ല. നേരത്തെ കെടക്കുകയാണെന്ന് പറഞ്ഞ് മൊബൈലില്‍ കളി കാണും” സ്വപ്ന കൂട്ടിച്ചേര്‍ത്തു.

ബംഗാളിലെ എല്ലാ അര്‍ജന്റീന ആരാധകരേയും കോര്‍ത്തിണക്കുന്ന ഒന്നുണ്ട്. 1986 ലെ ലോകകപ്പ്. ദൂരദര്‍ശനിലൂടെ ആ ലോകകപ്പ് കണ്ടവരെല്ലാം മറഡോണയുടെ ആരാധകരായി മാറി. അതിന്ന് മെസിയിലൂടെ തുടരുന്നു.

”സാള്‍ട്ട് ലൈക്ക് സ്‌റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ മത്സരം കാണാന്‍ സാധിച്ചു. സ്വപ്‌നം യാഥാര്‍ത്ഥ്യമായി മാറുകയായിരുന്നു അപ്പോള്‍,” ശങ്കര്‍ ഓര്‍ത്തെടുക്കുന്നു. അന്നായിരുന്നു അദ്ദേഹം തന്റെ വീടിന് അര്‍ജന്റീനന്‍ കൊടിയുടെ നിറം നല്‍കിയത്. പിന്നീട് 2014 ലോകകപ്പിലും അതാവര്‍ത്തിച്ചു.

2012 മുതല്‍ മെസിയുടെ പിറന്നാള്‍ ശങ്കറും കുടുംബവും ആഘോഷിക്കുന്നു. കേക്ക് മുറിച്ചും രക്തദാനം നടത്തിയുമെക്കെയാണ് ആഘോഷം. അര്‍ജന്റീനയുടെ മത്സരങ്ങള്‍ നടക്കുമ്പോള്‍ കാണാനെത്തുന്നവര്‍ക്ക് സമൂസയും ചായയും സൗജന്യമാണ്. മെസിയുടെ പിറന്നാളിന് വലിയ കേക്ക് മുറിക്കുന്നതിനോടൊപ്പം തന്നെ നൂറ് കുട്ടികള്‍ക്ക് അര്‍ജന്റീനയുടെ ജേഴ്‌സികളും സമ്മാനിക്കും.

എന്നാല്‍ ഒരിക്കല്‍ പോലും തനിക്ക് ലോണ്‍ എടുക്കുകയോ ആരില്‍ നിന്നും കടം വാങ്ങേണ്ടി വരികയോ വന്നിട്ടില്ലെന്നും ശങ്കര്‍ പറയുന്നു. സ്വയം സന്നദ്ധരായി സുഹൃത്തുക്കളും മറ്റും തനിക്കൊപ്പം ചേരുകയാണെന്നും മെസിയ്ക്കു വേണ്ടി അമ്പലത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താറുണ്ടെന്നും അദ്ദേഹം പറയുന്നു.

അമ്പലത്തിലെ പൂജാരി ശങ്കറിന്റെ കടയിലെ നിത്യസന്ദര്‍ശകനാണ്.

”അദ്ദേഹം ഹനുമാന്റെ ഇടതുകാലിലെ സിന്ദൂരം കൊണ്ടുവരും. അത് മെസിയുടെ പോസ്റ്ററില്‍ ചാര്‍ത്തിയാണ് ഓരോ മത്സരവും ആരംഭിക്കുക.അദ്ദേഹം ഇത്തവണ കപ്പുയര്‍ത്തുമെന്ന് കരുതുന്നു,” ശങ്കര്‍ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Fifa news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ