Spain vs Morocco FIFA World Cup 2018 Highlights: നാടകീയമായ ഫോട്ടോ ഫിനിഷില്‍ സമനില നേടി സ്പെയിന് പ്രീ ക്വാര്‍ട്ടറിലേക്ക്. മൊറോക്കോയാണ് സ്പെയിനിനെ സമനില കുരുക്കില്‍ പെടുത്തിയത്. ബൗത്തബും എന്‍ നെസരിയും മൊറോക്കോയ്ക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ ഇസ്കോയും അസ്പാസും സെപ്യ്നിന്റെ രക്ഷകരായി.
കാര്യമായ മാറ്റമൊന്നും ഇല്ലാതെയാണ് സ്പെയിന് ഇറങ്ങിയത്. മധ്യനിരയില്‍ കൊക്കേയ്ക്ക് പകരം ബയേണ്‍ മ്യൂണിക്കിന്റെ താരം തിയാഗോ അല്കാണ്ട്ര ഇടംനേടി. അപ്രതീക്ഷിതമായ മാറ്റവുമായാണ് മൊറോക്കോ ഇറങ്ങിയത്. നായകനും യുവന്റസ് താരവുമായ മെഹ്ദി ബനാറ്റിയക്ക് പകരം മാനുവല്‍ ഡ കോസ്റ്റ ആദ്യ ഇലവനില്‍ ഇടംപിടിച്ചു.
തുടക്കം മുതല്‍ പന്തിന്മേല് പൊസഷന്‍ വെച്ച് പുലര്‍ത്തി മുന്നേറ്റങ്ങള്‍ മെനഞ്ഞ സ്പെയിനിന് തന്നെയാണ് ആദ്യ തിരിച്ചടിയുണ്ടായത്. പതിനാലാം മിനുട്ടില്‍ ഇനിയെസ്റ്റ സെര്‍ജിയോ റാമോസിന് നല്കിയ പാസ് കാലിലൊതുക്കിയ മൊറോക്കോ താരം ബൗതെയ്ബ് ഗോള്‍ നേടുന്നു. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ താരം സ്പെയിന് ഹാഫില്‍ ഒറ്റയാനായി നിന്ന ഗോള്‍കീപ്പര്‍ ഡെ ഗയയുടെ കാളിനിടയിലൂടെ പന്ത് പോസ്റ്റിലേക്ക് പായിക്കുകയായിരുന്നു.
മൊറോക്കോ ലീഡ് നേടിയതിന് തൊട്ടുപിന്നാലെ തന്നെ സ്പെയിന് ഗോള്‍ നേടുന്നു. ഇനിയസ്റ്റ തന്നെയാണ് ഗോളിന് അവസരമൊരുക്കിയത്. ഇടത് വിങ്ങില്‍ മുന്നേറിയ ഇനിയെസ്റ്റ മൊറോക്കോയുടെ ഗോള്‍ ലൈനില്‍ നിന്ന് പന്ത് ഇസ്കോയ്ക്ക് കൈമാറുന്നു. ഇസ്കോയുടെ ക്ലോസ് റേഞ്ച് ഷോട്ട് പ്രതിരോധത്തിനുള്ള യാതൊരു അവസരവുമില്ലാതെ മൊറോക്കോ പോസ്റ്റിലേക്ക് !
പോര്‍ച്ചുഗലിനോട് കളിച്ചതില്‍ നിന്നും വ്യത്യസ്തമായ തന്ത്രമാണ് മൊറോക്കോ സ്പെയിനിനെതിരെ പുറത്തെടുത്തത്. സ്പെയിനിനെ പറ്റുന്നത്രയും പ്രസ് ചെയ്യുക. അവസരം ലഭിക്കുമ്പോള്‍ കൗണ്ടര്‍ അറ്റാക്ക് കണ്ടെത്തുക എന്നതായിരുന്നു മൊറോക്കോ തന്ത്രം.
രണ്ടാം പകുതിയില്‍ മൊറോക്കോ തങ്ങളുടെ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. 81ാം മിനുട്ടില്‍ സ്പെയിനിന് യാതൊരു അവസരവും നല്‍കാതെ മൊറോക്കോ താരം എന്‍ നെസരിയുടെ ഗോള്‍. കോര്‍ണര്‍ കിക്കില്‍ നെസരി കണ്ടെത്തിയ ഹെഡ്ഡര്‍ ബോക്സിന്റെ ഇടത് കോര്‍ണറിലേക്ക് തറച്ചുകയറിയപ്പോള്‍ സ്പാനിഷ് ഗോളി ഡെ ഗയയ്ക്ക് നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ.
തൊണ്ണൂറാം മിനുട്ടില്‍ കോസ്റ്റയ്ക്ക് പകരക്കാരനായി വന്ന ആസ്പാസ് കോര്‍ണര്‍ കിക്കില്‍ നേടിയ ഗോള്‍ വീഡിയോ റഫറിങ്ങില്‍ തഴയപ്പെട്ടു. ഓഫ്സൈഡ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. തൊട്ടുപിന്നാലെ തന്നെ മൊറോക്കോ പോസ്റ്റിലേക്ക് പന്ത് ബാക്ക്ഹീല്‍ ചെയ്തുകൊണ്ട് അസ്പാസ് വീണ്ടും സ്കോര്‍ ചെയ്യുന്നു. ഓഫ് സൈഡ് വാദവുമായി മൊറോക്കോ വന്നെങ്കിലും വീഡിയോ റഫറിങ്ങില്‍ വിധി സ്പെയിനിന് അനുകൂലമാവുകയായിരുന്നു.
അഞ്ച് പോയന്റുമായി പോര്‍ച്ചുഗലിനോടൊപ്പം സ്പെയിനും ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക്. ഗോള്‍നിലയില്‍ സ്പെയിനാണ് മുന്നില്‍.