FIFA World Cup 2018 : South Korea vs Germany : ചാംമ്പ്യന്മാരായ ജർമനി പുറത്തേക്ക് ! ദക്ഷിണ കൊറിയയോടേറ്റ ഏകപക്ഷീയമായ രണ്ട് ഗോളിന്‍റെ പരാജയത്തില്‍ ചാംമ്പ്യന്മാരുടെ റഷ്യന്‍ സ്വപ്‌നങ്ങള്‍ക്ക് നാടകീയമായ അന്ത്യം.

നിര്‍ണായകമായ രണ്ട് മൽസരങ്ങളാണ് ഗ്രൂപ്പ് എഫില്‍ ഇന്ന് നടന്നത്. ആറ് പോയിന്‍റ് നേടി ഗ്രൂപ്പില്‍ മുന്നില്‍ നില്‍ക്കുന്ന മെക്‌സിക്കോയെ മൂന്ന് പോയിന്‍റുമായി മൂന്നാം സ്ഥാനത്തുള്ള സ്വീഡന്‍ നേരിടുമ്പോള്‍ തന്നെ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജർമനി ഇതുവരെ വിജയം കാണാത്ത ദക്ഷിണ കൊറിയയെ നേരിടുന്നു. ജയപരാജയങ്ങളോ സമനിലയോ പോലും മൂന്നില്‍ ഒരാളുടെ വിധി തീരുമാനിക്കും.

വിജയം അനിവാര്യമായി ഇറങ്ങുന്ന ചാമ്പ്യന്മാര്‍ മുന്‍ മൽസരങ്ങളില്‍ സ്വീകരിച്ച 4-2-3-1 എന്ന ഫോര്‍മേഷന്‍ തന്നെയാണ് സ്വീകരിക്കുന്നത്. ചുവപ്പ്കാര്‍ഡ് കണ്ട് പുറത്ത് നില്‍ക്കുന്ന ബോയട്ടാങ്ങിന് പകരം സുലെ പ്രതിരോധത്തില്‍ ഇടംനേടിയപ്പോള്‍ മധ്യനിരയില്‍ ക്രൂസിനോടൊപ്പം ഖേദിര മടങ്ങി വന്നു. ഓസില്‍ അറ്റാക്കിങ് മിഡ് റോളിലും മടങ്ങി വന്നപ്പോള്‍ മുള്ളറിന് പകരം ഷാല്‍ക്കെ താരം ഗോരെറ്റ്സ്‌കയും ആദ്യ ഇലവനില്‍ ഇടം നേടി.

കൂ ജാകിയോള്‍ മുന്നേറ്റത്തില്‍ മടങ്ങി വന്നപ്പോള്‍ പരുക്കേറ്റ നായകന്‍ കി സുങ്യുങ്ങിന് പകരം യുങ് വൂയുങ്ങും ഇടംനേടി. പ്രതിരോധനിരയില്‍ ഹോങ് ചുലും കിം മിന്‍വൂയും യുങ് യങ്ങ്സണും ഇറങ്ങി.

മരണഗ്രൂപ്പില്‍ ചാമ്പ്യന്മാരായ ജർമനിക്ക് വിജയം അനിവാര്യതയാകുമ്പോള്‍ ലോകകപ്പില്‍ ഒരു വിജയമെങ്കിലും നേടി മടങ്ങി പോകാം എന്നാവും കൊറിയയുടെ പ്രതീക്ഷ.

തുടക്കം മുതല്‍ പ്രതിരോധത്തിലായിരുന്നു കൊറിയയുടെ ശ്രദ്ധ. നാല് പ്രതിരോധതാരത്തിന് പുറമേ രണ്ട് ഡിഫന്‍സീവ് സ്വഭാവമുള്ള മധ്യനിരയും ചേര്‍ന്ന് ആറുപേര്‍ അടങ്ങുന്ന ഒരു പ്രതിരോധ നിരയാണ് കൊറിയയുടേത്‌. ഓസിലും റോയിസും വെര്‍ണറും ഗോരെറ്റ്സ്കയുമടങ്ങിയ ജര്‍മനിയുടെ ക്രിയാത്മകമായ മുന്നേറ്റനിരയെ നല്ല രീതിയില്‍ പ്രതിരോധിക്കാന്‍ അവര്‍ക്കായി.

തുടക്കത്തില്‍ തന്നെ ലഭിച്ച ഫ്രീകിക്കില്‍ സെകണ്ടുകളുടെ വ്യത്യാസത്തിലാണ് കൊറിയയ്ക്ക് ഗോള്‍ നഷ്ടമായത്. ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍ തടുത്ത പന്ത് റീബൗണ്ട് ചെയ്ത് കൊറിയന്‍ താരത്തിന്റെ കാലിലേക്ക്. നോയറിന്റെ അവസാന സെക്കണ്ട് സേവ് !

പന്തിന്മേലുള്ള പൊസഷനില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെയായിരുന്നു ജര്‍മനിയുടെ കളി. തങ്ങളുടെ സ്വത്തസിദ്ധമായ പൊസഷന്‍ ഗെയിം പുരത്തെടുക്കുമ്പോഴും നല്ലൊരു ഫിനിഷിഷിങ് കണ്ടെത്താന്‍ അവര്‍ക്കായില്ല. ജര്‍മനിയുടെ നാല് പ്രതിരോധ താരങ്ങളെ, പ്രത്യേകിച്ച് ഫുള്‍ബാക്കുകളെ നല്ല രീതിയില്‍ സമ്മര്‍ദത്തിലാക്കാന്‍ കൊറിയയ്ക്ക് കഴിഞ്ഞു.

രണ്ടാം പകുതിയില്‍ തന്നെ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച ലിയോണ്‍ ഗോരേറ്റ്സ്കയുടെ ഹെഡ്ഡര്‍ തലനാരിഴയ്ക്കാണ് കൊറിയന്‍ പോസ്റ്റ്‌ കടന്നുപോയത്. വൈകാതെ തന്നെ ഖെദീരയ്ക്ക് പകരം ഗോമസിനെ ഇറക്കിക്കൊണ്ട് ജര്‍മനി തങ്ങളുടെ മുന്നേറ്റത്തിന് മൂര്‍ച്ചകൂട്ടി. മരിയോ ഗോമസും പിന്നീട് പകരക്കാരനായി ഇറങ്ങിയ തോമസ്‌ മുള്ളറും അക്രമത്തില്‍ തങ്ങളുടെ പങ്ക് നിര്‍വഹിച്ചു.

എണ്‍പത്തിയഞ്ചാം മിനുട്ടില്‍ മാറ്റ്സ് ഹുമ്മല്‍സിന് മറ്റൊരു സുവര്‍ണാവസാരം. കൊറിയന്‍ ബോക്സിനകത്ത് ലഭിഹ ഓപണ്‍ ഹെഡ്ഡര്‍ ബയേണ്‍ മ്യൂണിക് താരം നഷ്ടപ്പെടുത്തുന്നു. തൊണ്ണൂറ് മിനുട്ട് കഴിഞ്ഞുള്ള അധികസമയത്തില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് കിം യോങ് വോണ്‍ ജര്‍മന്‍ പോസ്റ്റിലേക്ക് അടിച്ചുകയറ്റുന്നു. ഓഫ്സൈഡ് എന്ന് ജര്‍മനി വാദിച്ചെങ്കിലും വീഡിയോ റഫറിങ്ങില്‍ വിധി ജര്‍മനിക്ക് അനുകൂലം.

തൊണ്ണൂറ് മിനുട്ട് കഴിഞ്ഞുള്ള അധികസമയത്തില്‍ ജര്‍മനിയുടെ റഷ്യന്‍ സ്വപ്‌നങ്ങള്‍ക്ക് മേല്‍ അവസാനത്തെ ആണി. കൊറിയന്‍ പോസ്റ്റിനരികില്‍ ലഭിച്ച ഫ്രീകിക്കിനായി ജര്‍മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍ അടക്കമുള്ള താരങ്ങള്‍ കൊറിയന്‍ പോസ്റ്റിനരികില്‍ നിലയുറപ്പിക്കുന്നു. സെറ്റ് പീസില്‍ കാലിലൊതുക്കിയ പന്തുമായി കൊറിയയുടെ കൗണ്ടര്‍ അറ്റാക്ക് ! ആളില്ലാ പോസ്റ്റില്‍ സോങ് ഹ്യൂങ് വൂമിന്‍റെഗോള്‍ !

അങ്ങനെ ഗ്രൂപ്പ് തല മത്സരത്തില്‍ പരാജിതരായി ചാമ്പ്യന്മാരുടെ റഷ്യന്‍ സ്വപ്‌നങ്ങള്‍ക്ക് അവസാനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Fifa news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ