വമ്പന്‍മാര്‍ ഇടറി വീഴുന്ന കാഴ്ചയാണ് 2018 ഫിഫ ലോകകപ്പില്‍ കണ്ടുകൊണ്ടിരിക്കുന്നത്. 2014ലെ ലോകകപ്പ് ചാമ്പ്യന്മാരായ ജര്‍മ്മനി തലകുനിച്ച് പുറത്തേക്ക് പോയി. സൂപ്പര്‍താരം ലയണല്‍ മെസിയുടെ അര്‍ജന്റീനയും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും പുറത്താക്കപ്പെട്ടു. മുഹമ്മദ് സലാഹിന്റെ ഈജിപ്തിനും വിധി മറ്റൊന്നായിരുന്നില്ല. ഫുട്ബോളിലെ ഏറ്റവും കൂടുതല്‍ ആരാധകരുളള ടീമുകളില്‍ ഇനി നെയ്മറിന്റെ ബ്രസീല്‍ മാത്രമാണ് മുന്നോട്ടുളള പോരട്ടങ്ങള്‍ക്കുളളത്. തന്റെ കളി മികവിലും ഹെയര്‍സ്റ്റൈലിലും ഏറെ പേരുകേട്ട താരം എന്നാല്‍ ഇത്തവണത്തെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെട്ടത് അദ്ദേഹത്തിന്റെ വീഴ്‌ചകളുടെ പേരിലാണ്.
നിലത്തു വീണു കിടന്ന് നെയ്മര്‍ കരയുന്നത് വെറും അഭിനയം മാത്രമാണെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. താരത്തെ പരിസഹിക്കുന്നവരും അനവധിയാണ്. ഇതിനിടെ രസകരമായൊരു പഠനവും പുറത്തുവന്നു. സ്വിറ്റ്‌സര്‍ലൻഡിലെ ആര്‍ടിഎസ് സ്‌പോര്‍ട്‌സ് നടത്തിയ പരിശോധനയില്‍ നെയ്മര്‍ ഇതുവരെ കളിച്ച നാല് ലോകകപ്പ് മത്സരങ്ങളില്‍ 15 മിനിറ്റോളമാണ് പരുക്ക് അഭിനയിച്ച് ഗ്രൗണ്ടില്‍ കിടന്നത്. എന്നാല്‍ സെര്‍ബിയയ്ക്ക് എതിരായ മത്സരത്തില്‍ അദ്ദേഹത്തിന്റെ ‘ഉരുളല്‍’ ഏറെ പരിഹാസങ്ങള്‍ക്കും മെമെകള്‍ക്കും വഴിയൊരുക്കി.
ഇതിനിടെയാണ് ദക്ഷിണാഫ്രിക്കയിലെ കെഎഫ്സിയും ഇത് ഏറ്റെടുത്ത് പരസ്യം തയ്യാറാക്കിയത്. ഫുട്ബോള്‍ മത്സരത്തിനിടെ ഒരു താരം ഫൗള്‍ ചെയ്യപ്പെടുന്നിടത്താണ് പരസ്യം ആരംഭിക്കുന്നത്. ഉടന്‍ തന്നെ താരം ഉരുണ്ട് മൈതാനത്തിന് പുറത്തേക്ക് പോകുന്നു. റഫറിയും ക്യാമറകളും നോക്കി നില്‍ക്കെ ഫുട്ബോള്‍ താരം ഉരുണ്ടുരുണ്ട് കെഎഫ്സിക്ക് മുമ്പിലാണ് എത്തുന്നത്. പിന്നീട് എഴുന്നേറ്റ് കെഎഫ്സി വാങ്ങി കഴിക്കുന്നിടത്താണ് പരസ്യം അവസാനിക്കുന്നത്. നെയ്മറിന്റെ ഉരുളന്‍ അദ്ദേഹത്തിന് വിമര്‍ശനവും, അദ്ദേഹത്തിന്റെ ആരാധകര്‍ക്കും പരിഹാസവും സമ്മാനിച്ചെങ്കിലും കെഎഫ്സിക്ക് ഇത് ഗുണമാണ് ചെയ്തിരിക്കുന്നത്. പരസ്യം സോഷ്യൽ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നേരത്തെ നെയ്മറിന് പിന്തുണയുമായി ബ്രസീലിന്റെ ഇതിഹാസ താരം റൊണാള്‍ഡോ രംഗത്തെത്തിയിരുന്നു. നെയ്മറിനെതിരെയുള്ള വിമര്‍ശനങ്ങളെ അസംബന്ധമെന്നാണ് റോണോ വിശേഷിപ്പിച്ചത്. ‘ഫുട്ബോള്‍ കണ്ടിട്ട് വേറെ എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉന്നയിക്കാം. ഇത് പക്ഷെ തീര്‍ത്തും അസംബന്ധമാണ്. ഈ വിമര്‍ശനങ്ങള്‍ക്കൊക്കെ എതിരാണ് ഞാന്‍. അതിസമര്‍ത്ഥനായ കളിക്കാരനാണ് നെയ്മര്‍. അദ്ദേഹത്തെ എതിരാളികള്‍ മനഃപൂര്‍വം ഫൗള്‍ ചെയ്യുകയാണ്. റഫറി നെയ്മര്‍ക്കനുകൂലമായി നടപടികള്‍ കൈക്കൊള്ളുന്നില്ല.’ എന്നും ഇതിഹാസ താരം പറയുന്നു.
‘നെയ്മറെ ഫൗള്‍ ചെയ്യുമ്പോള്‍ പലപ്പോഴും റഫറി വെറും നോക്കുകുത്തികളായിരിക്കുകയാണ്. അദ്ദേഹത്തിനെതിരെ ഇങ്ങനെ ആക്ഷേപമുന്നയിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാകുന്നതല്ല. മാധ്യമങ്ങള്‍ കോളം നിറയ്ക്കാന്‍ വായില്‍ തോന്നിയത് പടച്ചുവിടുകയാണ്.’ റൊണാള്‍ഡോ പറഞ്ഞു.
അതേസമയം, നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകളും രണ്ട് അസിറ്റുകളുമായി ലോകകപ്പില്‍ തന്റെ സാന്നിധ്യം നെയ്മര്‍ അറിയിച്ചു കഴിഞ്ഞു. വെള്ളിയാഴ്ച ബെല്‍ജിയത്തിനെതിരെയുള്ള മത്സരം ജയിക്കുകയാണ് ഇപ്പോള്‍ നെയ്മറിനും സംഘത്തിനും മുന്നിലുള്ള വെല്ലുവിളി. ഇരു ടീമുകളും കരുത്തരായതിനാല്‍ തീപാറും പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.