FIFA World Cup 2018: മോസ്‌കോ: റഷ്യന്‍ ലോകകപ്പിലേക്ക് തങ്ങളുടെ അതിജീവനത്തിന്റെ രാഷ്ട്രീയം കൊണ്ടു വന്ന സ്വിറ്റ്‌സര്‍ലൻഡ് താരങ്ങളായ ഷെര്‍ദന്‍ ഷാക്കിരിയ്‌ക്കും ഷാക്കയ്‌ക്കും രണ്ട് മൽസരങ്ങളില്‍ വിലക്ക്. സെര്‍ബിയയ്‌ക്കെതിരായ മൽസരത്തിന് ശേഷം ഇരുവരും നടത്തിയ ആഘോഷ പ്രകടനമാണ് വിലക്കിലേക്ക് നയിച്ചത്.
രണ്ടു പേരും നിയമം ലംഘിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ച് ഫിഫ അന്വേഷിച്ച് വരികയാണ്. ഗോള്‍ അടിച്ച ശേഷം അല്‍ബേനിയന്‍ പതാകയിലെ ഇരുതലയുള്ള പരുന്തിനെ അനുകരിച്ച് കൈ കൊണ്ട് ആംഗ്യം കാണിച്ചതാണ് രണ്ട് താരങ്ങളേയും വിവാദത്തിലേക്ക് കൊണ്ടു ചെന്നെത്തിച്ചത്. എന്നാല്‍ ആംഗ്യം സെര്‍ബിയന്‍ ആരാധകരെ പ്രകോപിപ്പിക്കുന്നതായിരുന്നോ എന്നതിനെ കുറിച്ച് ഫിഫ അന്വേഷിച്ച് വരികയാണ്.
സെര്‍ബിയയില്‍ നിന്നും സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കുടിയേറ്റക്കാരായി എത്തിയ താരങ്ങള്‍ക്ക് സെര്‍ബിയയോടുള്ള രാഷ്ട്രീയം കൂടിയായിരുന്നു മൽസരം. അതുകൊണ്ട് തന്നെയാണ് ഇവര്‍ ഗോളാഘോഷം ഈ രീതിയിലാക്കിയത്.
മല്‍സരത്തില്‍ ഷാക്കിരി വിജയഗോള്‍ നേടിയതിന് പിന്നാലെ ഇരട്ടത്തലയുളള പരുന്തിന്റെ ചിഹ്നം കൈകൊണ്ട് കാണിച്ച് നാവ് പുറത്തേക്ക് നീട്ടിയാണ് ഷാക്കിരിയും ഷാക്കയും വിജയം ആഘോഷിച്ചത്. അല്‍ബേനിയന്‍ പതാകയിലെ പരുന്തിന്റെ ചിഹ്നമായിരുന്നു ഇത്. ഇതോടെ ഇരുതാരങ്ങള്‍ക്കുമെതിരെ നടപടിയാവശ്യപ്പെട്ട് സെര്‍ബിയയാണ് ഫിഫയെ സമീപിച്ചത്.
മുമ്പ് സെര്‍ബിയയുടെ അധീനതയിലായിരുന്ന കൊസോവയിലാണ് ഷാക്കിരി ജനിച്ചത്. 2008ല്‍ കൊസോവ സ്വതന്ത്ര പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സെര്‍ബിയ തയ്യാറാകാത്തത് ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം വഷളാക്കി. അല്‍ബേനിയന്‍ പാരമ്പര്യമുളള ഷാക്കയുടെ മാതാപിതാക്കള്‍ കൊസോവയിലാണ് ജനിച്ചത്. കൊസോവയുടെ സ്വാതന്ത്രത്തിനായി ശബ്‌ദം ഉയര്‍ത്തിയ ഇദ്ദേഹത്തിന്റെ പിതാവിനെ അന്നത്തെ യൂഗോസ്ലാവിയയില്‍ ജയിലില്‍ അടച്ചിരുന്നു. സെര്‍ബിയന്‍ ആരാധകരെ സാക്ഷിയാക്കിയുളള ഈ ആഹ്ലാദപ്രകടനമാണ് ചര്‍ച്ചയായി മാറിയത്.
എന്നാല്‍ തന്റെ ആഹ്ലാദപ്രകടന രീതിയെ ‘അത് വെറും വൈകാരികം മാത്രമാണ്’ എന്നാണ് മൽസരശേഷം ഷാക്കിരി പ്രതികരിച്ചത്. ‘ഫുട്‌ബോള്‍ എന്നും വൈകാരികമാണ്. ഞാന്‍ എന്താണ് ചെയ്‌തതെന്ന് നിങ്ങള്‍ കണ്ടതാണ്. അത് വെറും വൈകാരികമാണ്. ഗോളടിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. ഇതിനെ കുറിച്ച് ഇപ്പോള്‍ സംസാരിക്കണമെന്ന് തോന്നുന്നില്ല’. ഷാക്കിരി പറഞ്ഞു.