റിയാദ്: 12 വർഷത്തിന്​ ശേഷം ഫുട്​ബാൾ ലോകകപ്പിന്​ യോഗ്യത നേടി സൗദി അറേബ്യയുടെ ദേശീയ ടീം റഷ്യയിലെത്തി. വളരെ പ്രതീക്ഷയോടെയാണ് ഇത്തവണ സൗദി ടീം റഷ്യയിലെത്തുന്നത്. ഉദ്ഘാടന മൽസരവും സൗദിയുടേതാണ്. ഇതാദ്യമായാണ്​ ഒരു അറബ്​ ടീം ഉദ്​ഘാടന മൽസരം കളിക്കുന്നത്​. മോസ്​കോയിലെ ലുസ്​നികി സ്​റ്റേഡിയത്തിൽ വ്യാഴാഴ്​ചയാണ്​ കളി. കളി കാണാൻ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും എത്തുന്നുണ്ട്​.

കഴിഞ്ഞ 12 വർഷം ലോകകപ്പിന് യോഗ്യത നേടാനാകാതെ സൗദി ഫുടബോൾ നേരിടേണ്ടി വന്ന വിമർശനങ്ങൾ ചെറുതല്ല. 1994 ല്‍ രണ്ടാം റൗണ്ടില്‍ കയറിയതാണ് ചരിത്രത്തിൽ സൗദിയുടെ ഏറ്റവും വലിയ നേട്ടം. ആ റെക്കോർഡ്​ മറികടക്കുമെന്ന പ്രതീക്ഷയുമായാണ് ​ ടീം സെന്റ്‌ ​പീറ്റേഴ്​സ്​ ബർഗ്​ വിമാനത്താവളത്തിൽ ഇറങ്ങിയത്​. വിമാനത്താവളത്തിൽ റഷ്യയിലെ സൗദി അംബാസഡർ ഡോ.റഈദ്​ ബിൻ ഖാലിദ്​ ഖിംലിയും മറ്റ്‌ മുതിർന്ന നയതന്ത്ര പ്രതിനിധികളും ടീമിനെ സ്വീകരിച്ചു.

ടീമി​​​ന്റെ യാത്രക്കായി സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദിയ ഏറ്റവും പുതിയ പ്രത്യേക വിമാനമാണ്​ ഒരുക്കിയത്​. സൗദി ഫുട്​ബാൾ ടീമി​​​ന്റെ വിളി​പ്പേരായ ‘ഗ്രീൻ ഫാൽക്കണി’നെ ആലേഖനം ചെയ്‌ത് അലങ്കരിച്ചതാണ്​ വിമാനം. റഷ്യയിലേക്ക്​ പുറപ്പെടും മുമ്പ്​ ടീം അംഗങ്ങളും സൗദിയ വിമാന ജീവനക്കാരും വിമാനത്തിന്​ മുന്നിൽ നിന്ന്​ ഫോ​ട്ടോക്ക്​ പോസ്​ ചെയ്യുകയും ചെയ്​തു.

സൗദി ഉള്‍പ്പെടുന്ന ഗ്രൂപ്പ്​ എ യിൽ ഈജിപ്​തും ഉറുഗ്വേയുമാണ്​ മറ്റു ടീമുകൾ. റാങ്കിങ്ങിൽ താഴെ അടുത്തടുത്തുള്ള ടീമുകളാണ്​ സൗദിയും റഷ്യയും. പരുക്ക്​ കാരണം ആദ്യ മൽസരങ്ങൾ നഷ്​ടപ്പെടാനിടയുള്ള മുഹമ്മദ്​ സാലയുടെ അഭാവത്തിൽ ഈജിപ്​തി​​​ന്‍റെ ശൗര്യം കുറയും. അങ്ങനെ വന്നാൽ ഉറുഗ്വേക്ക്​ ഒപ്പം അടുത്ത റൗണ്ടിലേക്ക്​ പ്രവേശനം ലഭിക്കുമെന്നാണ്​ സൗദി ആരാധകരുടെ പ്രതീക്ഷ.

യുവാൻ അ​ന്റോണിയോ പിസ്സിയാണ്​ സൗദിയുടെ കോച്ച്​. നാഭീപേശിയിലുണ്ടായ പരുക്ക്​ പൂർണമായും ഭേദമാകാത്തതിനാൽ വിംഗർ നവാഫ്​ അൽ ആബിദിനെ ഒഴിവാക്കിയുള്ള 23 അംഗ അന്തിമ ടീമിനെ കഴിഞ്ഞയാഴ്​ചയാണ്​ ​​പ്രഖ്യാപിച്ചത്​. സൗദി അറേബ്യയുടെ ഏറ്റവും ഭാവനാസമ്പന്നനായ കളിക്കാരിലൊരാളായി പരിഗണിക്കുന്ന നവാഫി​​​ന്റെ അഭാവം ടീമിന്​ വലിയ നഷ്​ടമാണ്​.

യൂറോപ്പിൽ പലയിടത്തായി നടന്ന സന്നാഹ മൽസരങ്ങൾക്ക്​ ശേഷമാണ്​ സൗദി അറേബ്യ ലോകകപ്പിനെത്തുന്നത്​. അവസാന മൽസരത്തിൽ ജർമനിയോട്​ 2-1 ന്​ തോറ്റെങ്കിലും സൗദിയുടെ കളി ഏറെ മെച്ചപ്പെട്ടിരുന്നു. ഇതിൽ​തന്നെ ജർമനിയുടെ രണ്ടുഗോളുകളിൽ ഒന്ന്​ സൗദി പ്രതിരോധനിരക്കാര​​​ന്റെ സെൽഫ്​ ഗോളും ആയിരുന്നു.

സൗദി അറേബ്യയുടെ ലോകകപ്പ്​ ടീം അന്തിമ പട്ടിക

ഗോൾകീപ്പർമാർ: യാസിർ അൽ മുസൈലിം, അബ്​ദുല്ല അൽമയൂഫ്​, മുഹമ്മദ്​ അൽ ഉവൈസ്​. ഡിഫൻഡർമാർ: ഉസാമ ഹവസാവി, മുതാസ്​ ഹവസാവി, ഉമർ ഹവസാവി, യാസൽ അൽശഹ്​റാനി, മൻസൂർ അൽഹാർബി, മുഹമ്മദ്​ അൽബുറൈക്​, അലി അൽ ബുലൈഹി. മിഡ്​ഫീൽഡർമാർ: അബ്​ദുല്ല ഉതൈഫ്​, തൈസീർ അൽജാസിം, ഹുസൈൻ അൽമുഖാഹ്​വി, സൽമാൻ അൽഫറാജ്​, സാലിം അൽദോസരി, ഫഹദ്​ അൽമുവല്ലദ്​, യഹ്​യ അൽശഹ്​രി, അബ്​ദുൽ മാലിക്​ അൽഖൈബരി, മുഹമ്മദ്​ കാനൂ, അബ്​ദുല്ല അഇ ഖൈബരി, ഹത്താൻ ബാഹിബ്രി. സ്​ട്രൈക്കർമാർ: മുഹമ്മദ്​ അൽ സഹ്​ലാവി, മുഹന്ന​ അസ്സീരി.

വാർത്ത: സിജിൻ കൂവള്ളൂർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook