ലുഷ്നികി: ലോകകപ്പില്‍ ഫ്രഞ്ച് വിപ്ലവം പൂത്തുലഞ്ഞ രാത്രിയില്‍ മൈതാനത്ത് പ്രതിഷേധവും. ഫ്രാന്‍സ്-ക്രൊയേഷ്യ ഫൈനലിനിടെ കാണികള്‍ക്കിടയില്‍ നിന്നും നാലു പേര് മൈതാനത്തേക്ക് ഓടിക്കയറി വരികയായിരുന്നു. പുസി റയട്ട് എന്ന പോസ്റ്റ് പങ്ക് റോക്ക് ബാന്‍ഡിലെ അംഗങ്ങളായ നാലു പേരാണ് സെക്യൂരിറ്റിയെ പോലും വക വയ്ക്കാതെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്. പൊലീസ് യൂണിഫോമിലായിരുന്നു ഇവര്‍ മൈതാനം കയ്യടക്കുന്നത്.
ഇവരെ സുരക്ഷാ ഭടന്മാര് ഓടിച്ചിട്ട് പിടിച്ച് കൊണ്ടുപോവുകയായിരുന്നു. മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘമാണ് ഗ്രൗണ്ട് കൈയ്യേറിയത്. ആരാധന മൂത്ത നാല് പേരുടെ പണിയാണെന്നേ ആദ്യം കരുതിയുള്ളൂ. എന്നാല്‍ പിന്നാലെ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് സംഘടനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വരികയായിരുന്നു. റഷ്യന്‍ പൊലീസിന്റെ വേഷത്തിലായിരുന്നു പ്രതിഷേധക്കാര്‍ അതിക്രമിച്ചു കയറിയത്.
രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, സോഷ്യല്‍ മീഡിയയില്‍ ലൈക്കടിച്ചതിന്റെ പേരില്‍ ആളുകളെ ജയിലില്‍ ഇടാതിരിക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളുടെ പേരില്‍ ആളുകളെ അനധികൃതമായി ജയിലില്‍ അടയ്ക്കാതിരിക്കുക, റഷ്യയില്‍ രാഷ്ട്രീയ മത്സരം അനുവദിക്കുക, ആളുകളെ കള്ളക്കേസുകള്‍ ഉണ്ടാക്കി ജയിലില്‍ അടയ്ക്കാതിരിക്കുക തുടങ്ങിയവയായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
രാഷ്ട്രീയമായ അടയാളപ്പെടുത്തലുകള്‍ കൊണ്ട് ഏറെ ശ്രദ്ധേയമായ ജോനര്‍ ആണ് പങ്ക് റോക്ക്. 1970കളില്‍ അമേരിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ഉരുരുത്തിരിഞ്ഞുവന്ന പ്രതിഷേധങ്ങളുടെ സംഗീതമാണ് പുസി റയറ്റിനെ സ്വാധീനിക്കുന്നത്. നേരത്തെയും ഫെമിനിസ്റ്റ് എല്‍ജിബിടി രാഷ്ട്രീയ നിലപാടുകളില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഈ പങ്ക് റോക്ക് സംഘം പ്രസിഡന്റ് വ്ലാദിമര്‍ പുട്ടിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.
ആറു വര്‍ഷം മുന്‍പ് മോസ്കോയിലെ ഒരു പള്ളിയില്‍ കയറി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഈ സംഘടനയെ കുറിച്ച് ലോകമറിഞ്ഞത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫൈനലില്‍ ഫ്രാന്‍സ് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്. തങ്ങളുടെ ആദ്യ ലോകകപ്പ് ഫൈനല്‍ കളിച്ച ക്രോട്ടുകളെ തകര്‍ത്ത് തങ്ങളുടെ രണ്ടാമത്തെ ലോകകപ്പാണ് ഫ്രാന്‍സ് നേടിയത്. ഫ്രാന്‍സിന്റെ തന്നെ കിലിയന്‍ എംബാപ്പെയാണ് ലോകകപ്പിലെ മികച്ച യുവതാരം. അതേസമയം ഇംഗ്ലണ്ട് നായകന് ഹാരി കെയ്ന്‍ ഗോള്‍ഡന്‍ ബൂട്ടും നേടി.