വിമര്‍ശകര്‍ മുഴുവന്‍ നെയ്മറിനെ അഭിനേതാവെന്ന് വിളിച്ച് പരിഹസിക്കുകയാണ്. താരം സ്വയം തരംതാഴുകയാണെന്നൊക്കെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ആരാധകര്‍ മുതല്‍ പ്രമുഖ താരങ്ങളടക്കം നെയ്മറിനെ പരിഹസിക്കുന്നവരില്‍ പെടും. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ നെയ്മര്‍ തന്റെ കളി തുടരുകയാണ്. ബ്രസീലിനായി ഗോളടിച്ചും ഗോളടിപ്പിച്ചും നെയ്മര്‍ ആദ്യ കളികളിലെ ക്ഷീണം മാറ്റി കൊണ്ടിരിക്കുകയാണ്.
ഇതിനിടെ നെയ്മറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ബെല്‍ജിയത്തിന്റെ സൂപ്പര്‍ താരം റൊമേലു ലുകാക്കു. ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികളാണ് ബെല്‍ജിയം. ബെല്‍ജിയത്തിനായി ഗോളുകള്‍ അടിച്ചു കൂട്ടുന്നത് ലുകാക്കുവാണ്. നിലവില്‍ ഗോള്‍ വേട്ടക്കാരില്‍ രണ്ടാമനാണ് ലുകാക്കു. ബ്രസീലും ബെല്‍ജിയവും ഏറ്റുമുട്ടുമ്പോള്‍ അത് നെയ്മറും ലുകാക്കുവും തമ്മിലുള്ള ഏറ്റുമുട്ടലുമായിരിക്കും. ഈ സാഹചര്യത്തിലും ബ്രസീലിയന്‍ താരത്തിന് പിന്തുണയുമായെത്തിയിരിക്കുകയാണ് ലുകാക്കു.
നെയ്മര്‍ അഭിനേതാവല്ലെന്നും മികച്ച താരമാണെന്നും ലുകാക്കു പറഞ്ഞു. പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ലുകാക്കു. നെയ്മര്‍ അതിസമര്‍ത്ഥനായ കളിക്കാരനാണെന്നും അയാള്‍ക്കെതിരെ കളിക്കുക എന്നതു തന്നെ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും പറഞ്ഞ ലുകാക്കു, നെയ്മര്‍ ഭാവിയിലെ ഇതിഹാസമാണെന്നും അഭിപ്രായപ്പെട്ടു.
നെയ്മറിനെതിരെ രണ്ടാം വട്ടമാണ് താന്‍ കളിക്കാന്‍ പോകുന്നതെന്നും ഏറെ പ്രതീക്ഷയോടെയാണ് ബ്രസീലിനെതിരായ മത്സരത്തെ കാത്തിരിക്കുന്നതെന്നും ലുകാക്കു കൂട്ടിച്ചേര്‍ത്തു. ബ്രസീലിനെ നേരിടാന്‍ ബെല്‍ജിയം സജ്ജരാണെന്ന് ബെല്‍ജിയം പരിശീലകന്‍ മാര്‍ട്ടിന്‍സ് പറഞ്ഞു. ഈ ലോകകപ്പിലെ ഏറ്റവും ശക്തമായ പോരാട്ടത്തിനായിരിക്കും നാളെ രാത്രി സാക്ഷം വഹിക്കുക.