FIFA World Cup2018: സിആര്‍ 7, അത് വെറുമൊരു ചുരുക്കെഴുത്തല്ല. ഓരോ ആരാധകന്റേയും ഉള്ളില്‍ അണയാതെ കത്തുന്ന പ്രതീക്ഷയുടെ തീയാണ്. മൈതാനത്ത് ക്രിസ്റ്റ്യാനോയുണ്ടെങ്കില്‍ ഏത് നിമിഷവും ഒരു ഗോള്‍ പിറന്നേക്കാം എന്ന പ്രതീക്ഷ. അതുകൊണ്ടാണ് ഇന്നലെ തോറ്റെന്ന് പോര്‍ച്ചുഗീസ് പടയിലെ പത്ത് പേരും വിശ്വസിച്ചപ്പോഴും തിരിച്ചു വരുമെന്ന് ഓരോ ആരാധകനും ഉറപ്പിച്ച് പറഞ്ഞത്. ആ പ്രതീക്ഷ അയാള്‍ തകര്‍ത്തില്ല. സ്‌പെയിനിന്റെ ടിക്കി ടാക്കയെ ഹാട്രിക്ക് ഗോളുകൊണ്ട് ഒറ്റയ്‌ക്ക് വെല്ലുവിളിച്ചു ക്രിസ്റ്റ്യാനോ.
ഇരുകൂട്ടരും വാശിയോടെ പോരാടിയപ്പോള്‍ പിറന്നത് ആറു ഗോളുകള്‍. രണ്ടു ഭാഗത്തും മൂന്നു ഗോള്‍ വീതം. ആവേശം വേണ്ടുവോളം നിറഞ്ഞ മൽസരത്തില്‍ പിറന്നത് റെക്കോര്‍ഡുകളുടെ മഴ തന്നെയായിരുന്നു.
ലോകകപ്പിന്റെ ചരിത്രത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ പോര്‍ച്ചുഗീസ് താരമായിമാറി ക്രിസ്റ്റ്യാനോ. 1966ല്‍ കൊറിയന്‍ റിപ്പബ്ലിക്കിനെതിരെ നാലു ഗോള്‍ നേടിയ ഇതിഹാസതാരം യൂസേബിയോയും 2002ല്‍ പോളണ്ടിനെതിരെ പൗലേറ്റയുമാണ് നേരത്തെ ഈ നേട്ടം കൈവരിച്ചവര്‍. ഇതിഹാസങ്ങള്‍ക്കൊപ്പമാണ് ക്രിസ്റ്റ്യാനോയുടെ സ്ഥാനം.
ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ സ്‌പാനിഷ് ഇതിഹാസ താരം ഫ്രാങ്ക് പുഷ്‌കാസിനൊപ്പമെത്തി ക്രിസ്റ്റ്യാനോ. ക്രിസ്റ്റ്യാനോയ്‌ക്കും പുഷ്‌കാസിനും 84 രാജ്യാന്തര ഗോളുകള്‍ വീതമാണ് ഉള്ളത്. 151 കളികളില്‍ നിന്നാണ് ക്രിസ്റ്റ്യാനോ 84 ഗോളുകള്‍ സ്‌കോര്‍ ചെയ്‌തത്. പുഷ്‌കാസിനെ മറികടക്കാന്‍ ക്രിസ്റ്റ്യാനോയ്‌ക്ക് അടുത്ത കളിയില്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തം ഗോള്‍ നേട്ടത്തില്‍ ഇറാന്റെ അലി ദെയ്‌ക്ക് പിറകിലാണ് ക്രിസ്റ്റ്യാനോയും പുഷ്‌കാസും. അലി ദെയ്‌ക്ക് 109 ഗോളുകളുണ്ട്.
ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന അപൂര്‍വ്വ നേട്ടവും കൂടി സ്വന്തമാക്കി പറങ്കിപ്പടയുടെ കപ്പിത്താന്‍. സ്‌പാനിഷ് വലയിലേക്ക് തുടരെ തുടരെ മൂന്ന് വട്ടം നിറയൊഴിക്കുമ്പോള്‍ 33 വയസ്സും 130 ദിവസവുമാണ് ക്രിസ്റ്റ്യാനോയുടെ പ്രായം.
മൂന്ന് ലോകകപ്പുകളിലും സ്‌കോര്‍ ചെയ്‌ത താരം എന്ന ബഹുമതിയും ക്രിസ്റ്റിയാനോ സ്വന്തമാക്കി. 2006, 2010, 2014, 2018 ലോകകപ്പ് എന്നിവയിലെല്ലാം ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിനുവേണ്ടി ഗോളടിച്ചിട്ടുണ്ട്. എല്ലാ പ്രധാന ടൂര്‍ണമെന്റുകളിലും ഗോള്‍ നേടിയതും റെക്കോര്‍ഡ്. 2004, 2008, 2012, 2016 യൂറോ കപ്പുകളിലും ഗോളടിക്കുന്നതില്‍ ക്രിസ്റ്റ്യാനോ പഞ്ഞം കാണിച്ചിട്ടില്ല.
സോചിയില്‍ ക്രിസ്റ്റ്യാനോ നേടിയത് ക്ലബുകള്‍ക്കും രാജ്യത്തിനും വേണ്ടിയുള്ള തന്റെ കരിയറിലെ 51-ാം ഹാട്രിക്കായിരുന്നു എന്നതും ലോകകപ്പിലെ 51-ാം ഹാട്രിക് കൂടിയാണിതെന്നതും മറ്റൊരു സവിശേഷത.