FIFA World Cup 2018: ഫുട്‌ബോള്‍ അങ്ങനെയാണ്, അതിന് രാജ്യങ്ങളുടെ അതിര്‍ത്തി വരമ്പുകളില്ല. തങ്ങളുടെ രാജ്യങ്ങള്‍ക്ക് വേണ്ടി പരസ്‌പരം പോരടിക്കുന്നവര്‍ തന്നെ ഒരു ക്ലബ്ബിന്റെ ജഴ്‌സിയില്‍ പരസ്‌പരം കെട്ടിപ്പിടിച്ച് വിജയം ആഘോഷിക്കും. ഫുട്‌ബോള്‍ അവരെ അടുപ്പിക്കും. കളിക്കളത്തിലെ ചിരവൈരികളായ ബ്രസിലും അര്‍ജന്റീനയും ഉദാഹരണം. നെയ്‌മറും മെസിയുമെല്ലാം അത്തരം സൗഹൃദങ്ങള്‍ക്ക് ഉദാഹരണമാണ്. ഇപ്പോഴിതാ അര്‍ജന്റീന-ബ്രസീല്‍ ചിരവൈരത്തെ ഫുട്‌ബോള്‍ ജയിക്കുന്ന മറ്റൊരു മനോഹരമായ കഥ ലോകത്തിന്റെ കൈയ്യടി നേടുകയാണ്. ബ്രസീലിന്റെ സൂപ്പര്‍ താരമായ പൗളീഞ്ഞോ ബാഴ്‌സലോണയിലെത്തിയ കഥയാണത്.

അര്‍ജന്റീനയുടെ സൂപ്പര്‍ താരം മെസിയാണ് തന്നെ ബാഴ്‌സയിലെത്തിച്ചതെന്നു പൗളീഞ്ഞോ പറയുന്നു. പ്ലെയേഴ്‌സ് ട്രിബ്യൂണലില്‍ നല്‍കിയ അഭിമുഖത്തിലാണ് പൗളീഞ്ഞോ മെസി തന്റെ ജീവിതം മാറ്റി മറിച്ച സംഭവം തുറന്നു പറഞ്ഞത്. ആ വാക്കുകളിലേക്ക്..

മെസി എനിക്ക് അരികിലേക്ക് നടന്നു വരികയാണ്…

കഴിഞ്ഞ ജൂണിലായിരുന്നു. ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള സൗഹൃദ മൽസരം നടക്കുകയാണ്. ഞങ്ങള്‍ക്കൊരു ഫ്രീകിക്ക് കിട്ടി. ഞാനും വില്യണും കിക്കിന് തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നു. ഒരാള്‍ കൂടിയുണ്ടായിരുന്നു. വില്യണായിരുന്നു കിക്കെടുക്കാന്‍ നിന്നിരുന്നത്.

പെട്ടെന്ന് മെസി എനിക്കരികിലെത്തി. എന്നോടായി പറഞ്ഞു, ‘എന്നാല്‍ നമ്മള്‍ ബാഴ്‌ലോണയിലേക്ക് പോവുകയല്ലേ?’.

അത്രയേ ഉണ്ടായിരുന്നുള്ളൂ. കൂടുതല്‍ വിശദീകരണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒന്നുമുണ്ടായിരുന്നില്ല. അതും പറഞ്ഞ് അദ്ദേഹം തിരിഞ്ഞു നടന്നു.

എനിക്ക് ചിന്തിക്കാന്‍ പോലും സമയമുണ്ടായിരുന്നില്ല. ‘നിങ്ങള്‍ എന്നെ കൊണ്ടു പോയാല്‍ ഞാന്‍ വരാം’ എന്നു ഞാന്‍ മറുപടി നല്‍കി. അതേ അപ്പോള്‍ പറയാന്‍ തോന്നിയിരുന്നുള്ളൂ.

കളിക്കുന്നതിനിടയില്‍ എന്റെ ശ്രദ്ധ തെറ്റിക്കുക എന്നത് അസാധ്യമാണ്. എന്നാല്‍ മെസി അത് പറഞ്ഞതോടെ എല്ലാം എന്റെ കൈയ്യില്‍ നിന്നും പോയി. പിന്നെ ചിന്തിച്ചത് മൊത്തം അദ്ദേഹത്തിന്റെ വാക്കുകളെ കുറിച്ചായിരുന്നു. അദ്ദേഹം കാര്യമായിട്ട് പറഞ്ഞതായിരുന്നോ? എന്റെ ദൈവമേ എന്താണ് സംഭവിക്കുന്നത്?

അപ്പോള്‍ ഞാന്‍ ചൈനീസ് ക്ലബ്ബായ ഗ്വാങ്ഷുവാ എവര്‍ഗ്രാന്റേയ്‌ക്കായി കളിക്കുന്ന കാലമായിരുന്നു. ബാഴ്‌സലോണയ്‌ക്ക് എന്നില്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലായിരുന്നു. അദ്ദേഹം തമാശ പറയുകയായിരിക്കുമെന്ന് കരുതി. എന്റെ ശ്രദ്ധ തെറ്റിക്കാന്‍ പറഞ്ഞതാകുമെന്ന് കരുതി. പക്ഷെ ഞങ്ങള്‍ വെറും സൗഹൃദ മൽസരമായിരുന്നല്ലോ കളിച്ചിരുന്നത്.

മൽസരശേഷം ഞാന്‍ എന്റെ ജഴ്‌സി മെസിയ്‌ക്ക് നല്‍കാനായി സെക്യൂരിറ്റിക്കാരന്റെ കൈവശം നല്‍കി അയച്ചു. അര്‍ജന്റീന ഡ്രസിങ് റൂമില്‍ നിന്നും അദ്ദേഹം മടങ്ങിയെത്തിയത് മെസിയുടെ ജഴ്‌സിയുമായിട്ടായിരുന്നു.

ഇത് സത്യമാണോ? ഞാന്‍ വീണ്ടും ആലോചിച്ചു.

ഓസ്‌ട്രേലിയന്‍ ടൂര്‍ കഴിഞ്ഞ് ഞാന്‍ ചൈനയില്‍ മടങ്ങിയെത്തി. ട്രാന്‍സ്ഫര്‍ വാര്‍ത്തകളൊന്നും കേട്ടില്ല. ഒരു മാസം കടന്നു പോയി. ഞാന്‍ എല്ലാം മറന്നു. സൂപ്പര്‍ ലീഗിലെ കളിയില്‍ മാത്രമായി എന്റെ ശ്രദ്ധ. ജൂലൈ ആയതോടെ ബാഴ്‌സലോണ എന്നെ നോട്ടമിട്ടതായുള്ള അഭ്യൂഹങ്ങളൊക്കെ കേട്ടു തുടങ്ങി.

ഞാനെന്റെ ഏജന്റിനെ വിളിച്ചു. ‘ബോസ്, ദൈവത്തെ ഓര്‍ത്ത് സത്യം പറയൂ, എനിക്ക് ഭ്രാന്ത് പിടിക്കുകയാണ്’ ഞാന്‍ അയാളോട് പറഞ്ഞു. പക്ഷെ അദ്ദേഹം ഒന്നും വിട്ടു പറഞ്ഞില്ല.

ഞാന്‍ നെയ്മറിന് മെസേജ് അയച്ചു. എന്തെങ്കിലും അറിയുമോ എന്നു ചോദിച്ചു. നെയ്‌മറിനും ഒന്നും അറിയില്ലായിരുന്നു. ട്രാന്‍സ്ഫര്‍ വാര്‍ത്തകളുടെ കാര്യം അറിയാലോ. ഒന്നും വിശ്വസിക്കാന്‍ പറ്റില്ല. ബാഴ്‌സ റൂമറുകള്‍ വരുന്നതു വരെ ഞാന്‍ ചൈനയില്‍ നന്നായി ആസ്വദിച്ച് കളിക്കുകയായിരുന്നു. എനിക്കൊപ്പം ഭാര്യയും അവിടുത്തെ ജീവിതം ആസ്വദിക്കുകയായിരുന്നു.

അങ്ങനെ ഓഗസ്റ്റായി. ട്രാന്‍സ്ഫര്‍ വിന്‍ഡോ ഏറെക്കുറെ അടക്കുകയായിരുന്നു. എല്ലാം കഴിഞ്ഞെന്ന് കരുതി. ഒരു ദിവസം ബ്രസീലില്‍ നിന്നുമുള്ള എന്റെ സുഹൃത്തുക്കള്‍ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയിരുന്നു. അന്ന് രാത്രി എന്റെ ഏജന്റിന്റെ വിളി വന്നു.’ഡീല്‍ ശരിയായി. കരാര്‍ ഒപ്പിടാന്‍ നീ ബാഴ്‌സലോണയിലേക്ക് പോകണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

നിങ്ങളെന്നെ കളിയാക്കുകയാണോ എന്നായിരുന്നു ഞാന്‍ ചോദിച്ചത്. അല്ല, സത്യമാണ് നാളെ തന്നെ നീ അവിടെ എത്തണമെന്ന് അദ്ദേഹം മറുപടി നല്‍കി. പുലര്‍ച്ചെ നാലുമണിയായിരുന്നു അപ്പോള്‍. എനിക്ക് പറ്റില്ല, ബ്രസീലില്‍ നിന്നും സുഹൃത്തുക്കളെത്തിയിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു.

‘ഇത് ബാഴ്‌സയാണ്. അവരേയും നിനക്കൊപ്പം കൂട്ടിക്കൊള്ളൂ. എന്നിട്ട് വേഗം അടുത്ത വിമാനം പിടിക്കാന്‍ നോക്കൂ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഞാന്‍ ബാഗ് പാക്ക് ചെയ്‌ത് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. കാറിലിരുന്ന് വിന്‍ഡോയിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ എന്റെ മനസില്‍ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ, മെസി…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook