Nigeria vs Argentina നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അര്‍ജന്‍റീനയ്‌ക്ക് പ്രീ ക്വാര്‍ട്ടര്‍ പ്രവേശം. അര്‍ജന്റീനയ്‌ക്ക് വേണ്ടി നായകന്‍ മെസിയും പ്രതിരോധതാരം റോജോയുമാണ് അര്‍ജന്‍റീനയ്‌ക്ക് വേണ്ടി ഗോള്‍ നേടിയത്. നൈജീരിയയ്‌ക്ക് ആശ്വാസമായത് വിക്റ്റര്‍ മോസസ് നേടിയ പെനാല്‍റ്റി ഗോളാണ്.
നിര്‍ണായകമായ മൽസരത്തില്‍ ഏറെ മാറ്റങ്ങളോടെയാണ് അര്‍ജന്‍റീന ഇറങ്ങിയത്. കഴിഞ്ഞ മൽസരത്തില്‍ നിന്നും വിഭിന്നമായി 4-4-2 എന്ന ഫോര്‍മേഷനാണ് പരിശീലകന്‍ സംബോളി തിരഞ്ഞെടുത്തത്. ആദ്യ മൽസരത്തില്‍ ഗോള്‍ നേടിയ അഗ്വെരോയെ ബെഞ്ചിലിരുത്തി മുതിര്‍ന്ന താരമായ ഹിഗ്വേയിനാണ് ആദ്യ ഇലവനില്‍ ഇടം ലഭിച്ചത്. ബനേഗ, റോജോ ഡി മരിയ എന്നിവരെയും ആദ്യ ഇലവനില്‍ ഇറക്കി. ഒരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡറും നാല് മിഡ്ഫീല്‍ഡര്‍മാരും അണിനിരക്കുന്ന 3-5-2 എന്ന ഫോര്‍മേഷനിലാണ് നൈജീരിയ ഇറങ്ങിയത്.
മാറ്റിയ തന്ത്രങ്ങളില്‍ തുടക്കം മുതല്‍ കളിയുടെ വേഗത നിയന്ത്രിക്കാനായ അര്‍ജന്‍റീന 14-ാം മിനിറ്റില്‍ സൂപ്പര്‍താരം മെസിയിലൂടെ ആദ്യ ഗോളും നേടി. മധ്യനിരയില്‍ നിന്ന് ബനേഗ നല്‍കിയ ലോബ് പാസ് നെഞ്ചിലെടുത്ത് കാലിലൊതുക്കിയ അര്‍ജന്റീനന്‍ നായകന്‍ പന്തുമായി മുന്നേറുന്നു. നൈജീരിയന്‍ പ്രതിരോധത്തിനും ഗോളിക്കും യാതൊരു അവസരവും നല്‍കാതെ മെസിയടിച്ച ഷോട്ട് നൈജീരിയന്‍ പോസ്റ്റിലേക്ക്. റഷ്യയില്‍ മെസിയുടെ ആദ്യ ഗോള്‍.
ആദ്യപകുതിയില്‍ അര്‍ജന്‍റീനയ്‌ക്ക് മുന്നേറാനുള്ള സ്‌പേസ് നല്‍കിയത് നൈജീരിയയെ പ്രതികൂലമായി ബാധിച്ചു. ഓരോ തവണയും നൈജീരിയന്‍ ഹാഫില്‍ അനായാസം മുന്നേറ്റം മെനയാന്‍ ലാറ്റിനമേരിക്കന്‍ ശക്തികള്‍ക്കായി. ആദ്യ പകുതിയില്‍ മെസിയെടുത്ത ഫ്രീകിക്ക് നൈജീരിയന്‍ പോസ്റ്റ് വരെയെത്തി. നൈജീരിയന്‍ ഗോളിയുടെ മികച്ചൊരു സേവ് !
ഒരു സമയത്ത് അനായാസ വിജയം എന്ന് തോന്നിയ കളിയുടെ ഗതി മാറുന്നത് രണ്ടാം പകുതിയിലാണ്. 49-ാം മിനിറ്റില്‍ മഷറാനോ ബോക്‌സിനകത്ത് വച്ച് നൈജീരിയന്‍ താരത്തെ വലിച്ചതിനെ തുടര്‍ന്ന് നൈജീരിയക്ക് പെനാല്‍റ്റി. വിക്റ്റര്‍ മോസസ് എടുത്ത കിക്ക് അര്‍ജന്‍റീനന്‍ ബോക്‌സിലേക്ക് ! നൈജീരിയ സമനില പിടിക്കുന്നു.
നൈജീരിയ സമനില പിടിച്ചതോടെ അര്‍ജന്റീനയുടെ ആത്മവിശ്വാസത്തിന് കോട്ടം. പിന്നീട് കെട്ടിപ്പടുത്ത പല മുന്നേറ്റങ്ങളും മധ്യനിരയില്‍ കളഞ്ഞുകുളിച്ചു. ഡി മറിയാക്ക് പകരം മെസയേയും പെരസിന് പകരം പാവോണേയും ഇറക്കി സംബോളി ഭാഗ്യപരീക്ഷണത്തിനോരുങ്ങി. 76-ാം മിനിറ്റില്‍ നൈജീരിയ ആവശ്യപ്പെട്ട പെനാല്‍റ്റി വീഡിയോ റഫറിങ്ങില്‍ തള്ളിപ്പോയി.
87-ാം മിനിറ്റില്‍ പ്രതിരോധതാരം മാര്‍ക്ക്കാസ് റോജോയുടെ ഗോളില്‍ അര്‍ജന്‍റീന മുന്നില്‍. ഇടത് വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് ഗാബ്രിയേല്‍ മെര്‍കാഡോയുടെ ക്രോസ്. പോസ്റ്റിന് മുന്നില്‍ നിലയുറപ്പിച്ചിരുന്ന റോജോയുടെ ഷോട്ട് നൈജീരിയന്‍ ഗോളിയെ മറികടന്ന് പോസ്റ്റിലേക്ക് ! പ്രതിരോധതാരത്തിന്റെ ബൂട്ടില്‍ നിന്ന് പിറന്ന ഗോളില്‍ വീണ്ടും അര്‍ജന്‍റീനന്‍ സ്വപ്‌നങ്ങള്‍ പൂക്കുന്നു.
വിജയത്തോടെ അര്‍ജന്റീന ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലേക്ക്.