scorecardresearch
Latest News

പരുക്കോ അഭിനയമോ, നെയ്മര്‍ നഷ്ടപ്പെടുത്തിയത് ലോകകപ്പിന്റെ കാല്‍ മണിക്കൂര്‍

ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ട താരവും നെയ്മറാണ്

neymar, football news, copa america preparation, copa america, brazil, neymar injury, brazil training, നെയ്മർ, ബ്രസീൽ, കോപ്പ അമേരിക്ക, ie malayalam

നെയ്മറിന്റെ വീഴ്‌ചകളും അഭിനയവുമെല്ലാം ഈ ലോകകപ്പിന്റെ പ്രധാന ചര്‍ച്ചകളിലൊന്നാണ്. നിലത്തു വീണു കിടന്ന് നെയ്മര്‍ കരയുന്നത് വെറും അഭിനയം മാത്രമാണെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. താരത്തെ പരിസഹിക്കുന്നവരും അനവധിയാണ്.

ഇതിനിടെ രസകരമായൊരു പഠനം നടത്തിയിരിക്കുകയാണ് സ്വിറ്റ്‌സര്‍ലൻഡിലെ ആര്‍ടിഎസ് സ്‌പോര്‍ട്‌സ്. നെയ്മര്‍ ഇതുവരെ കളിച്ച നാല് ലോകകപ്പ് മത്സരങ്ങളില്‍ 15 മിനിറ്റോളമാണ് പരുക്ക് അഭിനയിച്ച് ഗ്രൗണ്ടില്‍ കിടന്നതെന്നാണ് പഠനം പറയുന്നത്. അതായത് ഒരു മത്സരത്തിലെ ആറിലൊന്ന് സമയം ഇതുവരെ നെയ്മര്‍ പരുക്ക് അനുഭവിച്ച് നഷ്ടപ്പെടുത്തി. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ട താരവും നെയ്മറാണ്.

നേരത്തെ നെയ്മറിന് പിന്തുണയുമായി ബ്രസീലിന്റെ ഇതിഹാസ താരം റൊണാള്‍ഡോ രംഗത്തെത്തിയിരുന്നു. നെയ്മറിനെതിരെയുള്ള വിമര്‍ശനങ്ങളെ അസംബന്ധമെന്നാണ് റോണോ വിശേഷിപ്പിച്ചത്.

‘ഫുട്ബോള്‍ കണ്ടിട്ട് വേറെ എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉന്നയിക്കാം. ഇത് പക്ഷെ തീര്‍ത്തും അസംബന്ധമാണ്. ഈ വിമര്‍ശനങ്ങള്‍ക്കൊക്കെ എതിരാണ് ഞാന്‍. അതിസമര്‍ത്ഥനായ കളിക്കാരനാണ് നെയ്മര്‍. അദ്ദേഹത്തെ എതിരാളികള്‍ മനഃപൂര്‍വം ഫൗള്‍ ചെയ്യുകയാണ്. റഫറി നെയ്മര്‍ക്കനുകൂലമായി നടപടികള്‍ കൈക്കൊള്ളുന്നില്ല.’ എന്നും ഇതിഹാസ താരം പറയുന്നു.

‘നെയ്മറെ ഫൗള്‍ ചെയ്യുമ്പോള്‍ പലപ്പോഴും റഫറി വെറും നോക്കുകുത്തികളായിരിക്കുകയാണ്. അദ്ദേഹത്തിനെതിരെ ഇങ്ങനെ ആക്ഷേപമുന്നയിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാകുന്നതല്ല. മാധ്യമങ്ങള്‍ കോളം നിറയ്ക്കാന്‍ വായില്‍ തോന്നിയത് പടച്ചുവിടുകയാണ്.’ റൊണാള്‍ഡോ പറഞ്ഞു.

അതേസമയം, നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകളും രണ്ട് അസിറ്റുകളുമായി ലോകകപ്പില്‍ തന്റെ സാന്നിധ്യം നെയ്മര്‍ അറിയിച്ചു കഴിഞ്ഞു. വെള്ളിയാഴ്ച ബെല്‍ജിയത്തിനെതിരെയുള്ള മത്സരം ജയിക്കുകയാണ് ഇപ്പോള്‍ നെയ്മറിനും സംഘത്തിനും മുന്നിലുള്ള വെല്ലുവിളി. ഇരു ടീമുകളും കരുത്തരായതിനാല്‍ തീപാറും പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Stay updated with the latest news headlines and all the latest Fifa news download Indian Express Malayalam App.

Web Title: Neymar wasted 15 minutes of world cup so far