FIFA World Cup 2018: കൊച്ചി: ലോകം കാല്‍പ്പന്തിന്റെ പൂരത്തിന് പിന്നാലെ കൂടുമ്പോള്‍ അതിന്റെ ഭാഗമാവുകയാണ് കേരളവും. ഇഷ്‌ട ടീമിനും താരങ്ങള്‍ക്കും പിന്തുണയറിച്ച് ഫ്‌ളക്‌സ് വച്ചും റാലികള്‍ നടത്തിയും സോഷ്യല്‍ മീഡിയയില്‍ വാചാലരായുമെല്ലാം കേരളക്കരയും ലോകകപ്പ് ഓളത്തില്‍ ചലിക്കുകയാണ്. സിനിമ, രാഷ്ട്രീയം, സാംസ്‌കാരികം, തുടങ്ങിയ രംഗങ്ങളിലെ പ്രമുഖരും തങ്ങളും ടീമിനുവേണ്ടി ജയ് വിളികള്‍ ആരംഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം.എം.മണിയും കടകംപള്ളി സുരേന്ദ്രനുമെല്ലാം ഈ ആരവത്തിനൊപ്പം സഞ്ചരിക്കുകയാണ്. എം.എം.മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റായിരുന്നു ഇന്ന് രാവിലെ സോഷ്യല്‍ മീഡിയയിലെ കാല്‍പ്പന്ത് ആരാധകരെ സ്വീകരിച്ചത്. തന്റെ ഇഷ്‌ട ടീമായ അര്‍ജന്റീനയോടുള്ള ആരാധന വ്യക്തമാക്കുന്നതായിരുന്നു മണിയുടെ പോസ്റ്റ്.

ചങ്കിടിപ്പാണ് അര്‍ജന്റീന എന്ന ഫ്രെയിമോടെ തന്റെ പ്രൊഫൈല്‍ ചിത്രം മാറ്റിയും അര്‍ജന്റീനയുടെ ജഴ്‌സിയണിഞ്ഞ ഫോട്ടോ പോസ്റ്റ് ചെയ്‌തുമായിരുന്നു മണി തന്റെ ഫുട്‌ബോള്‍ സ്‌നേഹം പ്രഖ്യാപിച്ചത്. ‘ചങ്കിടിപ്പാണ്… അര്‍ജന്റീന. അന്നും, ഇന്നും, എന്നും’ എന്ന വാക്കുകളോടെയായിരുന്നു മണി ഫോട്ടോ പോസ്റ്റ് ചെയ്‌തത്.

പിന്നാലെ മണിയ്‌ക്ക് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരിക്കുകയാണ്. ‘ചങ്കിടിപ്പല്ല ചങ്കുറപ്പാണ്, കാനറിപ്പടയാണ് ആശാനേ കാല്‍പ്പന്തിന്റെ ആവേശം.. മഞ്ഞപ്പടയുടെ മാന്ത്രികതയ്‌ക്കൊപ്പം’ എന്നായിരുന്നു കടകംപള്ളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഫോഴ്‌സാ ബ്രസീല്‍ എന്നെഴുതിയ ഫ്രെയിമിലേക്ക് തന്റെ പ്രൊഫൈല്‍ ചിത്രം മാറ്റുകയും ചെയ്‌തിട്ടുണ്ട് കടകംപള്ളി.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം തന്റെ കാല്‍പ്പന്ത് സ്‌നേഹം വ്യക്തമാക്കിയിരുന്നു. തന്റെ കൊച്ചു മകനൊപ്പം ഫുട്‌ബോള്‍ തട്ടുന്ന ചിത്രം പങ്കുവച്ചായിരുന്നു ലോകകപ്പ് ആവേശത്തെ കുറിച്ച് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ഏത് ടീമിനെയാണ് പിന്തുണയ്‌‌ക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയില്ല.

മന്ത്രിസഭയിലെ ഈ ഫുട്‌ബോള്‍ ഭിന്നതയെ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയയിലെ ഫുട്‌ബോള്‍ സ്‌നേഹികളും ഏറ്റെടുത്തിരിക്കുന്നത്. അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ രണ്ട് പേര്‍ക്കുമായി ചേരി ചേര്‍ന്ന് കമന്റ് ബോക്‌സിലും മറ്റുമായി വാഗ്‌വാദം നടത്തുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ