/indian-express-malayalam/media/media_files/uploads/2018/06/mexico-1.jpg)
FIFA World Cup 2018 Mexico vs Sweden: നിര്‍ണായകമായ രണ്ട് മൽസരങ്ങളാണ് ഗ്രൂപ്പ് എഫില്‍ ഇന്ന് നടന്നത്. ആറ് പോയിന്‍റ് നേടി ഗ്രൂപ്പില്‍ മുന്നില്‍ നില്‍ക്കുന്ന മെക്‌സിക്കോയെ മൂന്ന് പോയിന്‍റുമായി മൂന്നാം സ്ഥാനത്തുള്ള സ്വീഡന്‍ നേരിടുമ്പോള്‍ തന്നെ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജര്‍മനി ഇതുവരെ വിജയം കാണാത്ത ദക്ഷിണ കൊറിയയെ നേരിട്ടു. ജയപരാജയങ്ങളോ സമനിലയോ പോലും മൂന്നില്‍ ഒരാളുടെ വിധി തീരുമാനിക്കുന്നതായിരുന്നു മൽസരം.
കൊറിയയെ പരാജയപ്പെടുത്തിയ 4-3-2-1 എന്ന ഫോര്‍മേഷനില്‍ തന്നെയാണ് മെക്‌സിക്കോ ഇറങ്ങിയത്. 4-4-2 എന്ന ഫോര്‍മേഷനില്‍ അക്രമ ഫുട്ബോള്‍ പുറത്തെടുക്കാനാണ് സ്വീഡന്‍ തന്ത്രം. ജർമ്മനിയെ അട്ടിമറിച്ചതിന് ശേഷം ആ മികവ് പിന്നീട് പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന മെക്‌സിക്കോയ്‌ക്ക് വിജയം നേടാന്‍ സാധിച്ചില്ല.
എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു മെക്‌സിക്കോയുടെ തോല്‍വി. 50, 62 മിനിറ്റുകളിലായിരുന്നു സ്വീഡന്‍റെ ഗോളുകള്‍ പിറന്നത്. ഓഗസ്റ്റിന്‍സണ്‍ ആയിരുന്നു സ്വീഡന് വേണ്ടി ആദ്യം ലക്ഷ്യം കണ്ടത്. പിന്നാലെ പെനാല്‍റ്റിയിലൂടെ ഗ്രാന്‍ഗ്വിസ്റ്റ് ലീഡ് ഉയർത്തുകയും ചെയ്‌തു. 74-ാം മിനിറ്റില്‍ അല്‍വാരസിന്‍റെ സെല്‍ഫ് ഗോളും ആയതോടെ എല്ലാം പൂർത്തിയായി.
മൽസരത്തിലുടനീളം പന്ത് കൈവശം വച്ചെങ്കിലും ഗോള്‍ അടിക്കുന്നതില്‍ കാണിച്ച പിഴവാണ് മെക്‌സിക്കോയ്‌ക്ക് വിനയായത്. അതേസമയം, കിട്ടിയ അവസരങ്ങളിലെല്ലാം ആക്രമിക്കുകയായിരുന്നു സ്വീഡന്‍. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഹോളണ്ടിനേയും ഇറ്റലിയേയും പുറത്താക്കിയ സ്വീഡന്‍ മെക്‌സിക്കോയുടെയും കണ്ണീർ വീഴ്ത്തിയിരിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.