മോസ്കോ: കൂട്ടുകാര്‍ക്കൊപ്പം ഫിഫ ലോകകപ്പ് കാണാന്‍ പോവണമെന്ന നീണ്ട നാല് വര്‍ഷത്തെ പദ്ധതി ഭാര്യയുടെ ഇടപെടല്‍ കാരണം മുടങ്ങിപ്പോകുന്നതായി ഒന്ന് ചിന്തിച്ച് നോക്കു. മെക്‌സിക്കോയില്‍ നിന്നുളള ഒരു സുഹൃദ് സംഘത്തിന് ഇതേ അനുഭവമാണ് ഉണ്ടായത്. കാത്തുകാത്തിരുന്ന യാത്രയ്‌ക്ക് ഭാര്യ ‘നോ’ പറഞ്ഞതോടെ ജാവിയര്‍ വീട്ടിലിരുന്നു. കൂട്ടുകാരനില്ലാതെ റഷ്യയിലേക്ക് യാത്ര പോവാന്‍ സംഘം തീരുമാനിച്ചെങ്കിലും കൂടെ ജാവിയറിന്റെ അതേ വലുപ്പത്തിലും നീളത്തിലുമുളള കട്ടൗട്ടും ഇവര്‍ കരുതി.

2014 ൽ ലോകകപ്പ് നടക്കുമ്പോഴാണ് മെക്‌സിക്കോയിലെ ദുരാംഗോ സ്വദേശികളായ അഞ്ച് സുഹൃത്തുക്കൾ ചേർന്ന് അടുത്ത ലോകകപ്പ് കാണാൻ പോകണമെന്ന് പദ്ധതിയിടുന്നത്. വെറുതെയങ്ങ് പോകുകയായിരുന്നില്ല അവരുടെ ഉദ്ദേശ്യം, മറിച്ച് ഒരു ബസ് വാങ്ങി, അതില് സ്വന്തം രാജ്യത്തിന്റെ പതാകയുടെ നിറം നൽകി ലോകകപ്പ് നടക്കാനിരിക്കുന്ന റഷ്യയിലേക്ക് പോകണമെന്നായിരുന്നു അവരുടെ ലക്ഷ്യം.

ഒരു സ്‌കൂൾ ബസ് വിലയ്‌ക്ക് വാങ്ങി നിറം നല്‍കി കട്ടൗട്ടുമായി ഇവര്‍ യാത്ര ചെയ്‌തു. വഴിനീളെ സുഹൃത്തിന്റെ കട്ടൗട്ടുമായുളള യാത്രാവിവരം ഇവര്‍ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അറിയിക്കുന്നുണ്ടായിരുന്നു. ‘എന്റെ ഭാര്യ എന്നെ വരാന്‍ സമ്മതിച്ചില്ല’ എന്ന വാചകമായിരുന്നു ജാവിയറിന്റെ ടീഷര്‍ട്ടിന് മുകളില്‍ അച്ചടിച്ചിരുന്നത്. ഇതിനെ കുറിച്ച് ജാവിയറിന്റെ ഉറ്റ സുഹൃത്തുക്കളും പ്രതികരിച്ചു. ‘അവന്റെ ഭാര്യ അവനെ ലോകകപ്പിന് വിട്ടില്ല. എന്നാല്‍ അവന്റെ ഭാര്യയുടെ സമ്മതമില്ലാതെ അവനെ ഞങ്ങള്‍ ഞങ്ങളുടെ കൂടെ കൂട്ടി. ശരിക്കും അവന് ഇതൊരു നല്ല അനുഭവമാണ്’, സുഹൃത്തുക്കള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കട്ടൗട്ടുമായി വഴിനീളെ ബിയർ കഴിച്ചും സെല്‍ഫിക്ക് പോസ് ചെയ്‌തും ലോകകപ്പ് യാത്ര ഗംഭീരമാക്കി. നിരവധി ഫുട്ബോള്‍ ആരാധകരാണ് കട്ടൗട്ടിനൊപ്പം നിന്ന് സെല്‍ഫി എടുത്തത്. ഇവരുടെ യൂറോപ്യന്‍ പര്യടനം ഇതികം തന്നെ വൈറലായി മാറുകയും ചെയ്‌തു. റഷ്യയിൽ അവർ പോകുന്നിടത്തെല്ലാം ഈ കട്ടൗട്ടും കൊണ്ടാണ് അവർ പോയത്. പോസ് ചെയ്യുന്ന എല്ലാ ചിത്രങ്ങളിലും സെൽഫിയിലും അവർ ഈ കട്ടൗട്ടും വച്ചു. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ