FIFA World Cup 2018: ആദ്യ രണ്ട് കളികളിലും കാണാതെ പോയ മെസി മാജിക് മൂന്നാമത്തെ കളിയില്‍ കണ്ടതിന്റെ ആശ്വാസത്തിലാണ് ആരാധകര്‍. നൈജീരിയ്‌ക്കെതിരെ നേടിയ ആദ്യ ഗോളില്‍ തന്നെ മെസിയുടെ ക്ലാസ് വ്യക്തമായിരുന്നു. ബനേഗയില്‍ നിന്നും ലഭിച്ച പാസ് തുവല്‍ സ്‌പര്‍ശം പോലൊരു വണ്‍ ടച്ചില്‍ നിയന്ത്രിച്ച് ഗോള്‍ വലയിലേക്ക് കടത്തി വിട്ടത് കണ്ട് ഫുട്‌ബോള്‍ ആരാധകര്‍ ഒന്നടങ്കമാണ് കൈയ്യടിച്ചത്. ഇന്നിതാ മെസിയുടെ മറ്റൊരു ക്ലാസ് കായിക പ്രേമികളുടെ കൈയ്യടി നേടുകയാണ്.

നൈജീരിയയ്‌ക്കെതിരായ മൽസരത്തിന് ശേഷമായിരുന്നു സംഭവം. മൽസരത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്ക് അരികിലെത്തിയ മെസിയോടായി മാധ്യമ പ്രവര്‍ത്തകരിലൊരാള്‍ തന്റെ സമ്മാനത്തെ കുറിച്ച് ചോദിച്ചു. ഐസ്‌ലൻഡിനെതിരായ മൽസരത്തിന് ശേഷം അര്‍ജന്റീനയില്‍ നിന്നുമുള്ള ആ മാധ്യമ പ്രവര്‍ത്തകന്‍ മെസിയ്‌ക്കൊരു സമ്മാനം നല്‍കിയിരുന്നു. തന്റെ അമ്മ മെസിക്ക് നല്‍കാനായി അയാളുടെ കൈവശം ഏല്‍പ്പിച്ച ഒരു ചുവന്ന ചരടായിരുന്നു അത്.

Read Also; കുപ്പിയിലടയ്ക്കപ്പെട്ട ചില ലോകകപ്പ് പ്രതീക്ഷകൾ; ആഭിചാരങ്ങളുടെ കളിക്കളം

അര്‍ജന്റീന ഐസ്‌ലന്‍ഡിനോട് സമനില വഴങ്ങിയ ജൂണ്‍ 16നായിരുന്നു ഒരു ചുവന്ന റിബണ്‍ സമ്മാനമായി മാധ്യമ പ്രവര്‍ത്തകന്‍ മെസിയ്‌ക്ക് നല്‍കിയത്. ”ഇത് ഒരു മന്ത്രച്ചരടാണ്. അമ്മ നിങ്ങള്‍ക്ക് തരാന്‍ ഏല്‍പ്പിച്ചതാണ്. അവര്‍ക്ക് എന്നേക്കാള്‍ ഇഷ്‌ടം ഈ ലോകത്ത് നിങ്ങളോടാണ്. അതുകൊണ്ട് ഇത് നഷ്‌ടപ്പെടുത്തരുത്,” എന്നായിരുന്നു അതു നല്‍കികൊണ്ട് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്.

നൈജീരിയയ്‌ക്ക് എതിരായ മൽസരത്തിന് ശേഷം ആ ചരടിനെ കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. അതിന് ചിരിച്ചു കൊണ്ട് തന്റെ കാലില്‍ കെട്ടിയിരിക്കുന്ന ചരട് മെസി കാണിച്ചു കൊടുത്തു. ‘ഇതാ ഇങ്ങോട്ട് നോക്കൂ. ഇതാ നിങ്ങളുടെ ചരട്”

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. മെസിയുടെ ആരാധകരും അല്ലാത്തവരുമെല്ലാം വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook