ലോകം ലോകകപ്പ് ആവേശത്തിരയ്‌ക്കൊപ്പം സഞ്ചരിക്കുകയാണ്. ആ തിരയുടെ കയറ്റിറക്കങ്ങള്‍ക്കൊപ്പം കേരളവും യാത്ര ചെയ്യുകയാണ്. ബ്രസീലും അർജന്‍റീനയും മുതല്‍ ബെല്‍ജിയവും ക്രൊയേഷ്യയും വരെ കേരളത്തില്‍ ആരാധകരുള്ള ടീമുകളാണ്. ലോകകപ്പില്‍ ഇതുവരേയും പന്ത് തട്ടാന്‍ സാധിച്ചില്ലെങ്കിലും തങ്ങളുടെ ആരാധന കൊണ്ട് ഇന്ത്യ ലോകത്തെ ഏത് ഫുട്‌ബോള്‍ ആരാധകരേയും ഞെട്ടിക്കും.

ഇപ്പോഴിതാ കേരളത്തിന്റെ ഫുട്‌ബോള്‍ സ്‌നേഹത്തെ ഏറ്റെടുത്തത് സാക്ഷാല്‍ മെസിയാണ്. മെസിയുടെ കാലുകള്‍ തീര്‍ക്കുന്ന മായാജാലം കണ്ട് ആരാധകരായി മാറിയ ഓരോ മലയാളിയുടേയും ഉള്ളിലെ ആഗ്രഹമാണ് മലപ്പുറത്തെ ഒരുപറ്റം യുവാക്കളിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.

കഴിഞ്ഞ ദിവസം മെസി തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയിലാണ് മലപ്പുറത്തു നിന്നുമുള്ള പയ്യന്മാരും പ്രത്യക്ഷപ്പെട്ടത്. വീഡിയോ കണ്ട ഓരോ മലയാളിയും ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് അത് അഭിമാനമായി മാറുകയായിരുന്നു.

ലോകകപ്പിന് ഒരുങ്ങുന്ന അര്‍ജന്റീന ടീമിന് ആവേശം പകരുന്ന ആരാധകരുടെ വീഡിയോകള്‍ കോര്‍ത്തിണക്കിയ വീഡിയോയിലാണ് മലയാളികളും സാന്നിധ്യമറിയിച്ചത്. വാമോസ് ലിയോ എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് യുവാക്കള്‍ വീഡിയോയില്‍ എത്തുന്നത്. മലപ്പുറം എടവണ്ണ സ്വദേശികളായ അറയ്‌ക്കല്‍ ഷജീഹ്, ഹാസിഫ് എടപ്പാള്‍, ഷബീബ് മൊറയൂര്‍, ഷരീഫ് ഫറോഖ്, ആദിഷ് തൃശൂര്‍ എന്നിവരാണ് വീഡിയോയിലെത്തുന്നത്.

ഇവര്‍ തങ്ങളുടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട് മെസിയുടെ ഫെയ്‌സ്ബുക്ക് ടീം ബന്ധപ്പെടുകയും വീഡിയോ അയച്ചു കൊടുക്കാന്‍ പറയുകയുമായിരുന്നു. അങ്ങനെയാണ് അര്‍ജന്റീനന്‍ ആരാധകരുടെ വീഡിയോയില്‍ ഈ സംഘവും എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ