FIFA World Cup 2018: നെയ്മറിന്റെ വീഴ്ച്ചകളും അഭിനയവുമെല്ലാം വാര്‍ത്തകളില്‍ നിറയുമ്പോള്‍ നെയ്മറിനെ അനുകരിച്ച് പിഎസ്ജിയിലെ സഹതാരവും ഫ്രാന്‍സിന്റെ കുന്തമുനയുമായ കിലിയന്‍ എംബാപ്പെ. ഉറുഗ്വായ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു സംഭവം.

കളിയുടെ രണ്ടാം പകുതിയില്‍ ഉറുഗ്വായ് താരം ക്രിസ്റ്റ്യന്‍ റോഡ്രിഗ്വസ് തന്റെ ദേഹത്ത് തട്ടിയെന്ന ഭാവേനെ എംബാപ്പെ നിലത്ത് വീഴുകയും പിടയുകയുമായിരുന്നു. എന്നാല്‍ റോഡ്രിഗ്വസ് എംബാപ്പെയെ സ്പര്‍ശിച്ചിട്ടു പോലുമില്ലെന്ന് ടിവി റീപ്ലേകളില്‍ നിന്നും വ്യക്തമായി. ഇതോടെ എംബാപ്പെ നെയ്മറിനെ അനുകരിക്കുകയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം താരത്തിനെതിരെ ട്രോളുകള്‍ സജീവമായിരിക്കുകയാണ്.


നിലത്ത് വീണ് കിടന്ന് ഉരുളുന്ന എംബാപ്പെയ്ക്ക് അരികിലെത്തി ഉറുഗ്വായ് ക്യാപ്റ്റന്‍ ഗോഡിന്‍ താരത്തെ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തത് കളിക്കളത്തില്‍ ചൂടന്‍ രംഗങ്ങള്‍ സൃഷ്ടിച്ചു. ഇതോടെ ഇരു ടീമിലെ താരങ്ങള്‍ പരസ്പരം വാഗ്വാദങ്ങളും ഉന്തും തള്ളും വരെ ആയതോടെ റഫറി ഇടപെടുകയായിരുന്നു.

അഭിനയിച്ചതിന് എംബാപ്പെയ്ക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു. റോഡ്രിഗ്വസിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു. കളിക്കളത്തില്‍ നെയ്മര്‍ വീണ് കിടന്ന് നടത്തുന്ന അഭിനയ പ്രകടനങ്ങള്‍ക്കും വന്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് എംബാപ്പെയുടേയും അഭിനയം. പിഎസ്ജിയില്‍ നെയ്മറിന് ഒപ്പം കളിക്കുന്നതിനാല്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ചാതാകാം ഈ അടവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Fifa news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ