ലോകകപ്പ് സെമയില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും നേര്‍ക്കു നേര്‍ വന്നപ്പോള്‍, ക്രൊയേഷ്യയില്‍ നിന്നും ശക്തമായ പോരാട്ടം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇംഗ്ലണ്ട് തന്നെ ജയിക്കുമെന്നായിരുന്നു പലരും വിലയിരുത്തിയിരുന്നത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനെ തകര്‍ത്ത് ക്രൊയേഷ്യ വീരോചിതമായി തന്നെ ഫൈനിലേക്ക് മാര്‍ച്ച് ചെയ്തിരിക്കുകയാണ്. തങ്ങളുടെ ആദ്യ ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യ നേരിടുക ഫ്രാന്‍സിനെയാണ്.

2-1 ന് പരാജയപ്പെട്ടാണ് ഇംഗ്ലണ്ട് സെമിയില്‍ നിന്നും പുറത്തായത്. എക്‌സ്ട്രാ ടൈമിലായിരുന്നു ക്രൊയേഷ്യയുടെ വിജയം. തോറ്റ് പുറത്തായ ഇംഗ്ലണ്ടിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫ്രാന്‍സിന്റെ യുവതാരം കിലിയന്‍ എംബാപ്പെ. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് എംബാപ്പെ ഇംഗ്ലണ്ടിനെ പരിഹസിച്ചത്. പിന്നീട് എംബാപ്പെ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുമുണ്ട്.

‘ഇറ്റ്‌സ് കമ്മിങ് ഹോം, ഇംപോസിബിള്‍’ എന്നെഴുതിയിരിക്കുന്ന ചിത്രമാണ് എംബാപ്പെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ പരാജയത്തില്‍ തനിക്ക് ദുഃഖമുണ്ടെന്നും എന്നാല്‍ തനിക്ക് മണ്ടന്‍ മെസേജുകള്‍ അയക്കുകയും തന്നെ അപമാനിക്കുകയും ചെയ്തവര്‍ക്കുള്ള മറുപടിയാണിതെന്നും ഇതവര്‍ അര്‍ഹിക്കുന്നതാണെന്നും എംബാപ്പെ പറയുന്നു.

പിന്നാലെ എംബാപ്പെയെ വിമര്‍ശിച്ചു കൊണ്ട് ഇംഗ്ലണ്ട് ഫാന്‍സ് രംഗത്തെത്തുകയായിരുന്നു. ഇതോടെ താരം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ഈ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച താരങ്ങളിലൊരാളാണ് എംബാപ്പെ. എന്നാല്‍ ഇംഗ്ലണ്ടിനെ പരിഹസിച്ചു കൊണ്ടുള്ള പോസ്റ്റിന് പിന്നാലെ താരത്തിന് ചില്ലറ വിമര്‍ശനമൊന്നുമല്ല കേള്‍ക്കുന്നത്.

ഇംഗ്ലണ്ട് ജയിക്കുകയായിരുന്നുവെങ്കില്‍ മൂന്ന് സിംഹങ്ങള്‍ നിങ്ങളെ വേട്ടയാടി പിടിച്ച് ചവച്ചു തുപ്പുമായിരുന്നുവെന്നും നിങ്ങള്‍ അഹങ്കാരിയാണെന്നുമൊക്കെയാണ് എംബാപ്പെയുടെ പേജില്‍ നിറയുന്ന വിമര്‍ശനങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ