FIFA World Cup 2018: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അതിന്റെ മോശം കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ലോകകപ്പില്‍ നിന്നും നാണം കെട്ടായിരുന്നു ടീം പുറത്തായത്. പ്രീക്വാർട്ടറിലേക്ക് ടീം എത്തിയത് തന്നെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലായിരുന്നു. പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ഈ സാഹചര്യത്തില്‍ അര്‍ജന്റീനന്‍ ടീമിന്റെ പരിശീലകനാകാന്‍ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ് മറഡോണ. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് പ്രതിഫലം വാങ്ങാതെ എത്താമെന്നാണ് മറഡോണയുടെ പ്രസ്‌താവന.

ഫ്രാന്‍സിനെതിരായ 4-3 ന്റെ പരാജയത്തിന് പിന്നാലെ വീണ്ടും അര്‍ജന്റീനയുടെ പരിശീലകനാകാന്‍ ആഗ്രഹമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ഇതിഹാസ താരത്തിന്റെ മറുപടി. അതേസമയം, നിലവിലെ പരിശീലകന്‍ സാമ്പോളിയുടെ കരാര്‍ 2022 ലെ അവസാനിക്കുകയുള്ളൂ.

‘ഞാനത് സന്തോഷത്തോടെ ചെയ്യും, പകരമായി ഒന്നും ചോദിക്കില്ല” എന്നായിരുന്നു മറഡോണയുടെ മറുപടി. കഴിഞ്ഞ തവണ മറഡോണ പരിശീലകനായപ്പോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ജര്‍മ്മനിയോട് ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടാണ് അര്‍ജന്റീന പുറത്തായത്. അതിന് ശേഷം സൗദി അറേബ്യയിലെ രണ്ട് ടീമുകളെ മറഡോണ പരിശീലിപ്പിച്ചിരുന്നു.

റഷ്യന്‍ ലോകകപ്പിലും മറഡോണയുടെ സാന്നിധ്യം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അര്‍ജന്റീന കളിക്കുമ്പോള്‍ ഗ്യാലറിയില്‍ ആരവം മുഴക്കുകയും പരാജയപ്പെടുമ്പോള്‍ നിരാശനാകുകയും ചെയ്യുന്ന മറഡോണയുടെ ചിത്രങ്ങളെല്ലാം ഹിറ്റായി മാറിയിരുന്നു. പരിശീലകന്‍ സാമ്പോളിയുടെ മോശം തന്ത്രങ്ങള്‍ക്കെതിരേയും നേരത്തെ മറഡോണ രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook