FIFA World Cup 2018: ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വായും ഫ്രാന്‍സും ഏറ്റുമുട്ടുന്നതിന് മുമ്പു തന്നെ മൈതാനത്തിന് പുറത്ത് ലൂയിസ് സുവാരസും അന്റോണിയോ ഗ്രീസ്മാനും ഏറ്റുമുട്ടിയിരുന്നു. തനിക്ക് ഉറുഗ്വായ് പ്രിയപ്പെട്ട ടീമാണെന്ന് പറഞ്ഞ ഗ്രീസ്മാനെ എതിര്‍ത്ത് സുവാരസ് രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് കളി ചൂടുപിടിച്ചത്.
ഇന്നലെ ഉറുഗ്വായുടെ ലോകകപ്പ് മോഹങ്ങളുടെ ചിറകരിഞ്ഞത് ഗ്രീസ്മാന്‍ തന്നെയായിരുന്നു. വരാനെ നേടിയ ആദ്യ ഗോള്‍ പിറന്നത് ഗ്രീസ്മാന്റെ പാസില്‍ നിന്നുമായിരുന്നു. പിന്നാലെ ഗ്രീസ്മാന്‍ തന്നെ ഗോളും നേടി. ഇതോടെ ഉറുഗ്വായുടെ ലോകകപ്പ് യാത്രയും അവസാനിച്ചു. എന്നാല്‍ തന്റെ ഗോള്‍ ഗ്രീസ്മാന്‍ ആഘോഷിച്ചില്ല.
ഓരോ ഉറൂഗ്വെ താരത്തെയും സ്നേഹാഭിവാദ്യം ചെയ്ത ശേഷമാണ് ഫ്രാന്‍സ് സ്ട്രൈക്കര്‍ ഇന്നലെ കളിക്കാന്‍ ഇറങ്ങിയത്. ഉറുഗ്വായ് ടീമിനോടുള്ള സ്‌നേഹവും ബഹുമാനവും കാരണമാണ് താന്‍ ഗോള്‍ ആഘോഷിക്കാത്തത് എന്നായിരുന്നു മത്സരശേഷം ഗ്രീസ്‌മാന്‍ പറഞ്ഞത്.
Griezmann hugging each and every Uruguyan player before the #FRAURU #URUFRA match was amazing to watch. What a legend!!! #Antonine #Griezmann #FRA #URU #WorldCup #FIFAWorldCup2018 #Rusia2018 pic.twitter.com/YpMwEIygSF
— Stephen (@AmazingSMP) July 7, 2018
” ഞാന്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ചപ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് ഉറൂഗ്വെക്കാരാണ്. എന്നെ ഫുട്ബോളിലെ നല്ലതും മോശവും പഠിപ്പിച്ച ഉറൂഗ്വെക്കാരോട് എനിക്ക് ഒരുപാട് ബഹുമാനമുണ്ട്. ” മത്സരശേഷം ആന്റോണിയോ ഗ്രീസ്‌മാന്‍ പറഞ്ഞു.
എന്നാല്‍ ഗ്രീസ്മാന്റെ ആദരവ് ആവശ്യമില്ലെന്നായിരുന്നു ഇതിനോട് ഉറുഗ്വായുടെ സൂപ്പര്‍ താരം സുവാരസിന്റെ പ്രതികരണം. അദ്ദേഹം ഉറുഗ്വായ്ക്കാരനല്ല. അദ്ദേഹം ഫ്രഞ്ചുകാരനാണ്. ഗോളും സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഫുട്ബോളില്‍ ഇനിയും മുന്നേറാന്‍ ഞങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാനുണ്ടെന്ന് അദ്ദേഹത്തിനറിയില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ആചാരങ്ങളും ഉറുഗ്വായ് സംസാരരീതിയുമുണ്ട്. പക്ഷേ ഞങ്ങള്‍ക്കത് വ്യത്യസ്തമായാണ് തോന്നുന്നത്.’ സുവാരസ് പറയുന്നു.
ലാറ്റിനമേരിക്കന്‍ ടീമായ ഉറുഗ്വായെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് സെമിഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. എഡിസണ്‍ കവാനി ഇല്ലാത്തത് ഉറുഗ്വായുടെ ആക്രമണ നിരയില്‍ പ്രകടമായി നിഴലിച്ചിരുന്നു. കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താന്‍ ഉറുഗ്വായ്ക്ക് സാധിച്ചിരുന്നില്ല. ബോക്‌സ് വരെ എത്തിയ പല മുന്നേറ്റങ്ങളും ഫലം കാണാതെ പോയിരുന്നു.