ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് റഷ്യന്‍ ലോകകപ്പിലെ മറക്കാനാവാത്ത ഓര്‍മയായിരിക്കും പരമ്പരാഗത ഫുട്ബോള്‍ ശക്തികളായ അര്‍ജന്റീനയെ തകര്‍ത്തുകൊണ്ട് ക്രോയേഷ്യ നേടിയ 3-0ത്തിന്റെ വിജയം. ലയണല്‍ മെസിയും സെര്‍ജിയോ അഗ്വേരോയും മഷറാനോയും അടങ്ങുന്ന ഏറ്റവും ജനപ്രിയരായ ഒരു ഫുട്ബോളിങ് രാജ്യത്തെ നാണംകെടുത്തിക്കൊണ്ട് ക്രോയേഷ്യാ എന്ന കുഞ്ഞു രാജ്യം തോല്‍പ്പിച്ചപ്പോള്‍ പിറ്റേ ദിവസത്തെ പത്രങ്ങളില്‍ നിറഞ്ഞുനിന്നത് ‘LM10’ന്റെ വാര്‍ത്തകളാണ്. ലോകം മിശിഹായായി വാഴ്ത്തുന്ന ലയണല്‍ മെസിയല്ല, അര്‍ജന്റീനക്കെതിരെ ക്രോയേഷ്യയുടെ കളി മെനയുകയും ഒടുവില്‍ മികച്ചൊരു ഗോളില്‍ അവരെ വിറപ്പിക്കുകയും ചെയ്ത ലൂക്കാ മോഡ്രിച്ച് 10ന്റേതാണ് ആ പേര്.
ആധുനിക ഫുട്ബോളില്‍ സമാനതകളില്ലാത്ത പ്രതിഭകളിലൊന്നാണ് ലൂക്കാ മോഡ്രിച്ച്. അഞ്ചടി എട്ടിഞ്ച് ഉയരത്തിലും ഏത് പ്രതിരോധ കോട്ടയും കീറിമുറിക്കുന്ന ക്രിയാത്മകത കൈമുതലായുള്ള സാമ്പ്രദായിക നമ്പര്‍ പത്ത്. എതിരാളിയുടെ ബോക്സിലേക്ക് മുന്നേറ്റം മെനയുന്നത് പോലെ തന്നെ ഇന്റര്സെപ്ഷനുകളിലൂടെയും വണ്‍ ടച്ചുകളിലൂടെയും പ്രതിരോധം കാക്കുകയും കളിയുടെ വേഗത നിര്‍ണയിക്കുകയും ചെയ്യുന്ന ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍, പന്തടക്കത്തോടൊപ്പം തന്നെ ലോങ് റേഞ്ചറുകള്‍ തീര്‍ത്തും മുന്നേറ്റനിരയ്ക്ക് പന്തെത്തിച്ചും സംയമനത്തതോടെ എതിരാളികളെ ഡ്രിബിള്‍ ചെയ്തും മുന്നേറുന്ന അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍. മധ്യനിരയില്‍ ലൂക്കാ മോഡ്രിച്ചിന് വഴങ്ങാത്ത പൊസീഷനുകള് ഇല്ല. കഴിഞ്ഞ ആറ് വര്‍ഷമായി ലോകത്തെ ഏറ്റവും വിലയേറിയ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ മധ്യനിര മെനയുന്ന മാന്ത്രിക്കന്റേത് സമാനതകളില്ലാത്ത കഥയാണ്. അതേ, അയാളൊരു മാന്ത്രികനാണ് !
കാല്പന്ത് പ്രതിരോധിച്ച വെടിയുണ്ടകള്‍, പലായനങ്ങള്‍
1985ല്‍ അവിഭക്ത യുഗോസ്ലാവിയുടെ കീഴില്‍ വരുന്ന സോഷ്യലിസ്റ്റ് റിപബ്ലിക് ഓഫ് ക്രൊയേഷ്യയിലാണ് ലൂക്കാ മോഡ്രിച്ച് എന്ന ലൂക്കാ ജനിക്കുന്നത്. ക്രോയേഷ്യന്‍ സ്വാതന്ത്ര്യസമരം ആരംഭിച്ചതോടെ സഡാര്‍ എന്ന കുഞ്ഞു പട്ടണത്തില്‍ നിന്ന് ലൂക്കായുടെ കുടുംബത്തിന് പലായനം ചെയ്യേണ്ടി വന്നു. തൊഴിലാളിയായ പിതാവ് സ്റ്റൈപ്പിന് ക്രോയേഷ്യന്‍ പട്ടാളത്തില്‍ ചേര്‍ന്നപ്പോള്‍ അപ്പൂപ്പന് താമസിക്കുന്ന ജെസനീസ് എന്ന ഗ്രാമത്തിലേക്ക് അമ്മ റഡോജ്കയോടപ്പം കുഞ്ഞ് ലൂക്കായും സഹോദരിമാരും താമസം മാറി.
ബോസ്നിയന്‍ യുദ്ധത്തിന്റെ ഭീകരതയില്‍ പുകയുകയായിരുന്നു ആ ഗ്രാമം. ഷെല്ലുകളും മൈനുകളും ഉപയോഗിച്ചുള്ള അക്രമത്തില്‍ വീടുകള്‍ നിരന്തരമായി തകര്‍ക്കപ്പെട്ടു. ഏത് സമയവും മരണം തളംകെട്ടി നില്ക്കുന്ന മലംപ്രദേശത്തില് അങ്ങനെയിരിക്കെ ലൂക്കയുടെ വീട്ടിലേക്കും അതിന്റെ തണുത്ത കൈകളെത്തി. ദിവസവും തന്റെ കാലികളുമായി അടുത്ത മലയില്‍ മേയ്യാന്‍ പോവുമായിരുന്ന മുത്തച്ഛന് മോഡ്രിച്ച് സീനിയര്‍ സെര്‍ബിയന്‍ വിമതരുടെ കൈകളില്‍ വധിക്കപ്പെടുന്നു. അതോടെ ലൂക്കയുടെയും കുടുംബത്തിന്റെയും പലായനം ആരംഭിക്കുകയായി. പേരും വിവരവും അറിയാത്ത ഒരുപാട് അഭയാര്‍ത്ഥികളോടൊപ്പം സഡാറിലെ ഒരു ഹോട്ടലില്‍ അവരും ചേര്‍ന്നു. അവിടെയും കാര്യങ്ങള്‍ മറിച്ചായിരുന്നില്ല. കടലിനരികിലുള്ള സഡാറില് ഒന്നല്ല, വിവിധ ദിശകളില്‍ നിന്നാണ് ആക്രമങ്ങള്‍ വന്നത്. ഇരു വശത്ത് നിന്നും വരുന്ന അക്രമങ്ങളെ പ്രതിരോധിക്കാന്‍ കുഞ്ഞു ലൂക്ക ഒരു മാര്‍ഗം കണ്ടെത്തുകയായിരുന്നു, ഫുട്ബോള്‍ !!
സഡാറിലെ പട്ടണത്തില്‍ വ്യോമാക്രമണം നടക്കുമ്പോള്‍ കുട്ടികള്‍ പന്തുമായി കെട്ടിടങ്ങള്‍ക്കടിയില്‍ ഓടി ഒളിച്ചു. കുണ്ടും കുഴിയും നിറഞ്ഞ ഹോട്ടലിന്റെ പാര്‍ക്കിങ്ങ് അവന് പരിശീലന കളരിയാക്കി. അങ്ങനെയിരിക്കെയാണ് എന്‍കെ സഡാര്‍ എന്ന കുഞ്ഞ് ക്ലബ്ബിന്റെ പരിശീലകന് ടോമിലോവ് ബേസിക് ലൂക്കയെ ശ്രദ്ധിക്കുന്നത്. എല്ലിച്ച ശരീരവുമായി പന്ത് തട്ടുന്ന ലൂക്കയുടെ കളിയില്‍ എന്തോ മാന്ത്രികതയുണ്ടായിരുന്നു. പിന്നീട് ലൂക്കയെന്ന കളിക്കാരനെ വളര്‍ത്തുന്നത് ബേസിക് ആയിരുന്നു. ഹൈഡുക് സ്പ്ലിറ്റ് എന്ന പ്രാദേശിക ക്ലബ്ബിനുവേണ്ടി ബൂട്ട് കെട്ടണം എന്നായിരുന്നു ലൂക്കായുടെ ആഗ്രഹം. അതിന്റെ ട്രയലില്‍ അയാള്‍ പങ്കെടുക്കുകയും ചെയ്തു. പ്രായത്തിനനുസരിച്ച് ശാരീരിക ക്ഷമതയില്ല എന്ന കാരണം നിരത്തി അവര്‍ ലൂക്കയെ തഴഞ്ഞു. ഒടുവില്‍ ലൂക്കയെ തേടി അവസരം വന്നു. ചിരവൈരികളായ ഡയനാമോ സാഫ്രെബിലേക്ക് ! ലൂക്കാ മോഡ്രിച്ച് എന്ന ക്രൊയേഷ്യന്‍ ഇതിഹാസത്തിന്റെ തലവര തെളിയുകയായിരുന്നു.
മേക്കിങ് ഓഫ് ലൂക്കാ മോഡ്രിച്ച്
ബ്രസീലിയന്‍ സൂപ്പര്‍സ്റ്റാര്‍ റൊണാള്‍ഡോയുടെ ചിത്രമൊട്ടിച്ച ഷിന്പാഡുമായി ലൂക്ക പന്ത് തട്ടിതുടങ്ങി. ആദ്യ സീസണില്‍ വര്‍ണവെറിയും അക്രമവും കൊണ്ട് പേരുകേട്ട ബോസ്നിയന്‍ ലീഗിലേക്ക് ലൂക്കയെ ലോണടിസ്ഥാനത്തില്‍ നല്കി. ഇരുപത്തിരണ്ട് കളികളില്‍ നിന്ന് എട്ട് ഗോളുമായി ബോസ്നിയന്‍ ലീഗിലെ മികച്ച താരം! അടുത്ത സീസണില്‍ മറ്റൊരു ക്രോയേഷ്യന്‍ ക്ലബ്ബില്‍ ലോണിന്. പതിനെട്ട് കളികളില്‍ നാല് ഗോള്‍. 2004-05 സീസണിലേക്ക് ഡയനാമോ സാഗ്രേബിന്റെ വിളി വന്നു. പത്തൊമ്പതുകാരന് സീനിയര്‍ ടീമില്‍. ഗോളൊന്നും നേടിയില്ലെങ്കിലും ലൂക്കയുടെ കളി ശ്രദ്ധയില്‍ പെട്ടുതുടങ്ങി. ലൂക്കയുടെ കളിമികവ് ക്രോയേഷ്യന്‍ ടീമിന്റെ ശ്രദ്ധയില്‍ പെട്ടു. രാജ്യത്തിന്റെ അണ്ടര്‍ 21ലേക്ക് വിളിവന്നു.

ഇരട്ടിമധുരമായി പത്ത് വര്‍ഷത്തേക്ക് ലൂക്കയുമായി ഡയനാമോ സാഗ്രേബ് കരാറിലൊപ്പിട്ടു. ആ കരാര്‍ തുകയില്‍ സഡാറില് അയാളൊരു ഫ്ലാറ്റ് വാങ്ങി. ലൂക്കയും കുടുംബവും ഇനി അഭയാര്‍ത്ഥികളല്ല. ” ഞാനൊരു കുടുംബസ്ഥനാണ്. അച്ഛനും അമ്മയും രണ്ട് സഹോദരികളുമായി മിണ്ടാത്ത ഒരു ദിവസം പോലും എനിക്കില്ല.” ലൂക്ക ഒരിക്കല്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ക്ലബ്ബിന്റെ സുപ്രധാന താരമായി ഇന്ന് നില്‍ക്കുമ്പോഴും അയാളാ പതിവുകള്‍ തുടരുന്നു.
ഡയനാമോ സാഗ്രേബില്‍ നാല് വര്‍ഷങ്ങള്‍. 128 കളികളില്‍ നിന്ന് മുപ്പത്തിരണ്ട് ഗോളുകള്‍. ടീമിന്റെ എല്ലാമായി മാറിയ ലൂക്കയെ തേടി വന്‍ സ്രാവുകള്‍ തന്നെ വലവീശി തുടങ്ങി. ആദ്യമെത്തിയത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്സണലാണ്. കരാറിന്റെ വക്കോളം എത്തിയ ആഴ്സണല്‍ പിന്നീട് അത് ഉപേക്ഷിച്ചു. എല്ലിച്ച ശരീരമുല്ല ലൂക്കയുടെ ശാരീരിക ക്ഷമതയില്‍ ആഴ്സീന്‍ വെങ്ങറിനുണ്ടായ സന്ദേഹമാണ് അതിന് കാരണം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഫിസികല്‍ സ്വഭാവം അയാള്‍ക്ക് വഴങ്ങുമോ എന്ന് അവര്‍ സംശയിച്ചു.
” എന്റെ കരിയര്‍ മുഴുവനും ആളുകള്‍ എന്നെ ചോദ്യം ചെയ്തു. എനിക്ക് വലിപ്പവും കരുത്തും ഇല്ലാത്തതിനാല്‍ ഞാന്‍ മികവ കുറഞ്ഞവാനാണ് എന്ന് അവര്‍ വിധിയെഴുതി. അതിനാല്‍ ഞാന്‍ പ്രീമിയര്‍ ലീഗിന് ഒതുങ്ങില്ല എന്ന് അവര്‍ കണ്ടെത്തി. അത് തെറ്റായിരുന്നു എന്ന് എനിക്ക് തെളിയിക്കണമായിരുന്നു. ”

പിന്നീടെത്തിയത് വമ്പന്മാരായ ബാഴ്സലോണയും ബയേണുമാണ് ഇരുവരും ലൂക്കയില്‍ തൃപ്തനായില്ല. ഒടുവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍ എത്തി. അതുവരെയുണ്ടായിരുന്ന ക്ലബ്ബിന്റെ റെക്കോര്‍ഡ് തുകയ്ക്ക് ലൂക്ക സ്പറിലേക്ക്. സ്പര് കരാറിലായി.
പ്രീമിയര്‍ ലീഗ് തനിക്ക് അന്യമല്ല എന്ന് തെളിയിക്കുന്നതായിരുന്നു ലൂക്കയുടെ ടോട്ടന്‍ഹാം കാലം. 2008 മുതല്‍ 2012 വരെ ടോട്ടന്‍ഹാമിന്റെ മധ്യനിരയില്‍ ലൂക്ക കളി മെനഞ്ഞു. 159 ഓളം കളികള്‍ പതിനേഴ് ഗോളുകളും നേടി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച താരങ്ങളിലൊന്നായി ലൂക്ക തിളങ്ങി നിന്നപ്പോള്‍ വിധിയെഴുതിയവര്ക്കൊക്കെ പിഴച്ചു.
ലോകത്തിന്റെ നെറുകയില്‍
2012-13 സീസണിലേക്ക് ലൂക്കയെ തേടിയെത്തിയത് ലോകത്തെ ഏറ്റവും ധനികരായ ക്ലബാണ്. മുപ്പത്തിമൂന്ന് മില്യണ്‍ യൂറോയ്ക്ക് ലൂക്ക റയല്‍ മാഡ്രിഡിലേക്ക് ! സാബി അലോണ്‍സോ, ഖെദീര, ഓസിലുമടങ്ങുന്ന മധ്യനിരയില്‍ സ്ഥിരക്കാരനാക്ക എന്നത് ബുദ്ധിമുട്ടുള്ളകാര്യം തന്നെ.
2013ല്‍ പരിശീലകന് ഹോസെ മൊറീഞ്ഞോ പോയതോടെ ലൂക്ക ആദ്യ പതിനൊന്നില്‍ ഇടംപിടിച്ചു തുടങ്ങി. പിന്നീടുള്ള അഞ്ച് വര്‍ഷത്തോളം പ്രതിരോധത്തിലും, മധ്യനിരയിലും ആക്രമണത്തിലും വേണ്ടവിധം ഉപയോഗിക്കാവുന്ന റയലിന്റെ തുറുപ്പുചീട്ടായി ലൂക്കാ മോഡ്രിച്ച് എന്ന ‘കമ്പ്ലീറ്റ് മിഡ്ഫീല്‍ഡര്‍’.

93 മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് കൃത്യമായി സെര്‍ജിയോ റാമോസിന്റെ തലയിലേക്ക് എത്തിച്ച് ആദ്യ വര്‍ഷം തന്നെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തു. പിന്നീട് റയല്‍ സ്വന്തമാക്കിയ നാല് ചാമ്പ്യന്‍സ് ലീഗ് ട്രോഫിയിലും സ്കോര്‍ ചെയ്തും ഗോളിന് വഴിയൊരുക്കിയും അയാള്‍ തന്റെ കടമ നിറവേറ്റി. സ്വന്തം ടീമിനും എതിര് ടീമിനും ഒരുപോലെ പ്രിയങ്കരനായി ആ മാന്ത്രികന്. ടോട്ടല്‍ ഫുട്ബോളിലൂടെ ലോകം മാറ്റിമറിച്ച യൊഹാന്‍ ക്രൈഫ് മുതല്‍ ആധുനിക ഫുട്ബോള്‍ തന്ത്രജ്ഞരില്‍ പ്രമുഖനായ ഗാര്‍ഡിയോള വരെ അയാളെ വാഴ്ത്തി !
രാജ്യാന്തര ഫുട്ബോളിലും മോഡ്രിച്ച് തന്റെ മികവ് പ്രകടിപ്പിച്ചു. 2006 മുതല്‍ ക്രോയേഷ്യന്‍ ടീമിലെ സ്ഥിരസാന്നിദ്ധ്യമാണ് ലൂക്ക. ഇവാന് റാക്കിറ്റിച്ചും ഇവാന് പെരിസിച്ചും, മരിയോ മണ്സൂകിച്ചും നികൊളാ കാലിനിച്ചും അടങ്ങുന്ന ക്രോയേഷ്യന്‍ ഫുട്ബോളിലെ ഒരു സുവര്‍ണ തലമുറയുടെ ഭാഗമാണ് ലൂക്കാ. 2018ല്‍ റഷ്യയിലേക്ക് പറക്കുമ്പോള്‍ ലോകകപ്പിലെ ചരിത്രത്തിനെ തന്നെ മാറ്റിമറിക്കാവുന്ന കറുത്തകുതിരകള്‍ ആയേക്കും എന്ന് വാതുവെപ്പുകാര്‍ വിലയിരുത്തിയ ടീം. പാരമ്പര്യ ഫുട്ബോള്‍ ശക്തികളായ അര്‍ജന്റീനയെ വിറപ്പിച്ച പ്രകടനംകൊണ്ട് ലൂക്കയും ക്രോയേഷ്യയും ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
റൊണാള്‍ഡോയും മെസിയും മാത്രമായി ഫുട്ബോള്‍ ചര്‍ച്ചകള്‍ മാറുന്ന ഒരു കാലത്ത് ലൂക്കാ മോഡ്രിച്ചിനെ പോലൊരു പ്രതിഭയെതേടി അധികം ആരാധകര്‍ വന്നെന്ന് വരില്ല. ക്രിയാത്മകതയും തന്ത്രങ്ങളുമെല്ലാം അടക്കിവച്ച അയാളുടെ എല്ലിച്ച കുഞ്ഞു ശരീരത്തെ നിസരവത്കരിക്കരുത്. മൈതാനത്തിലെ അതേ സംയമനത്തോടെ പെരുമാറുന്ന, വെള്ളിവെളിച്ചങ്ങള്ക്കപ്പുറം ജീവിക്കുന്ന ലൂക്ക ഒരു വാര്‍ത്താ ഉത്പന്നമായേക്കില്ല. പക്ഷെ സാവിയും പിര്‍ലോയും ഇനിയെസ്റ്റയുമൊക്കെ അടങ്ങുന്ന എണ്ണപ്പെടാത്തതായ തന്മയത്വമുള്ള ഫുട്ബോള്‍ സൗന്ദര്യങ്ങളുടെ നിരയില്‍ അയാളുണ്ടാകും. ഭയക്കുക, ബോംബുകളെ പ്രതിരോധിക്കാന്‍ പന്ത് തട്ടിക്കളിച്ച കാലുകള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും. കഴുത്തറ്റം മുടിയുള്ള ഈ മധ്യനിര മാന്ത്രികന് റഷ്യയില്‍ കുതിക്കുന്നത് ലോകത്തിന്റെ നെറുകയിലെത്താനാണ്. ‘LM 10’നെ കരുതിയിരിക്കുക !