2018 ഫുട്ബോള്‍ ലോകകപ്പില്‍ നിന്ന് അര്‍ജന്റീന പുറത്തായാല്‍ സൂപ്പര്‍ താരം ലയണല്‍ മെസി വിരമിക്കുമെന്ന് മുന്‍ സഹതാരം പാബ്ലോ സബലെറ്റ. ക്രൊയേഷ്യക്കെതിരെ 3-0ന് ദയനീയമായി തോറ്റതിന് പിന്നാലെയാണ് മുന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍. മെസിയെ ഓര്‍ത്ത് താന്‍ ഖേദിക്കുന്നുവെന്നും 2014ല്‍ ഫൈനലിലെത്തിയ ടീമില്‍ കളിച്ച സബലെറ്റ പറഞ്ഞു.

‘അര്‍ജന്റീനയ്‌ക്ക് വേണ്ടി കളിച്ചൊരു കിരീടം സ്വന്തമാക്കാനുളള അദ്ദേഹത്തിന്റെ അവസാനത്തെ അവസരമായിരുന്നു ഇത്. അത് കൈവിട്ടാല്‍ രാജ്യാന്തര ഫുട്ബോളില്‍ അദ്ദേഹം തുടരുമെന്ന് എനിക്ക് തോന്നുന്നില്ല. ആരാധകരുടെ പ്രതീക്ഷ പേറാന്‍ മെസിക്ക് ഇനി കഴിയില്ല. അദ്ദേഹം വിരമിച്ചാല്‍ അതില്‍ ഞാന്‍ അത്ഭുതപ്പെടില്ല. അത് സംഭവിച്ചേക്കാം’, സബലെറ്റ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ടീമില്‍ നിന്നും ഏറെ പ്രതീക്ഷിച്ച അര്‍ജന്റീന ആരാധകര്‍ ദേഷ്യത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അര്‍ജന്റീന പെണ്‍കുട്ടികളെ പോലെ കരയുകയായിരുന്നു’; ക്രൊയേഷ്യന്‍ താരം സൈം വ്രാസല്‍ജോ

‘ആരാധകര്‍ വളരെയധികം കോപത്തിലാണ്. ഇതല്ല അവര്‍ പ്രതീക്ഷിച്ചത്. ഇത് അവര്‍ ഒരിക്കലും അംഗീകരിക്കില്ല. അര്‍ജന്റീനയില്‍ നിന്നും ഇത്രയും ദാരുണമായ പ്രകടനം ഞാന്‍ മുമ്പ് കണ്ടിട്ടില്ല. ഊര്‍ജ്ജമില്ലാത്ത ടീമിന്റെ ഇതുപോലത്തെ കളി വളരെ വിചിത്രമാണ്’, സബലെറ്റ പറഞ്ഞു.

ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ റണ്ണറപ്പായ അര്‍ജന്റീന തകര്‍ന്നടിഞ്ഞത്. ആന്റേ റെബിക്ക്, ലൂക്കാ മോഡ്രിച്ച്, ഇവാന്‍ റാകിടിച്ച് എന്നിവരാണ് ക്രൊയേഷ്യയുടെ ഗോളുകള്‍ നേടിയത്. ഇതോടെ ലോകകപ്പില്‍ അര്‍ജന്റീനയുടെ മുന്നോട്ടുള്ള വഴി തുലാസിലായി.

ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷമായിരുന്നു മൂന്ന് ഗോളുകളും. ആദ്യത്തേത് ഗോളി വില്ലി കബല്ലെറോയുടെ സമ്മാനം. അതില്‍ താളം തെറ്റിയവരുടെ പോസ്റ്റിലേയ്‌ക്ക് പിന്നീട് സൂപ്പര്‍താരങ്ങളായ ലൂക്ക മോഡ്രിച്ചും ഇവാന്‍ റാക്കിറ്റിച്ചും എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ അടിച്ചുകയറ്റുകയും ചെയ്‌തു.

ഈ തോല്‍വിയോടെ ലോകകപ്പില്‍ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ത്രിശങ്കുവിലായിരിക്കുകയാണ്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. രണ്ട് കളികളും ജയിച്ച ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു കഴിഞ്ഞു.

നൈജീരിയയുമായാണ് അര്‍ജന്റീനയുടെ അടുത്ത കളി. അതില്‍ അവര്‍ ജയിക്കുകയും ഐസ്‌ലന്‍ഡ് അടുത്ത രണ്ട് മൽസരങ്ങളും തോല്‍ക്കുകയോ സമനിലയിലാവുകയോ ചെയ്‌താല്‍ മാത്രമേ അര്‍ജന്റീനയ്‌ക്ക് പ്രതീക്ഷയുള്ളൂ. ഇല്ലെങ്കില്‍ 2002നുശേഷം ഒരിക്കൽകൂടി ഒന്നാം റൗണ്ടില്‍ തന്നെ തോറ്റു മടങ്ങേണ്ടിവരും അവര്‍ക്ക്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook