FIFA World Cup 2018: ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് അറിയപ്പെടാതെ കരിയര്‍ അവസാനിപ്പിക്കേണ്ടി വരുന്ന ഒരുപാട് മെസിയും റൊണാള്‍ഡോയും പോഗ്ബയുമൊക്കെയുണ്ട് ഫുട്ബോളില്‍. ലോകത്തെ എല്ലാ ഭൂപ്രദേശങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ടൂര്‍ണമെന്റ് എന്ന നിലയില്‍ ഇത്തരത്തില്‍ അറിയപ്പെടാതെ പോകുന്നതും ശ്രദ്ധിക്കപ്പെടാതെ പോകുന്നതുമായ ഒട്ടനവധി താരങ്ങളെ ലോകത്തിന്റെ നെറുകയിലെത്തിക്കാനുള്ള വേദി കൂടിയാണ് ഓരോ ലോകകപ്പും. കേട്ട് തഴമ്പിച്ച പാരമ്പര്യ ഫുട്ബോള്‍ ശക്തികള്‍ക്കപ്പുറം പോരാട്ടംകൊണ്ട് ആരാധകരെ ത്രസിപ്പിച്ച പ്രശസ്തരല്ലാത്ത താരങ്ങളുടെത് കൂടിയാണ് ലോകകപ്പ്. അത്തരത്തിലൊരു അത്ഭുതവുമായാണ് ഏഷ്യന്‍ രാജ്യമായ ദക്ഷിണ കൊറിയ ഇത്തവണ റഷ്യയിലെത്തുന്നത്. കൊറിയന്‍ മെസി എന്നറിയപ്പെടുന്ന ഇരുപതുകാരന്‍ ലീ സൂങ് വൂയാണ് ആ അത്ഭുതം.

കൊറിയന്‍ ഫുട്ബോളിന്റെ ഭാവി എന്നാണ് ലോകകപ്പിനായുള്ള ദക്ഷിണ കൊറിയന്‍ സ്ക്വാഡിലെ പത്താം നമ്പറുകാരനെ ഫുട്ബോള്‍ നിരീക്ഷകര്‍ വാഴ്ത്തുന്നത്. കൊറിയയുടെ സീനിയര്‍ ടീമിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാണ് ലീ സൂങ് വൂ. ടോട്ടന്‍ഹാം ഹോട്സ്‌പറിന്റെ സോന്‍ ഹ്യൂന്‍ മിന്‍, മൂന്‍ സിയോന്‍ മിന്‍, കിം ഷിന്‍ വൂക്, ഹ്വാങ് ഹീ ചാങ് എന്നിവരടങ്ങുന്ന മുന്നേറ്റ നിരയിലാണ് ബാഴ്‌സലോണ ബി ടീം അംഗമായിരുന്ന ഈ യുവതുര്‍ക്കി ഇടംനേടിയത്. അനുഭവവും യുവത്വവും നിറഞ്ഞു നില്‍ക്കുന്ന ടീമില്‍ തന്റെ കളിമികവ് ലോകത്തെ അറിയിക്കാനാകും ‘കൊറിയന്‍ മെസി’ എന്ന് വിളിപ്പേരുള്ള കൗമാരക്കാരന്റെ ശ്രമം.

കൊറിയന്‍ മെസി

ലീ സൂങ് വൂയിനെ തേടി കൊറിയന്‍ മെസി എന്ന പേര് വന്നത് യാദൃശ്ചികമല്ല. പന്ത്രണ്ട് വയസുള്ളപ്പോള്‍ പങ്കെടുത്ത ഒരു അന്താരാഷ്ട്ര മത്സരത്തിലാണ് ഈ കൊറിയക്കാരന്‍ ബാഴ്‌സലോണ സെലക്ടര്‍മാരുടെ കണ്ണില്‍ പെടുന്നത്. 2011 മുതല്‍ ബാഴ്‌സലോണ യൂത്തില്‍ കളിച്ച താരം 2016-17 കാലഘട്ടത്തില്‍ ബാഴ്‌സലോണ ബി ടീമിന് വേണ്ടിയും ബൂട്ടണിഞ്ഞു. 2017ല്‍ ഇറ്റാലിയന്‍ സീരിയ ബി ക്ലബായ വെറോണയിലേക്ക് കൂറുമാറിയ താരം പിന്നീട് 2018ല്‍ സീരിയ എയിലും അരങ്ങേറ്റം കുറിച്ചു. ഏത് സമയവും ബാഴ്‌സലോണയിലേക്ക് മടങ്ങിപോകാനുള്ള സാധുത ഉറപ്പിച്ചുകൊണ്ട് മാത്രമാണ് ലീ സുങ് വൂയിനെ ബാഴ്‌സലോണ വിട്ടുനല്കിയത്.

ലീയെ മെസിയുമായി താരതമ്യപ്പെടുത്തുന്നതിന് കാരണങ്ങള്‍ പലതാണ്. കളി ശൈലി തന്നെയാണ് അതില്‍ പ്രധാനം. മെസിയെ പോലെ പന്ത് കാലുകളില്‍ ഒതുക്കിക്കൊണ്ട് പായുന്ന ഈ കൊറിയക്കാരന് ഏതൊരു പ്രതിരോധനിരയെയും നിഷ്പ്രഭമാക്കിക്കൊണ്ട് പന്ത് ഡ്രിബിള്‍ ചെയ്യാനുള്ള മിടുക്കുണ്ട്. അത്ഭുതപ്പെടുത്തുന്ന കൃത്യതയോടെ ഷോട്ട് തുടുക്കാനും ക്ലോസ് ഫിനിഷുകള്‍ കണ്ടെത്താനുമുള്ള സാങ്കേതിക തികവുമുണ്ട്. ഇതോടൊപ്പം ക്രിയാത്മകമായ് അവസരങ്ങള്‍ ഒരുക്കുവാനും മുന്നേറ്റങ്ങള്‍ മെനയാനും സാധിക്കുന്നു എന്നത് കൂടിയാകുമ്പോള്‍ ഒന്നിലേറെ പൊസീഷനുകളില്‍ തിളങ്ങാനുള്ള കെല്‍പ്പുണ്ട് ലീയ്ക്ക്.

പതിവായി വിങ്ങുകളില്‍ കളിക്കുന്ന ലീ സൂങ് വൂ സെക്കണ്ടറി സ്ട്രൈക്കര്‍ ആയും സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായും എത്താറുണ്ട്. അഞ്ചടി എട്ടിഞ്ച് ഉയരമുള്ള ലീയെ പിന്നോട്ടടിക്കുന്ന ഘടകവും മെസിയെപ്പോലെ ഉയരവും കരുത്തുമാണ്. അക്ഷോഭ്യനാകുന്നു എന്നതാണ് ലീ സുങ് വൂവിന് പതിവായി കേള്‍ക്കേണ്ടി വന്നിട്ടുള്ള വിമര്‍ശനം. എതിരാളികള്‍ ആവര്‍ത്തിച്ചു ഫൗള്‍ ചെയ്യുന്നതും ഗോളവസരങ്ങള്‍ നഷ്ടമാകുന്നതുമൊക്കെ ലീയെ പ്രകോപിതനാക്കുന്നതായി മുന്‍ ഹോട്ട്സ്പര്‍ താരവും കൊറിയന്‍ മാനേജറും 2002 ലോകകപ്പിലെ കൊറിയന്‍ ഹീറോയുമായ ലീ യോങ് പ്യോ ഒരിക്കല്‍ ഇത് ചൂണ്ടിക്കാട്ടുകയുണ്ടായി. അദ്ദേഹം പറഞ്ഞത് ശരിയാണ് എന്നും പക്ഷെ അത് തന്റെ മുഖത്ത് നോക്കി പറഞ്ഞിരുന്നു എങ്കില്‍ ഒന്നുകൂടി നന്നാകുമായിരുന്നു എന്നുമായിരുന്നു കൗമാരതാരത്തിന്റെ മറുപടി.

എന്തിരുന്നാലും ഈ തുറന്നടിച്ചുള്ള സംസാരം ലീയ്ക്ക് ആരാധകരെയും സംബാധിച്ചു നല്‍കിയിട്ടുണ്ട്. ലീയെ ‘പട്ടി തീറ്റക്കാരന്‍’ എന്ന് വിശേഷിപ്പിച്ച ഒരു ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനാണ് ആ രോഷം അരിഞ്ഞത്.

“അതൊരു ഒളിയമ്പായിടുന്നു. എന്റെ ഫുട്ബോള്‍ കളിയെ അല്ല. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന വംശത്തെ ലക്ഷ്യം വച്ചുള്ള ഒരു ആക്രമമാണ് അത്. അത്യന്തം അപകീര്‍ത്തിപ്പെടുത്തുന്നതും നാണംകെടുത്തുന്നതുമായ വാക്കുകള്‍ ” ലീ പ്രതികരിച്ചു.

2019ല്‍ ബാഴ്‌സലോണയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ ലീയ്ക്ക് റഷ്യ ഒരു വിളനിലമാകും. കൊറിയന്‍ മെസി എന്ന പേരില്‍ നിന്നും തന്‍റെ പേരില്‍ തന്നെ അറിയപ്പെടാനും തന്റെ കഴിവ് ലോകത്തെ അറിയിക്കാനുമുള്ള ഒരു കൗമാരക്കാരന്റെ വാശി കൂടിയാകുമത്. എന്തിരുന്നാലും ഒന്നുറപ്പാണ്, റഷ്യയില്‍ ദക്ഷിണ കൊറിയയില്‍ കൊറിയയ്ക്ക് ഭാഗ്യം തുണച്ചാലും ഇല്ലെങ്കിലും കൊറിയന്‍ മെസി കണ്ണിന് കുളിര്‍മയുള്ള കാഴ്ച തന്നെയാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook