റഷ്യന്‍ ലോകകപ്പിലെ ശ്രദ്ധാകേന്ദ്രമാണ് കൗമാരതാരമാണ് ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ. നെയ്മറും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും സെമി കാണാതെ പുറത്തായപ്പോള്‍ 19കാരന്‍ റഷ്യന്‍ ലോകകപ്പിലെ മികച്ച താരമായി ഉയര്‍ന്നുവന്നു. മികച്ച നാല് ഗോളുകളാണ് ഇതുവരെയും താരത്തിന്റെ ഗോള്‍നേട്ടം.
19y 207d – Kylian Mbappé is the 2nd youngest player to score in a @FIFAWorldCup final, after Pelé (17y 249d) in 1958 for Brazil. Anointed.#WorldCupFinal #WorldCup #FRA #CRO pic.twitter.com/RAX9fOPWL0
— OptaJoe (@OptaJoe) July 15, 2018
ലോകകപ്പ് ഫൈനലില്‍ ക്രൊയോഷ്യയെ പരാജയപ്പെടുത്തുമ്പോള്‍ നാലില്‍ ഒരു മികച്ച ഗോളും താരം തന്റെ പേരിലാക്കി. കൂടാതെ ഒരു റെക്കോര്‍ഡ് കൂടിയാണ് ലുഷ്കിനി സ്റ്റേഡിയത്തില്‍ എംബാപ്പെ സ്വന്തമാക്കിയത്. 19 വയസും 20 ദിവസവും മാത്രം പ്രായമുളള എംബാപ്പെ ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. 1958ല്‍ ബ്രസീലിനായി ഫൈനലില്‍ ഗോള്‍ നേടിയ പെലെയാണ് ഒന്നാമത്. 17 വയസും 249 ദിവസവും പ്രായമുളളപ്പോഴായിരുന്നു പെലെ ഈ റെക്കോര്‍ഡ് നേടി ഒന്നാം സ്ഥാനത്തെത്തിയത്.
2015 ൽ പതിനാറാം വയസ്സിൽ മൊണാകോയുടെ ഫസ്റ്റ് ടീമിനായി അരങ്ങേറി. അവരുടെ ഫസ്റ്റ് ടീമിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ പഴങ്കഥയാക്കിയത് സാക്ഷാൽ തിയറി ഹെൻറിയുടെ ഇരുപത്തിയൊന്ന് വർഷങ്ങൾ നീണ്ടുനിന്ന റെക്കോർഡ്. അടുത്ത സീസണിൽ ട്രോയെസിനെതിരെ തന്റെ മൊണാക്കോ ജഴ്‌സിയിലുള്ള ആദ്യ ഗോൾ നേടി, ക്ലബ്ബിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോറർ എന്ന ഹെൻറിയുടെ നേട്ടവും സ്വന്തം പേരില്‍ തിരുത്തി. പതിനെട്ടാം വയസ്സിൽ ഫ്രഞ്ച് ദേശീയ ടീമിനായി ബൂട്ടുകെട്ടിയ എംബാപ്പെ ഫ്രഞ്ച് ദേശീയ ടീമിനായി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരവുമാണ്. 2017 സീസണിൽ മൊണാകോയുമായി ലീഗ് 1 കിരീടം നേടിയപ്പോൾ 15 ഗോളുകൾ നേടിയ എംബാപ്പെയുടെ പ്രകടനം നിർണായകമായി. മികച്ച പ്രകടനങ്ങൾക്കുള്ള അംഗീകാരമായി മികച്ച യുവതാരത്തിനുള്ള ഗോൾഡൻ ബോയ് പുരസ്കാരവും എംബാപ്പെയെ തേടിയെത്തി.
കേവലം ഒരു സീസണിന്റെ പ്രകടനം മാത്രം കൊണ്ട് ഈ കൗമാരക്കാരന് വേണ്ടി 180 മില്യൺ യൂറോയോളം മുടക്കിയ പിഎസ്ജിയുടെ നീക്കത്തിൽ നെറ്റിചുളിച്ചവരാണ് അധികവും. എന്നാൽ പിഎസ്ജിക്കായി 44 മൽസരങ്ങളിൽ നിന്നും 21 ഗോളുകൾ നേടി, താൻ ഒരൊറ്റ സീസണിന്റെ അത്ഭുതമല്ല എന്ന് എംബാപ്പെ തെളിയിച്ചു.
കൗമാരക്കാരനെങ്കിലും കളിക്കളത്തിൽ അയാൾ പുലർത്തുന്ന ശാന്തതയെയും പ്രായത്തിലും കവിഞ്ഞ പക്വതയെയും ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംസ് അഭിനന്ദിക്കുന്നുണ്ട്. ടീമിന് ഒരു മുതല്‍കൂട്ടാണ് എംബാപ്പെ എന്ന കണക്കുകൂട്ടലാണ് താരം തെറ്റാതെ കാത്തത്.
സാക്ഷാൽ തിയറി ഹെൻറിയോട് അസാമാന്യ സാമ്യമുള്ള ശൈലിയാണ് എംബാപ്പെയുടേത്. വേഗം, പന്തടക്കം, ഡ്രിബ്ലിങ്, ബോക്‌സിനുള്ളിൽ മികച്ച ഡിസിഷൻ മേക്കിങ്, പൊസിഷനിങ്, ഗോളിന് മുൻപിലെ ശാന്തത, ഇതെല്ലാം സമന്വയിച്ച കളിക്കാരനാണ് എംബാപ്പെ. പന്തുമായി ചാട്ടുളിപോലെ കുതിക്കുന്ന അയാള്‍ എതിർ പ്രതിരോധ താരങ്ങളെ ഡ്രിബ്ലിങ്ങില്‍ മറികടന്ന് മനോഹരമായ ഫിനിഷുകള്‍ കണ്ടെത്തും. ഏറ്റവും നല്ല പൊസിഷനിൽ ഉള്ള സഹതാരത്തിനു പന്ത് മറിച്ചു നൽകും. ചില സമയങ്ങളില്‍ ഹെൻറിയെന്ന മാന്ത്രികനെ അനുസ്‌മരിപ്പിക്കും.