Fifa World Cup 2018: ”ഇതെന്റെ അവസാന ലോകകപ്പാണെന്ന് തോന്നുന്നു,” കസാനിലെ ബേസില്‍ വെള്ളിയാഴ്‌ച പരിശീലനത്തിന് ഇറങ്ങും മുമ്പ് ജപ്പാന്റെ ഇതിഹാസ താരം കിസൂകി ഹോണ്ട പറഞ്ഞ വാക്കുകളാണ്. തന്റെ ആറാം വയസില്‍ പഴയ വിസിആറില്‍ അച്‌ഛന്‍ കാണിച്ചു തന്ന പെലെയുടെ കളി കണ്ടതു മുതല്‍ ഹോണ്ടയുടെ മനസില്‍ കയറിക്കൂടിയതാണ് ലോകകപ്പെന്ന മോഹം. ആ സ്വപ്‌നം നെഞ്ചിലേറ്റി അയാള്‍ ഇത്രയും നാള്‍ പന്തു തട്ടി. 2010 മുതല്‍ ലോകകപ്പിലെത്തുന്ന ജപ്പാന്‍ ടീമില്‍ ഹോണ്ടയുണ്ട്. ഇത് തന്റെ അവസാനത്തേതാണെന്ന് ഹോണ്ട തന്നെ പറയുന്നു.

32 വയസായി. ഇനിയൊരു നാലു കൊല്ലം കൂടി ഇതുപോലെ കളിക്കാന്‍ തനിക്ക് കഴിയുമോ എന്ന് അദ്ദേഹത്തിന് ഉറപ്പില്ല. അതുകൊണ്ടു തന്നെ തന്റെ അവസാന ലോകകപ്പ് അവിസ്‌മരണീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോണ്ട ജപ്പാനില്‍ നിന്നും റഷ്യയിലേക്ക് വണ്ടി കയറിയിരിക്കുന്നത്. എന്റെ ഊര്‍ജം മുഴുവന്‍ ലോകകപ്പില്‍ പുറത്തെടുക്കുമെന്ന് നേരത്തെ തന്നെ ഹോണ്ട പറയുകയും ചെയ്‌തിരുന്നു.

തങ്ങളുടെ ആദ്യ മൽസരത്തില്‍ കരുത്തരായ കൊളംബിയയെയാണ് ജപ്പാന്‍ തകര്‍ത്തത്. ഒരു ലാറ്റിനമേരിക്കന്‍ ടീമിനെതിരെ ആദ്യമായൊരു ഏഷ്യന്‍ വിജയം കൈവരിച്ച മൽസരത്തില്‍ അവസാന 20 മിനിറ്റ് മാത്രമേ ഹോണ്ടയ്‌ക്ക് മൈതാനത്തുണ്ടാകാന്‍ കഴിഞ്ഞുള്ളൂ. 2-1നായിരുന്നു ജപ്പാന്റെ ജയം. രണ്ടാം മൽസരത്തില്‍ ജപ്പാന്റെ എതിരാളികള്‍ സെനഗല്‍. പോളണ്ടിനെ തകര്‍ത്തതതിന്റെ ആവേശവുമായായിരുന്നു അട്ടിമറികള്‍ക്ക് പേരുകേട്ട സെനഗല്‍ എത്തിയത്.

ആരു ജയിക്കുമെന്ന് കണ്ടു തന്നേ അറിയേണമെന്ന് വിലയിരുത്തപ്പെട്ട കളിയില്‍ രണ്ടാം പകുതിയില്‍ പകരക്കാരനായാണ് ഹോണ്ട എത്തിയത്. ഹോണ്ട കളിക്കളത്തിലെത്തുമ്പോള്‍ ജപ്പാന്‍ സെനഗലിനെതിരെ ഒരു ഗോളിന് പിന്നില്‍ നില്‍ക്കുകയായിരുന്നു. തന്റെ അനുഭവ സമ്പത്തും വേഗവും ഒരുപോലെ ടീമിന് കരുത്താക്കി മാറ്റിയ പഴയ എസി മിലാന്‍ താരം കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ജപ്പാനെ ഒപ്പമെത്തിച്ചു. മൽസരത്തിന് മുന്നോടിയായി പറഞ്ഞ വാക്കുകള്‍ അയാള്‍ പാലിച്ചു.

”ഞാന്‍ അനുഭവമുള്ള താരമാണ്. എനിക്ക് ആത്മവിശ്വാസവുമുണ്ട്. സെനഗലിനെതിരെ എന്തു ചെയ്യണമെന്ന് വ്യക്തമായറിയാം.”

ഫ്രീകിക്കുകള്‍ക്കും ആക്രമണത്തിനും പേരുകേട്ട ഹോണ്ട ജപ്പാനുവേണ്ടി ഇതുവരെ 96 മൽസരങ്ങളില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്. 36 ഗോളുകളും നേടിയിട്ടുണ്ട്. ഇതില്‍ ഏഴെണ്ണം ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് പിറന്നത്. അനശ്ചിതത്വം നിറഞ്ഞതായിരുന്നു ഹോണ്ടയുടെ ലോകകപ്പ് യാത്ര.

2015 ല്‍ ജപ്പാന്റെ കോച്ചായെത്തിയ വാഹിദ് ഹാലില്‍ഹോദ്‌സിച്ച് ആദ്യം ചെയ്‌തത് ടീമിനെ ഉടച്ചു വാര്‍ക്കുകയായിരുന്നു. അതില്‍ ഹോണ്ടയടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് അവസരം നഷ്‌ടപ്പെടുന്ന അവസ്ഥയുണ്ടായി. തന്റെ ലോകകപ്പ് മോഹങ്ങള്‍ അവസാനിച്ചെന്നാണ് ഹോണ്ട കരുതിയിരുന്നത്. ഏപ്രിലില്‍ വാഹിദിനെ പുറത്താക്കിയതോടെയാണ് ആ സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ചിറകു മുളച്ചത്.

”ടീമില്‍ എടുക്കാന്‍ വാഹിദ് ആവശ്യപ്പെടുന്ന തരത്തിലുള്ള ഫുട്‌ബോള്‍ കളിക്കുക എന്നത് എന്നെ സംബന്ധിച്ച് നാണക്കേടാണ്,” അന്ന് ഹോണ്ട പറഞ്ഞു. എന്നാല്‍ തനിക്ക് മാറി നിൽക്കേണ്ടി വന്നതില്‍ വിഷമമില്ലെന്നും ഹോണ്ട വ്യക്തമാക്കി.

അക്കിറ നിഷിമോ പുതിയ കോച്ചായി എത്തിയപ്പോള്‍ ജപ്പാന് മുന്നില്‍ തയ്യാറെടുപ്പിന് ആകെയുണ്ടായിരുന്നത് മൂന്ന് മാസമായിരുന്നു.

ഘാനയ്‌ക്കും യോക്കോഹോമയ്‌ക്കും സ്വിറ്റ്‌സര്‍ലൻഡിനും എതിരെ ടീം അമ്പേ പരാജയപ്പെട്ടു. പക്ഷെ പരാഗ്വയ്‌ക്കെതിരെ നേടിയ 4-2 ന്റെ വിജയം നീല സമുറായ്മാര്‍ക്ക് ആത്മിവശ്വാസം പകരുന്നതായി. തന്റെ അവസാന ലോകകപ്പില്‍ നേരത്തെ തന്നെ മടങ്ങനാണ് വിധിയെങ്കില്‍ പോലും താന്‍ നിരാശനാകില്ലെന്ന് ഹോണ്ട പറയുന്നു.

”പെലെ കളിക്കുന്നതിന്റെ വീഡിയോ അച്‌ഛന്‍ കാണിച്ചു തന്നതു മുതല്‍ എന്റെ സ്വപ്‌നമായിരുന്നു ലോകകപ്പ്. അത് മാത്രമായിരുന്നു ലക്ഷ്യം. ഇതെന്റെ മൂന്നാമത്തെ ലോകകപ്പാണ്. അതു തരുന്ന സന്തോഷം ചെറുതല്ല. 32-ാം വയസിലും ഫുട്‌ബോള്‍ കളിക്കാന്‍ സാധിക്കുന്നു എന്നതില്‍ ഞാന്‍ ഒരുപാട് സന്തുഷ്‌ടനാണ്. ലോകകപ്പിന് ശേഷവും യാതൊരു ഖേദവുമുണ്ടാകില്ല. ടീമിന് വേണ്ടി എന്തെങ്കിലും ചെയ്യുകയാണ് ലക്ഷ്യം,” ഹോണ്ട പറയുന്നു.

2010 ലോകകപ്പിലായിരുന്നു ഹോണ്ട തന്റെ പ്രകടനം കൊണ്ട് ശ്രദ്ധേയനായത്. കരുത്തരായ ഡെന്‍മാര്‍ക്കിനും കാമറൂണിനുമെതിരെ നേടിയ ഗോളുകള്‍ ഹോണ്ടയെ ഏഷ്യയുടെ താരമാക്കി മാറ്റുകയായിരുന്നു. 2013 മുതല്‍ എസി മിലാന്റെ താരമായിരുന്നു ഹോണ്ട. ഇന്നലെ സെനഗലിനെതിരെ നേടിയ ഗോളോടെ അദ്ദേഹത്തിന്റെ ലോകകപ്പ് ഗോളുകളുടെ എണ്ണം നാലായി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ഏഷ്യക്കാരനെന്ന നേട്ടവും ഹോണ്ടയുടെ പേരില്‍.

ഇന്ന് അയാള്‍ ജപ്പാന്റെ ഹീറോ ഹോണ്ടയാണ്. മൂന്ന് ലോകകപ്പിലും തങ്ങള്‍ക്ക് വേണ്ടി ഗോള്‍ നേടിയ ഏക താരം. നിര്‍ണ്ണായകമായ മൽസരത്തില്‍ സെനഗലിനെതിരെ പരാജയം മണത്ത ടീമിനെ അതിസുന്ദരമായൊരു ഗോളിലൂടെ ഒപ്പമെത്തിച്ച, തങ്ങളുടെ ലോകകപ്പ് സ്വപ്‌നങ്ങളെ ഊതിക്കാച്ചിയവനാണ്.

അടുത്ത കളിയില്‍ ജപ്പാന്റെ എതിരാളികള്‍ പോളണ്ടാണ്. നിര്‍ണ്ണായകമായ മൽസരത്തില്‍ തന്റെ അനുഭവ സമ്പത്തും അറിവുമെല്ലാം അയാള്‍ പുറത്തെടുക്കുമെന്നുറപ്പാണ്. അയാള്‍ ഓര്‍മ്മ വച്ച കാലം മുതല്‍ കാണുന്ന സ്വപ്‌നമാണ് ലോകകപ്പ്. 2014 ല്‍ ഗോള്‍ നേടിയിട്ടും ഐവറി കോസ്റ്റിനോട് പരാജയപ്പെട്ട് ആദ്യ റൗണ്ടില്‍ തന്നെ കളിയവസാനിപ്പിക്കാനായിരുന്നു ഹോണ്ടയുടെ വിധി. ആ കണക്ക് ഇത്തവണ ഹോണ്ട തീര്‍ക്കുമെന്ന് തന്നെ ജപ്പാന്‍ ആരാധകരും പ്രതീക്ഷിക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Fifa news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ