Portugal vs Iran FIFA World Cup 2018 Highlights: ഫിഫാ ലോകകപ്പിന്റെ ഗ്രൂപ്പ് ബിയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗലിനെ ഏഷ്യന്‍ ശക്തികളായ ഇറാന്‍ സമനിലയില്‍ തളച്ചു. തുടക്കം പോര്‍ച്ചുഗല്‍ ആധിപത്യം നിലനിര്‍ത്തിയ മത്സരത്തില്‍ ക്വരെസ്‌മയാണ് പോര്‍ച്ചുഗലിനുവേണ്ടി ഗോള്‍ നേടിയത്. തൊണ്ണൂറ് മിനുട്ടിന് ശേഷം ലഭിച്ച പെനാല്‍റ്റി കിക്കിലാണ് ഇറാന്‍ സമനില ഗോള്‍ കണ്ടെത്തുന്നത്.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് കാര്യമായ മാറ്റമൊന്നും ഇല്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. പോര്‍ച്ചുഗലുകാരനായ മാനേജര്‍ കാര്‍ലോസ് ക്വീയ്റോസ് പരിശീലിപ്പിക്കുന്ന ഇറാനെതിരായ മത്സരം തുടക്കം മുതല്‍ പറങ്കികള്‍ക്ക് അനുകൂലമായിരുന്നു. പോര്‍ച്ചുഗീസ് മുന്നേറ്റത്തിന് മുന്നില്‍ ഏഷ്യന്‍ രാജ്യത്തിന്റെ പ്രതിരോധം പതറുന്നുണ്ടായിരുന്നു. കഴിഞ്ഞ മത്സരങ്ങളിക്ക് നിന്നും വ്യത്യസ്തമായി മുന്നേറ്റത്തിനൊപ്പം പന്തിന്മേലുള്ള പൊസഷനിലും മുന്നിട്ടുനിന്ന പോര്‍ച്ചുഗല്‍ ഇറാനെ നല്ലപോലെ സമ്മര്‍ദത്തിലാഴ്ത്തി.
ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ പോര്‍ച്ചുഗലിനുവേണ്ടി റിക്കാര്‍ഡോ ക്വരെസ്‌മ ആദ്യ ഗോള്‍ നേടി. ഇടത് വിങ്ങില്‍ നിന്ന് ശരവേഗത്തില്‍ മുന്നേറിയ ബെസിക്റ്റാസിന്റെ താരം ഗോള്‍കീപ്പര്‍ ബീരന്‍വന്ദിന് യാതൊരു അവസരവും നല്‍കാതെ പന്ത് ഇടത് കോര്‍ണറിലേക്ക് പായിക്കുകയായിരുന്നു.
ക്വരെസ്‌മയുടെ ഗോളില്‍ ആദ്യ പകുതി മുന്നിട്ട് നിന്ന പറങ്കികള്‍ രണ്ടാം പകുതിയിലും തുടക്കം മുതല്‍ തങ്ങളുടെ ആധിപത്യം പുറത്തെടുത്തു. അമ്പതാം മിനുട്ടില്‍ ഇറാന്‍ ബോക്‌സിനുള്ളില്‍ വച്ച് പോര്‍ച്ചുഗീസ് നായകന്‍ ഫൗള്‍ ചെയ്യപ്പെടുന്നു. വീഡിയോ റഫറിങ്ങിന് ശേഷം പെനാല്‍റ്റി കിക്ക്. റൊണാള്‍ഡോ എടുത്ത പെനാല്‍റ്റി കിക്ക് ഇറാന്‍ ഗോളി അതുഗ്രമായി സേവ് ചെയ്യുന്നു.
രണ്ടാം പകുതിയില്‍ പറങ്കികളുടെ പടയോട്ടത്തെ ഒരു പരിധിവരെ തടുക്കാന്‍ ഏഷ്യന്‍ കരുത്തര്‍ക്ക് സാധിച്ചു. സൂപ്പര്‍ താരം ക്രിസ്ത്യാനോ രോനാട്ലോ എടുത്ത ഷോട്ടുകള്‍ എല്ലാം ഇറാന്റെ പ്രതിരോധറ്റത്തിലോ ഗോള്‍കീപ്പര്‍ ബീരന്‍വന്ദിന്റെ കൈയിലോ ഒതുങ്ങുകയായിരുന്നു. തൊണ്ണൂറ് മിനുട്ട് കഴിഞ്ഞ് മൂന്ന് മിനുട്ട് അധികസമയം പിന്നിട്ടപ്പോള്‍ നാടകീയമായ വീഡിയോ വിവ്യൂവില്‍ ഇറാന് പെനാല്‍റ്റി കിക്ക്. കരീം എടുത്ത കിക്ക് പോര്‍ച്ചുഗീസ് ഗോളിയെ ഭേദിച്ച് പോസ്റ്റിലേക്ക്.
രണ്ടാം ഗോള്‍ കണ്ടെത്തി പോര്‍ച്ചുഗലിനെ മറികടന്ന് പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം കണ്ടെത്തുക എന്നായിരുന്നു പിന്നീടുള്ള ഇറാന്റെ ശ്രമം. ഇറാന്റെ മറ്റൊരു ശ്രമം പോര്‍ച്ചുഗലിന്റെ സൈഡ്നെറ്റ് വരെയെത്തി. ഒടുവില്‍ സമനിലയുമായി പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലേക്ക്.
നാല് പോയന്റ് നേടിയ പോര്‍ച്ചുഗലിന് തൊട്ടുപിന്നിലായി മൂന്ന് പോയന്‍റോടെ ഇറാന്റെ റഷ്യന്‍ സ്വപ്‌നങ്ങള്‍ അവസാനിച്ചു. സ്പെയിനും പോര്‍ച്ചുഗലും ഒരേ പോയന്റ് ആണ് നേടിയതെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ സ്പെയിന്‍ ഗ്രൂപ്പ് ചാംബ്യന്മാരാകും.