രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചതിന് പിന്നാലെ ആരാധകര്‍ക്കും ടീമിനും നന്ദി പറഞ്ഞ് ഇതിഹാസ താരം ആന്ദ്രേ ഇനിയേസ്റ്റ. ട്വിറ്ററിലെഴുതിയ കത്തിലൂടെയാണ് അദ്ദേഹം നന്ദി പറഞ്ഞത്. തനിക്കൊപ്പം കളിച്ച താരങ്ങള്‍ക്കും പരിശീലകര്‍ക്കും ആരാധകര്‍ക്കുമെല്ലാം അദ്ദേഹം നന്ദി പറഞ്ഞു. 15-ാം വയസില്‍ സ്‌പാനിഷ് ടീമിനൊപ്പം ചേര്‍ന്നതു മുതല്‍ 19 വര്‍ഷം ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് ഇനിയേസ്റ്റയുടെ കത്ത്.

‘നമ്മുടെ ടീമിന്റെ ഏറ്റവും മികച്ച കാലഘട്ടങ്ങളിലൊന്നിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഭാഗ്യമുണ്ട്. എല്ലാ മേഖലയിലും ആ ടീം പകരം വയ്‌ക്കാനില്ലാത്തതായിരുന്നു. കുട്ടിയായിരുന്ന കാലം മുതല്‍ നമ്മളോരുരുത്തരും സ്വപ്‌നം കണ്ടത് നമ്മള്‍ നേടി. മോശം സമയവും ഉണ്ടായിരുന്നു. എന്നെ ഒരു നല്ല ടീം മാന്‍ ആക്കിയതിനും നല്ല ഫുട്‌ബോളര്‍ ആക്കിയതിനും നിങ്ങള്‍ക്കെന്റെ നന്ദി.’ ഇനിയേസ്റ്റ പറയുന്നു.

ഇനിയേസ്റ്റയുടെ കത്തിന്റെ പൂര്‍ണ്ണരൂപം

ഹായ്,

14 വര്‍ഷം മുമ്പാണ് ദേശീയ ടീമിന്റെ ജഴ്‌സി അണിയുന്നത്. അന്നെനിക്ക് 15 വയസായിരുന്നു. ആ നിമിഷം ഞാനിന്നും മറക്കില്ല. എന്റെ രാജ്യത്തിന്റെ നിറങ്ങളെ പ്രതിരോധിക്കുക എന്നത് എന്റെ ജീവിതത്തിലെ സ്വപ്‌നമായിരുന്നു. വളരെ പ്രത്യേകതയുള്ള ഒന്നായിരുന്നു അത്. വെറും സ്വപ്‌നം മാത്രമായിരുന്നില്ല. മഹത്തായൊരു ഉത്തരവാദിത്വമായിരുന്നു. ഇത്രയും നാള്‍ അതിനോട് നീതി പുലര്‍ത്താനാണ് ഞാന്‍ ശ്രമിച്ചത്. ഓരോ നിമിഷവും നിങ്ങളുടെ അഭിമാനത്തിനായി എന്റെ ഏറ്റവും മികച്ചത് പുറത്തെടുത്തു.

നമ്മുടെ ടീമിന്റെ ഏറ്റവും മികച്ച കാലഘട്ടങ്ങളിലൊന്നിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഭാഗ്യമുണ്ട്. എല്ലാ മേഖലയിലും ആ ടീം പകരം വയ്‌ക്കാനില്ലാത്തതായിരുന്നു. കുട്ടിയായിരുന്ന കാലം മുതല്‍ നമ്മളോരുരുത്തരും സ്വപ്‌നം കണ്ടത് നമ്മള്‍ നേടി. മോശം സമയവും ഉണ്ടായിരുന്നു. എന്നെ ഒരു നല്ല ടീം മാന്‍ ആക്കിയതിനും നല്ല ഫുട്‌ബോളര്‍ ആക്കിയതിനും നിങ്ങള്‍ക്കെന്റെ നന്ദി.

ഇത് മാറി നില്‍ക്കേണ്ട സമയമാണ്. എളുപ്പമുള്ള തീരുമാനമായിരുന്നില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാന്‍ ഇതിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു. തുടരാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എന്നും ടീമിന്റെ നന്മയെ കുറിച്ച് മാത്രമേ ചിന്തിച്ചിട്ടുള്ളൂ. നമ്മുടെ ഭാവി ആവേശകരമായിരിക്കും. അതിനു കഴിയുന്ന താരങ്ങളുണ്ട് നമുക്ക്. സര്‍വ്വ പിന്തുണയുമായി ഞാന്‍ ടീമിന് ഒപ്പം തന്നെയുണ്ടാകും. വരാനിരിക്കുന്നത് മനോഹരമായ നാളെയാണെന്നതില്‍ എനിക്ക് സംശയമില്ല. പുതിയ സംഘത്തിന്റെ ക്വാളിറ്റി അത് ഉറപ്പു വരുത്തുന്നതാണ്.

കഴിഞ്ഞ 19 വര്‍ഷം തന്ന പിന്തുണയ്‌ക്കും സ്‌നേഹത്തിനും സ്‌പാനിഷ് ഫെഡറേഷന് എല്ലാ വിധ നന്ദിയും അറിയിക്കുന്നു. എല്ലാ പ്രസിഡന്റുമാര്‍ക്കും മാനേജര്‍മാര്‍ക്കും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. മഹാന്മാരായ പരീശിലകര്‍ക്ക് കീഴില്‍ കളിക്കാന്‍ സാധിച്ചിട്ടുണ്ട്. അവരില്‍ ലൂയിസ് അരഗോണ്‍സിനോട് പ്രത്യേകം നന്ദിയുണ്ട്. എന്റെ അരങ്ങേറ്റം അദ്ദേഹത്തിന് കീഴിലായിരുന്നു. അദ്ദേഹത്തിന്റെ കീഴിലായിരുന്നു യൂറോപ്യന്‍ കിരീടമെന്ന ഞങ്ങളുടെ മോഹം ആദ്യം കീഴടക്കിയത്. എന്നില്‍ വിശ്വസിച്ച എല്ലാവര്‍ക്കും നന്ദി. സ്‌പാനിഷ് ഫുട്‌ബോളില്‍ നല്ല മാറ്റം കൊണ്ടു വന്നവര്‍ക്കും നന്ദി. ലൂയിസ്, വിസെന്റെ, ജുലെന്‍, ഫെര്‍ണാണ്ടോ, യുവാന്‍ സാന്റിയെസ്‌റ്റേബാന്‍, ഇനാകി സെയ്‌സ്, ഉഫാര്‍റ്റെ, ഗിനെസ്, എല്ലാവര്‍ക്കും നന്ദി.

എല്ലാ ആരാധകര്‍ക്കും നന്ദി. നിങ്ങളുടെ സ്‌നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്‌ക്കു നന്ദി. എന്നും ലാ റോഹോയ്‌ക്കൊപ്പം.

ഒടുവിലായി, എന്റെ കുടുംബത്തിനും നന്ദി പറയുന്നു. എന്നും എനിക്കൊപ്പം നിന്നതിന്.

നമ്മളൊരു സ്വപ്‌നത്തിന് പിന്നാലെ പോയാല്‍ അത് നേടിയിരിക്കും.

എല്ലാ വിധ ആശംസകളും

ആന്ദ്രേ ഇനിയേസ്റ്റ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook