FIFA World Cup 2018: കാലങ്ങളായി ഇന്ത്യന്‍ ഫുട്‌ബോള്‍ സ്‌നേഹികള്‍ തങ്ങളുടെ രാജ്യം ലോകകപ്പില്‍ എന്നെങ്കിലും പന്ത് തട്ടുമെന്ന മോഹവുമായാണ് ജീവിക്കുന്നത്. ഇന്ത്യയുടെ ആ സ്വപ്‌നം അടുത്തൊന്നും സത്യമാകില്ലെങ്കിലും ലോകകപ്പ് മൈതാനത്ത് ഒരു ഇന്ത്യക്കാരന്‍ പന്തുമായെത്തിയിരിക്കുകയാണ്. ഋഷി തേജ എന്ന പത്തുവയസുകാരന്‍.

ഇന്ത്യയില്‍ നിന്നുമുള്ള ആദ്യത്തെ മാച്ച് ബോള്‍ കാരിയറായി മാറിയിരിക്കുകയാണ് ഋഷി തേജ്. ബെല്‍ജിയവും പനാമയും തമ്മിലുള്ള മൽസരത്തിന് മുന്നോടിയായി മൈതാനത്ത് പന്തുമായി എത്തിയത് ഋഷിയായിരുന്നു. ലോകമെമ്പാടുമായി ഫിഫ തിരഞ്ഞെടുത്ത 64 കുട്ടികളില്‍ ഒരാളാണ് ഋഷി. ഒഫീഷ്യല്‍ മാച്ച് ബോള്‍ കാരിയര്‍ പ്രൊഗ്രാമിന്റെ ഭാഗമായാണ് ഋഷിയ്‌ക്ക് ഈ സുവർണാവസരം ലഭിച്ചത്.

ഋഷിയ്‌ക്ക് പിന്നാലെ ആന്ധ്രാപ്രദേശുകാരിയായ നതാനിയ ജോണും ബോള്‍ കാരിയറായി എത്തും. ബ്രസീലും കോസ്റ്റാറിക്കയും തമ്മിലുള്ള മൽസരത്തിലാകും നതാനിയ പന്തുമായെത്തുക. ഇതിന് മുമ്പ് ഫിഫ ലോകകപ്പില്‍ ഇന്ത്യയുടെ പ്രതിനിധിയാകാന്‍ ഔദ്യോഗികമായി മറ്റാര്‍ക്കും അവസരം കിട്ടിയിട്ടില്ലെന്നതും ഋഷിയുടേയും നതാനിയയുടേയും സന്തോഷം ഇരട്ടിപ്പിക്കുന്നതാണ്. ഇവര്‍ കൂടാതെ നോയിഡയില്‍ നിന്നുമുള്ള പ്രിയാശരണ്‍ പ്രകാശ്, ഗുഡ്ഗാവ് സ്വദേശി ആദിത്യ ബത്ര, മുംബൈയില്‍ നിന്നുമുള്ള സ്‌കോട്ട് ആഷ്‌ലി റോഡ്രിഗ്വസ് എന്നിവര്‍ക്ക് ലോകകപ്പ് മൽസരങ്ങള്‍ കാണാനും അവസരമുണ്ട്.

ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയാണ് ലോകകപ്പിനുള്ള കുട്ടികളുടെ സംഘത്തെ തിരഞ്ഞെടുത്തത്. കുട്ടികളുടെ കഴിവ് തന്നെ അത്ഭുതപ്പെടുത്തിയെന്നും അവര്‍ ഫുട്‌ബോളിനെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്നും ഛേത്രി പറഞ്ഞു. അതേസമയം, ലോകകപ്പ് കാണാന്‍ പോകുന്ന ഇവരോട് തനിക്ക് അസൂയ തോന്നുന്നുണ്ടെന്നും ഛേത്രി പറഞ്ഞു.

തനിക്ക് കിട്ടിയ അവസരത്തില്‍ തനിക്കുള്ള സന്തോഷം അളക്കാന്‍ കഴിയാത്തതാണെന്നും സ്വപ്‌നമാണെന്നാണ് ഇപ്പോഴും തോന്നുന്നതെന്നുമായിരുന്നു ഋഷിയുടെ പ്രതികരണം. റഷ്യയിലുള്ള ഓരോ നിമിഷവും തനിക്ക് ആസ്വദിക്കണമെന്നും അവന്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ