FIFA World Cup 2018: കൊച്ചി: ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കത്തിന് കിക്കോഫ് വിസില്‍ മുഴങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇത്രയും നാളുകളായി കാല്‍പ്പന്താരാധകര്‍ മനസില്‍ കൊണ്ടു നടന്ന പന്ത് ഇന്ന് മൈതാനത്ത് ഉരുളും. ലോകകപ്പ് ആവേശത്തിലാണ് കേരളവും മലയാളികളും. നാടെങ്ങും ഇഷ്‌ട ടീമിന്റെ ഫ്‌ളക്‌സുകളും ബാനറുകളുമെല്ലാം ഉയര്‍ന്നു കഴിഞ്ഞു.

ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീലിനും അര്‍ജന്റീനയ്‌ക്കും യൂറോപ്യന്‍ ടീമുകളായ സ്‌പെയിന്‍, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, ജര്‍മ്മനി, ഫ്രാന്‍സ്, ബെല്‍ജിയം ടീമുകള്‍ക്കൊക്കെ കേരളത്തില്‍ ഹൃദയം പകുത്ത് നല്‍കാന്‍ വരെ തയ്യാറാകുന്ന ആരാധകരുണ്ട്.

എന്നാല്‍ ആ കൂട്ടത്തില്‍ നിന്നെല്ലാം വ്യത്യസ്‌തമാണ് പാലക്കാട്-മലപ്പുറം അതിര്‍ത്തിയിലെ ഒരു ഗ്രാമം. അവിടെ ഒരു ഫ്‌ളകസ് ഉയര്‍ന്നിട്ടുണ്ട്. അത് കണ്ടവര്‍ പിന്നെയും അതിലേക്ക് നോക്കും. കണ്ടത് ശരിയാണോ എന്നുറപ്പിക്കാന്‍. കാരണം ആ ഫ്‌ളക്‌സ് സൗദി അറേബ്യയ്‌ക്ക് പിന്തുണ അറിയിച്ചു കൊണ്ടുള്ളതാണ്.

ലോകകപ്പില്‍ പറയത്തക്ക നേട്ടമൊന്നുമില്ലാത്ത സൗദി അറേബ്യന്‍ ടീമിനായി ഫ്‌ളക്‌സ് വച്ചിരിക്കുന്നത് 29 കാരനായ മുനീറാണ്. എടത്തനാട്ടുകരയിലെ വെല്ലങ്ങരയിലാണ് സൗദി അറേബ്യയ്‌ക്കായി ഫ്‌ളക്‌സ് ഉയര്‍ത്തിയത്. ‘അന്നവും അഭയവും തന്ന നാടിന്റെ കൂടെയുണ്ടാകും ഞങ്ങള്‍ എന്നും’ എന്ന വാക്കുകളോടെയാണ് സൗദിയുടെ താരങ്ങളെ ഫ്‌ളക്‌സില്‍ അവതരിപ്പിക്കുന്നത്.

Read In English; In this Kerala village, Saudi Arabia football will get a lot of cheer this FIFA World Cup

തങ്ങളുടെ ജീവിതം പടുത്തുയര്‍ത്താന്‍ സൗദി അറേബ്യ എന്ന രാജ്യം നല്‍കിയ സഹായങ്ങളോടുള്ള നന്ദിയാണ് ഇതുപോലൊരു ആശയത്തിലേക്ക് നയിച്ചതെന്ന് മുനീറും ഒപ്പമുള്ള അമ്പതോളം സൗദി ആരാധകരും പറയുന്നു. ”ഞങ്ങളുടെ നാട്ടില്‍ ഒരുപാട് പ്രവാസികളുണ്ട്. മിക്കവരും സൗദിക്കാരാണ്. ഞങ്ങളുടെ ഗ്രാമത്തിലെ വികസനത്തിന്റെ ക്രെഡിറ്റ് സൗദിയില്‍ നിന്നുമുള്ള പണത്തിനാണ്. അതുകൊണ്ടാണ് അവരെ പിന്തുണയ്‌ക്കുന്നത്” മുനീര്‍ പറയുന്നു.

മുനീറും ക്ലബ്ബിലെ അംഗങ്ങളും

സൗദിയില്‍ കടകളും പെട്രോള്‍ പമ്പുകളുമുണ്ട് മുനീറിന്റെ കുടുംബത്തിന്. ലീവിന് നാട്ടിലെത്തിയ മുനീര്‍ സുഹൃത്തുക്കള്‍ക്കൊപ്പം ലോകകപ്പ് കാണാനുള്ള ആവേശത്തിലാണ്. അവസാന ലോകകപ്പ് കണ്ടത് സൗദിയില്‍ വച്ചായിരുന്നു. കളിയുള്ള ദിവസങ്ങളില്‍ ഷോപ്പ് തുറക്കാറില്ല. അത്രയ്‌ക്കുണ്ട് ഫുട്‌ബോള്‍ കമ്പം എന്നാണ് മുനീര്‍ പറയുന്നത്. ലോകകപ്പ് മൽസരങ്ങള്‍ കാണാനായി നാട്ടിലെ ക്ലബ്ബില്‍ വലിയ സ്ക്രീന്‍ തയ്യാറാണെന്നും ആർക്കും വീട്ടിലിരുന്ന് കളി കാണുന്നതില്‍ താല്‍പര്യമില്ലെന്നും മുനീർ പറയുന്നു. 400 ഓളം അംഗങ്ങളുടെ ക്ലബ്ബില്‍.

കൊച്ചു പ്രായത്തില്‍ തന്നെ ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്നവരാണ് തങ്ങളുടെ നാട്ടുകാരെന്നും ഫുട്‌ബോളില്ലാതെ നടക്കാന്‍ പോലും പറ്റില്ലെന്ന് തമാശ രൂപേണ നാട്ടിലെ കുട്ടികളെ കുറിച്ച് ആളുകള്‍ പറയാറുണ്ടെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ നാട്ടില്‍ നിന്നും സന്തോഷ് ട്രോഫിയിലും ഐ ലീഗിലും കളിച്ച താരങ്ങളുമുണ്ടെന്നും മുനീര്‍ ചൂണ്ടിക്കാണിക്കുന്നു.

സൗദിയല്ലെങ്കില്‍ പിന്നേത് ടീം എന്ന ചോദ്യത്തിന് മുനീര്‍ നല്‍കുന്ന ഉത്തരം അര്‍ജന്റീന എന്നാണ്. പക്ഷെ അതിന്റെ കാരണം ചോദിക്കാന്‍ പാടില്ല. കുട്ടിക്കാലം മുതല്‍ മനസില്‍ കേറി പറ്റിയതാണ് അര്‍ജന്റീന. മറഡോണയില്‍ തുടങ്ങിയ സ്‌നേഹം മെസിയില്‍ എത്തി നില്‍ക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook