FIFA World Cup 2018- വോള്‍ഗോഗ്രാഡ്: കരുത്തരായ അർജന്റീനയെ വിറപ്പിച്ച ഐസ്ലൻഡിനെ നൈജീരിയ പരാജയപ്പെടുത്തിയതോടെ മെസ്സി പടക്കാണ് ശ്വാസം വീണത്. രണ്ടാം റൗണ്ടിലേക്ക് അര്‍ജന്റീനയ്ക്ക് കയറണമെങ്കില്‍ ഐസ്ലാന്റിന്റെ പരാജയം നിര്‍ണായകമായിരുന്നു. അർജന്റീനയ്ക്കും ഐസ്ലൻഡിനും ഓരോ പോയിന്റ് വീതമാണുള്ളത്. ജയത്തോടെ നൈജീരിയയാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേയ്ക്ക് കയറിയത്. ക്രൊയേഷ്യയാണ് ഗ്രൂപ്പിൽ മുന്നിൽ.
ഇനി ചൊവ്വാഴ്ച്ച നടക്കുന്ന മത്സരം നൈജീരിയയ്ക്കും അര്‍ജന്റീനയ്ക്കും ജീവന്മരണ പോരാട്ടമാണ്. എന്നാല്‍ അര്‍ജന്റീനയുടെ പ്രതീക്ഷയായ മെസിയുടെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുമെന്നാണ് നൈജീരിയന്‍ സ്ട്രൈക്കര്‍ കിലേച്ചി ഇഹിയാനച്ചോ പറയുന്നത്. റഷ്യയില്‍ തന്റെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മെസ്സിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. തനിക്ക് ഇഷ്ടപ്പെട്ട താരമാണ് മെസിയെന്നും ഇഹിയാനച്ചോ പറയുന്നു.
‘എനിക്ക് മെസിയെ ഇഷ്ടമാണ്. പക്ഷെ ഞങ്ങള്‍ക്കെതിരെയും മെസി മിണ്ടാതിരുന്നോളും. ഇത്ര വലിയൊരു ടീമിനോട് കളിക്കുന്നത് ഞങ്ങള്‍ക്ക് ശരിക്കും ഊര്‍ജ്ജം പകരും. ഐസ്ലാന്റിനെതിരായ വിജയം ഏറെ ആത്മവിശ്വാസം പകരുന്നതാണ്’, ഇഹിയാനച്ചോ പറഞ്ഞു.
പ്രീക്വാർട്ടർ പ്രതീക്ഷകളുമായെത്തിയ ഐസ്ലൻഡിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് നൈജീരിയ പരാജയപ്പെടുത്തിയത്. അഹമ്മദ് മൂസയാണ് നൈജീരിയയുടെ രണ്ടു ഗോളും നേടിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു നൈജീരിയയുടെ ഗോളുകൾ.
ആദ്യപകുതിയിൽ ശക്തമായ ആക്രമണവും പ്രതിരോധവും ഒരുപോലെ നടപ്പാക്കിയ ഐസ്ലൻഡിനെ രണ്ടാം പകുതിയിൽ നൈജീരിയ നിഷ്പ്രഭമാക്കി. 49 ാം മിനിറ്റിൽ മൂസ നേടിയ ഗോളാണ് നിർണായകമായത്. നൈജീരിയൻ ബോക്സിൽനിന്നും അതിവേഗത്തിലുള്ള പ്രത്യാക്രമണം ഗോളിൽ കലാശിക്കുകയായിരുന്നു. മൈതാന മധ്യത്തിൽനിന്നും പന്തുമായി കുതിച്ച വിക്ടർ മോസസ് ബോക്സിന്റെ വലതു മൂലയിൽനിന്നും മൂസയ്ക്കു ക്രോസ് നൽകുന്നു. പന്ത് കാലിൽപിടിച്ച് നിലംതൊടുമുമ്പ് മൂസയുടെ ഹാഫ് വോളി. ഐസ്ലൻഡ് ഗോൾ പോസ്റ്റ് കുലുങ്ങി.
രണ്ടാം ഗോൾ 75 ാം മിനിറ്റിൽ മൂസയുടെ സോളോ റണ്ണിൽനിന്നും പിറന്ന സുന്ദരൻ ഗോളായിരുന്നു. ഐസ്ലൻഡിന്റെ കാരി ആർൻസണിനെ വെട്ടിയൊഴിഞ്ഞ് ബോക്സിലേക്ക് ഓടിക്കയറിയ മൂസ ഗോളിയേയും കബിളിപ്പിച്ച് പന്ത് വലയിലാക്കുകയായിരുന്നു. കളിയുടെ അവസാന നിമിഷം ഐസ്ലൻഡിനു തിരിച്ചുവരാനുള്ള അവസരം ലഭിച്ചെങ്കിലും ഗില്‍ഫി സിഗുറോസൻ പാഴാക്കി. നൈജീരിയയുടെ പെനാൽറ്റി ഏരിയയിൽ അലക്സ് ഇവോബി ഫിന്ബോഗാസനെ വീഴ്ത്തിയതിന് വാറിന്റെ സഹായത്തോടെ കിട്ടിയ പെനാൽറ്റി സിഗുറോസൺ ബാറിന് മുകളിലൂടെ അടിച്ചുപറത്തുകയായിരുന്നു. ഇതോടെ ഐസ്ലൻഡിന്റെ സകലപ്രതീക്ഷകളും അസ്തമിച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook