മോസ്കോ: അർജന്റീനയ്‌ക്ക് ലോകകപ്പ് നേടിക്കൊടുത്ത ഇതിഹാസ താരം ഡീഗോ മറഡോണ ആശുപത്രിയിൽ. ഇന്നലെ നൈജീരിയ്‌ക്ക് എതിരെ 2-1 ന്റെ വിജയം നേടി പ്രീ ക്വാർട്ടർ പ്രവേശനം നേടിയതിന്റെ ആഹ്ലാദപ്രകടനങ്ങൾക്ക് ശേഷം ഇദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥ്യം നേരിട്ടു.

മൽസരം കാണാൻ സ്റ്റേഡിയത്തിലെത്തിയ മറഡോണ അർജന്റീനയുടെ വിജയത്തിന് പിന്നാലെ അശ്ലീല ആംഗ്യം കാണിച്ചിരുന്നു. വിഐപി ഗ്യാലറിയിലായിരുന്ന മറഡോണ ഇതിന് ശേഷം മറ്റൊരാളിന്റെ സഹായത്തോടെ നടക്കുന്നതും ഡോക്‌ടർമാർ പരിശോധിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

മൽസരത്തിന്റെ തുടക്കം മുതലേ വലിയ ആവേശത്തിലായിരുന്ന മറഡോണ, എതിർടീമിനെതിരെ ആക്ഷേപ വാക്കുകൾ ചൊരിഞ്ഞതും ആംഗ്യങ്ങളിലൂടെ അധിക്ഷേപിച്ചതും സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് വഴിവച്ചിട്ടുണ്ട്.

ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് ഇഎസ്‌പിഎൻ റിപ്പോർട്ട് ചെയ്‌തത്. എന്നാൽ രക്തസമ്മർദ്ദം കുറഞ്ഞതാണെന്നും മറഡോണ പിന്നീട് ശാരീരിക ക്ഷമത വീണ്ടെടുത്തുവെന്നും ലാ നാസൻ പത്രം റിപ്പോർട്ട് ചെയ്യുന്നു.

അർജന്റീനയ്‌ക്ക് ലോകകപ്പ് നേടിക്കൊടുത്ത 1986 ലെ സംഘത്തിലെ സ്റ്റാർ ആയിരുന്നു മറഡോണ. അർജന്റീന കണ്ട എക്കാലത്തെയും മികച്ച ഫുട്ബോളറായി അദ്ദേഹത്തെ വാഴ്ത്തുന്നതും ഇക്കാരണത്താലാണ്. റഷ്യയിലെ ലോകകപ്പിൽ അർജന്റീനയുടെ കഴിഞ്ഞ മൂന്ന് മൽസരങ്ങളും കാണാൻ മറഡോണ എത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Fifa news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ