scorecardresearch

ഗോള്‍ഡന്‍ ബോള്‍ ലൂക്കാ മോഡ്രിച്ചിന്; എംബാപ്പെ മികച്ച യുവതാരം

ഗോള്‍ഡന്‍ ബൂട്ട് ഇംഗ്ലണ്ടിന്റെ നായകന്‍ ഹാരി കെയ്‌നാണ്

ഗോള്‍ഡന്‍ ബോള്‍ ലൂക്കാ മോഡ്രിച്ചിന്; എംബാപ്പെ മികച്ച യുവതാരം

മോസ്‌കോ: ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ചിന്. ക്രൊയേഷ്യയുടെ സുവര്‍ണ്ണ തലമുറയെ ലോകകപ്പിന്റെ ഫൈനല്‍ വരെ എത്തിച്ച പ്രകടനത്തിനാണ് മോഡ്രിച്ചിനെ തേടി ഗോള്‍ഡന്‍ ബോള്‍ എത്തിയത്. ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് ഇംഗ്ലണ്ടിന്റെ നായകന്‍ ഹാരി കെയ്‌നാണ്. ആറ് ഗോളുകളാണ് കെയ്ന്‍ ഈ ലോകകപ്പില്‍ നേടിയത്.

ഫ്രാന്‍സിന്റെ 19 കാരന്‍ കിലിയന്‍ എംബാപ്പെയാണ് ലോകകപ്പിലെ മികച്ച യുവതാരം. ഫൈനലിലടക്കം ഗോള്‍ നേടിയ പ്രകടനമാണ് എംബാപ്പെയ്ക്ക് ഈ നേട്ടം നേടി കൊടുത്തത്. ഫൈനലില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ ടീനേജറാണ് എംബാപ്പെ മുമ്പ് ഈ നേട്ടം കൈവരിച്ചത് പെലെയാണ്. ബെല്‍ജിയം തിബോയ് ക്വാട്ടയാണ് മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ ഗ്ലൗ നേടിയത്. ബെല്‍ജിയത്തിനായി ചോരാത്ത കൈകളുമായി പ്രതിരോധ കോട്ടയായി മാറുകയായിരുന്നു ക്വാട്ട. സ്പെയ്നാണ് ഫെയർ പ്ലേയ്ക്കുള്ള പുരസ്കകാരം.

ക്രൊയേഷ്യയെ 4-2 ന് തകര്‍ത്താണ് ഫ്രഞ്ചുപടയുടെ വിജയം. തങ്ങളുടെ ആദ്യ ലോകകപ്പിനിറങ്ങിയ ക്രൊയേ്ഷ്യയ്‌ക്കെതിരെ മത്സരത്തിലുടനീളം ആധ്യപത്യം കാത്തു സൂക്ഷിച്ചാണ് ഫ്രാന്‍സിന്റെ വിജയം.

മാന്‍സുകിച്ചിന്റെ സെല്‍ഫ് ഗോളില്‍ നിന്നുമായിരുന്നു ഫ്രാന്‍സ് ആദ്യം മുന്നിലെത്തിയത്. കളിയുടെ 18ാം മിനുറ്റിലായിരുന്നു മാന്‍സുകിച്ചിലേക്ക് സ്വന്തം പോസ്റ്റിലേക്ക് പന്ത് ഹെഡ്ഡ് ചെയ്യുന്നത്. എന്നാല്‍ 28ാം മിനുറ്റില്‍ തന്നെ പെരിസിച്ച് തിരിച്ചടിച്ചു. ഇരുവരും ഒപ്പത്തിന് ഒപ്പമെത്തിയതോടെ കളി മുറുകി. കൃത്യം പത്ത് മിനുറ്റ് കഴിയുമ്പോള്‍ 38ാം മിനുറ്റില്‍ പെരിസിച്ചിന്റെ പിഴവില്‍ നിന്നും ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഗ്രീസ്മാന്‍ വീണ്ടും ഫ്രാന്‍സിനെ മുമ്പിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയോടെ കളി മാറി. ഒന്നാം പകുതിയില്‍ പിടിച്ച ആധിപത്യം ക്രൊയേഷ്യയ്ക്ക് രണ്ടാം പകുതിയില്‍ പതുക്കെ നഷ്ടമാവുകയായിരുന്നു. പേരുകേട്ട ഗോളി സുഭാഷിച്ചിന്റെ കൈകള്‍ ചോര്‍ന്നു. 59ാം മിനുറ്റില്‍ പോഗ്ബയും 65ാം മിനുറ്റില്‍ എംബാപ്പെയും ക്രോട്ടുകളുടെ നെഞ്ചു തകര്‍ത്ത് ഗോളുകള്‍ നേടുകയായിരുന്നു. തൊട്ട് പിന്നാലെ 69ാം മിനുറ്റില്‍ ഫ്രഞ്ച് ഗോളിയുടെ പിഴവില്‍ നിന്നും മുതലെടുത്ത് മാന്‍സുകിച്ച് ഗോള്‍ നേടിയെങ്കിലും അപ്പോഴേക്കും ക്രൊയേഷ്യ വിജയത്തിന് ഒരുപാട് അകലെയായിരുന്നു.

പക്ഷെ പരാജയത്തിലും തലയുയര്‍ത്തി തന്നെയാണ് ക്രൊയേഷ്യ മടങ്ങുന്നത്. പല വമ്പന്മാരും കടലാസില്‍ മാത്രം കളിച്ചപ്പോള്‍ റഷ്യയിലെ മൈതാനത്തും ആരാധകരുടെ ഹൃദയത്തിലുമാണവര്‍ കളിച്ചത്.

Stay updated with the latest news headlines and all the latest Fifa news download Indian Express Malayalam App.

Web Title: Golden ball goes to luca modric