മോസ്‌കോ: ലോകത്തിന്റെ നെറുകയില്‍ ഫ്രാന്‍സ്. ക്രൊയേഷ്യയെ 4-2 ന് തകര്‍ത്താണ് ഫ്രഞ്ചുപടയുടെ വിജയം. തങ്ങളുടെ ആദ്യ ലോകകപ്പിനിറങ്ങിയ ക്രൊയേ്ഷ്യയ്‌ക്കെതിരെ ആധ്യപത്യം കാത്തു സൂക്ഷിച്ചാണ് ഫ്രാന്‍സിന്റെ വിജയം. ഇതോടെ താരമെന്ന നിലയിലും പരിശീലകനെന്ന നിലയിലും ലോകകപ്പ് ഉയര്‍ത്തുന്ന മൂന്നാമത്തെ വ്യക്തിയായി ഫ്രഞ്ച് ടീം പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് മാറി.
മാന്‍സുകിച്ചിന്റെ സെല്‍ഫ് ഗോളില്‍ നിന്നുമായിരുന്നു ഫ്രാന്‍സ് ആദ്യം മുന്നിലെത്തിയത്. കളിയുടെ 18ാം മിനുറ്റിലായിരുന്നു മാന്‍സുകിച്ചിലേക്ക് സ്വന്തം പോസ്റ്റിലേക്ക് പന്ത് ഹെഡ്ഡ് ചെയ്യുന്നത്. എന്നാല്‍ 28ാം മിനുറ്റില്‍ തന്നെ പെരിസിച്ച് തിരിച്ചടിച്ചു. ഇരുവരും ഒപ്പത്തിന് ഒപ്പമെത്തിയതോടെ കളി മുറുകി. കൃത്യം പത്ത് മിനുറ്റ് കഴിയുമ്പോള്‍ 38ാം മിനുറ്റില്‍ പെരിസിച്ചിന്റെ പിഴവില്‍ നിന്നും ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ഗ്രീസ്മാന്‍ വീണ്ടും ഫ്രാന്‍സിനെ മുമ്പിലെത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയോടെ കളി മാറി. ഒന്നാം പകുതിയില്‍ പിടിച്ച ആധിപത്യം ക്രൊയേഷ്യയ്ക്ക് രണ്ടാം പകുതിയില്‍ പതുക്കെ നഷ്ടമാവുകയായിരുന്നു. പേരുകേട്ട ഗോളി സുഭാഷിച്ചിന്റെ കൈകള്‍ ചോര്‍ന്നു. 59ാം മിനുറ്റില്‍ പോഗ്ബയും 65ാം മിനുറ്റില്‍ എംബാപ്പെയും ക്രോട്ടുകളുടെ നെഞ്ചു തകര്‍ത്ത് ഗോളുകള്‍ നേടുകയായിരുന്നു. തൊട്ട് പിന്നാലെ 69ാം മിനുറ്റില്‍ ഫ്രഞ്ച് ഗോളിയുടെ പിഴവില്‍ നിന്നും മുതലെടുത്ത് മാന്‍സുകിച്ച് ഗോള്‍ നേടിയെങ്കിലും അപ്പോഴേക്കും ക്രൊയേഷ്യ വിജയത്തിന് ഒരുപാട് അകലെയായിരുന്നു.
അവസാന നിമിഷങ്ങളിലേക്ക് എത്തിയതോടെ ഫ്രാന്‍സ് ആക്രമണത്തില്‍ നിന്നും പിന്മാറി പ്രതിരോധത്തില്‍ ഊന്നി കളിക്കുകയായിരുന്നു. ക്രൊയേഷ്യ ചില ശ്രമങ്ങളെല്ലാം നടത്തിയെങ്കിലും വിജയം കണ്ടില്ല. പക്ഷെ പരാജയത്തിലും തലയുയര്‍ത്തി തന്നെയാണ് ക്രൊയേഷ്യ മടങ്ങുന്നത്. പല വമ്പന്മാരും കടലാസില്‍ മാത്രം കളിച്ചപ്പോള്‍ റഷ്യയിലെ മൈതാനത്തും ആരാധകരുടെ ഹൃദയത്തിലുമാണവര്‍ കളിച്ചത്.